- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭാപ്രതിനിധികളും ഹിന്ദു സംഘടനകളും ഞാൻ സ്ഥാനാർത്ഥിയാകണമെന്ന് ആഗ്രഹിക്കുന്നുണ്ട്
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണായത്തിലേക്ക് കടക്കുകയാണ് ബിജെപിയും. തൃശ്ശൂരിൽ സുരേഷ്ഗോപി മത്സരിക്കുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. കൂടാതെ മറ്റു സീറ്റുകളിലേക്കും സ്ഥാനാർത്ഥികളെ പരിഗണിച്ചു വരികയാണ്. പത്തനംതിട്ടയിൽ ഗോവ ഗവർണർ പിഎസ് ശ്രീധരൻ പിള്ളയെ സ്ഥാനാർത്ഥിയാക്കാനാണ് നീക്കമെന്ന വിധത്തിൽ വാർത്തകൾ പുറത്തുവരുന്നുണ്ട്. പിള്ളയ്ക്കും ഈ താൽപ്പര്യം ഉണ്ടെന്നാണ് പുറത്തുവരുന്ന സൂചനകൾ. ഇത് ശരിവെക്കുന്ന വിധത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, പാർട്ടിയിൽ നിന്നും തന്നെയാരും സമീപിച്ചിട്ടില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കുന്നു.
പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകാൻ തന്നെയാരും സമീപിച്ചിട്ടില്ലെന്നും അക്കാര്യം ആരോടും സംസാരിച്ചിട്ടില്ലെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. ശ്രീധരൻപിള്ള ഗവർണർസ്ഥാനം രാജിവെച്ച് പത്തനംതിട്ടയിൽ മത്സരിക്കുമെന്ന് ചില മലയാളം ചാനലുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തെക്കുറിച്ച് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
"പത്തനംതിട്ടയിലെ ക്രൈസ്തവസഭാ പ്രതിനിധികൾ ഇങ്ങനെയൊരു ആവശ്യം ഡൽഹിയിൽപോയി ഉന്നയിച്ചുവെന്ന് കേട്ടു. പ്രധാന ഹിന്ദുസംഘടനകളും അത് ആഗ്രഹിക്കുന്നുണ്ട്. എന്നാൽ ഞാൻ പത്തനംതിട്ടയിൽ മത്സരിക്കണമെന്ന് ഇതുവരെ എന്റെ പാർട്ടിയിലെ പഴയകാല സഹപ്രവർത്തകർ ആരും ആവശ്യപ്പെട്ടിട്ടില്ല. ഗവർണർക്ക് രാഷ്ട്രീയമില്ല. ജീവിതത്തിൽ ഇന്നുവരെ ഏതെങ്കിലും പാർട്ടിസ്ഥാനമോ അധികാരപദവിയോ വേണമെന്ന് ആരോടും ഞാൻ ആവശ്യപ്പെട്ടിട്ടില്ല. എന്റെ പ്രസ്ഥാനം നിർദേശിക്കുന്ന കാര്യങ്ങൾ അനുസരിച്ചിട്ടേയുള്ളൂ" - പിള്ള പറഞ്ഞു.
ഗവർണർ സ്ഥാനമൊഴിഞ്ഞാൽ സജീവരാഷ്ട്രീയത്തിലേക്ക് മടങ്ങുമോ എന്ന ചോദ്യത്തിന് ഇത്തരം സാങ്കല്പികചോദ്യങ്ങൾക്ക് താൻ എന്ത് മറുപടി പറയാനാണെന്നായിരുന്നു ചിരിച്ചുകൊണ്ട് ശ്രീധരൻ പിള്ളയുടെ മറുചോദ്യം. അതേസമയം കേരളത്തിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പട്ടിക ബിജെപി അടുത്ത ദിവസങ്ങളിൽ തന്നെ പ്രഖ്യാപിക്കുമെന്നാണ് സൂചന. ഈമാസം 27ന് തിരുവനന്തപുരത്തു പ്രധാനമന്ത്രി പങ്കെടുക്കുന്ന പദയാത്രാ പരിപാടിയുടെ വേദിയിൽ സ്ഥാനാർത്ഥികളെ അവതരിപ്പിക്കാനാണു ശ്രമം. ഇതിന്റെ ഭാഗമായി കേരള നേതാക്കളുമായി ഇന്ന് കേന്ദ്രനേതൃത്വം ചർച്ച നടത്തും.
തിരുവനന്തപുരത്ത് ആര് സ്ഥാനാർത്ഥിയാകുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. നടി ശോഭനയുടെയും നിർമ്മാതാവ് സുരേഷ്കുമാറിന്റെയും അടക്കം പേരുകൾ പാർട്ടി പരിഗണിക്കു്നുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങൽ, കൊല്ലം, പത്തനംതിട്ട, പാലക്കാട്, എറണാകുളം, തൃശൂർ, മലപ്പുറം, കോട്ടയം, ചാലക്കുടി മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയെങ്കിലും ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കും. പത്തനംതിട്ടയിൽ പി.സി.ജോർജ്, ഷോൺ ജോർജ് എന്നീ പേരുകൾക്കൊപ്പമാണ് ശ്രീധരൻ പിള്ളയുടെ പേരും ഉയർന്നു വന്നത്. പി.എസ്.ശ്രീധരൻപിള്ളയാണ് നല്ലതെന്ന അഭിപ്രായവും ചില നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈ സാധ്യതകൾ പാർട്ടി പരിശോധിക്കുന്നുണ്ട്.