തൃശൂർ: കേരളീയ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായാണ് ഈ വേദിയിൽ നിൽക്കുന്നതെന്ന് ബിജെപിയുടെ സ്ത്രീശക്തി സംഗമത്തിൽ നടി ശോഭന. ഇത്രമാത്രം പെണ്ണുങ്ങളെ തന്റെ ജീവിതത്തിൽ കാണുന്നതെന്ന് അദ്യമായാണെന്നും ശോഭന പറഞ്ഞു.

എല്ലാ മേഖലകളിലും ഇന്നും സ്ത്രീകളുടെ പങ്കാളിത്തം കുറവാണ്. അതിന് ഒരു മാറ്റം ഉണ്ടാകാൻ വനിത സംവരണബില്ലിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു ശകുന്തളാ ദേവിയും ഒരു കൽപ്പന ചൗളയും ഒരു കിരൺ ബേദിയും മാത്രമാണ് നമുക്കുള്ളത്. അതിന് മാറ്റമുണ്ടാകുമെന്നും ശോഭന പറഞ്ഞു

സ്ത്രീകളെ ദേവതമാരായി ആരാധിക്കുന്നവരാണ് നമ്മൾ. എന്നാൽ പലയിടത്തും അവരെ അടിച്ചമർത്തുന്നത് കാണാനാവും. കഴിവും നിശ്ചയദാർഢ്യമുള്ള ആകാശത്തേക്ക് ആദ്യത്തെ ചുവട് വയ്പ് ആവട്ടെ വനിതാ സംവരണ ബിൽ. ബിൽ പാസാക്കിയ മോദിക്ക് നന്ദി. ഭാരതീയനെന്ന നിലയിൽ ഏറെ പ്രതീക്ഷയോടെയാണ് ഈ ബില്ലിനെ കാണുന്നത്. മോദിക്കൊപ്പം വേദി പങ്കിടാൻ അവസരം തന്നതിൽ നന്ദിയെന്നും ശോഭന പറഞ്ഞു.

വനിതാ സംവരണബിൽ പാസാക്കിയ പ്രധാനമന്ത്രിക്ക് അഭിനന്ദനമറിയിക്കുയാണ് സമ്മേളനത്തിന്റെ പ്രധാന അജണ്ട. പ്രധാനമന്ത്രിയുടെ തൃശൂർ സന്ദർശനം സംസ്ഥാന രാഷ്ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വഴിത്തിരിവാകും എന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.

മഹിളാ സമ്മേളനത്തിലെ താരസാന്നിധ്യം മലയാളസിനിമയിൽ പകരംവയ്ക്കാനില്ലാത്ത നടിമാരിൽ ഒരാളായ ശോഭനയാണ്. നർത്തകി എന്നറിയപ്പെടാൻ കൂടുതൽ ഇഷ്ടപ്പെടുന്ന കലാകാരിയാണ് ശോഭന. 2020ൽ റിലീസ് ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലാണ് ശോഭന അവസാനം പ്രത്യക്ഷപ്പെട്ടത്