- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം വികൃതമായി; അത് തിരുത്താതെ കേരളീയവും മണ്ഡല സദസ്സും കൊണ്ട് ഒരുകാര്യവുമില്ല; രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം ഒന്നും ചെയ്തില്ല; സിപിഐ മന്ത്രിമാരുടെ ഓഫീസുകളിലും ഒന്നും നടക്കുന്നില്ല; സിപിഐ നേതൃയോഗത്തിൽ രൂക്ഷ വിമർശനം
തിരുവനന്തപുരം: സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ സിപിഐയുടെ രൂക്ഷ വിമർശനം. സർക്കാരിന്റേയും മുഖ്യമന്ത്രിയുടേയും മുഖം വികൃതമായെന്നും അത് തിരുത്താതെ മുന്നോട്ടു പോയിട്ട് കാര്യമില്ലെന്നും സംസ്ഥാന കമ്മിറ്റിയിൽ നേതാക്കൾ അഭിപ്രായപ്പെട്ടു. കേരളീയവും മണ്ഡല സദസ്സും കൊണ്ട് കാര്യമില്ല. രണ്ടാം പിണറായി സർക്കാർ രണ്ടര വർഷം ഒന്നും ചെയ്തില്ല. ഈ സാഹചര്യത്തിൽ മന്ത്രിമാർ മണ്ഡലം സദസ്സിന് പോയിട്ട് ഒരു കാര്യവുമില്ലെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.
നേതൃയോഗത്തിൽ സിപിഐ മന്ത്രിമാർക്കെതിരേയും വിമർശനം ഉയർന്നു. സിപിഐ മന്ത്രിമാരുടെ ഓഫീസുകളിൽ ഒന്നും നടക്കുന്നില്ല. പട്ടിക്കുഞ്ഞു പോലും ഓഫീസുകളിൽ തിരിഞ്ഞു നോക്കുന്നില്ല. പാർട്ടി നേതൃത്വം ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കി. റവന്യൂ, കൃഷി മന്ത്രിമാർ ഒരിക്കലും സ്ഥലത്തുണ്ടാകാത്ത സ്ഥിതിയാണ്. മന്ത്രിമാർ ഒന്നും ചെയ്യാതെ തോന്നുംപോലെ പ്രവർത്തിക്കുകയാണെന്നും വിമർശനം ഉയർന്നു. മാങ്കോട് രാധാകൃഷ്ണനാണ് ഈ വിമർശനം ഉന്നയിച്ചത്.
സർവത്ര അഴിമതിയെന്നും യോഗത്തിൽ ആക്ഷേപമുയർന്നു. സർക്കാരിനെ നിയന്ത്രിക്കുന്നത് ഭൂമി- ക്വാറി മാഫിയയാണെന്നും കോർപ്പറേറ്റ് സംഘത്തിന്റെ പിടിയിലാണ് സർക്കാരെന്നും വിമർശനമുണ്ടായി. പൗരപ്രമുഖരെയല്ല, മറിച്ച് മുന്നണിയെ ജയിപ്പിച്ച സാധാരണക്കാരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത്.
സർക്കാരിന്റേയും പാർട്ടിയുടെയും വസ്ത്രാക്ഷേപം നടക്കുന്നുണ്ടെന്ന് യോഗത്തിൽ അജിതുകൊളാടി അഭിപ്രായപ്പെട്ടു. പാഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്പോൾ അനങ്ങാതിരുന്ന പാണ്ഡവരെ പോലെയാകരുത് പാർട്ടി നേതൃത്വം. ധർമ്മ സംരക്ഷണത്തിന് വിദുരരായി മാറണം. സിപിഐ നേതൃത്വം പടയാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാരിന്റെ പോരായ്മകളും 'ഉമ്മൻ ചാണ്ടി പിണറായി' താരമതമ്യവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ വൻതിരിച്ചടിക്കു കാരണമായതായി സിപിഐ സംസ്ഥാന കൗൺസിൽ യോഗത്തിൽ വിമർശനം ഉയർന്നിരുന്നു. പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റിയുടെ വിലയിരുത്തൽ സംസ്ഥാന സെന്റർ റിപ്പോർട്ടിൽ ഒഴിവാക്കിയതും വിമർശന വിധേയമായി.
പരാജയം ഇത്ര കനത്തത് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ വികാരം കൂടി പ്രതിഫലിച്ചതു കൊണ്ടാണെന്നു ജില്ലാ കമ്മിറ്റി വിലയിരുത്തി. 5000 വോട്ടിന്റെ ഭൂരിപക്ഷമേ ചാണ്ടി ഉമ്മൻ നേടൂ എന്നായിരുന്നു പാർട്ടിയുടെ കണക്ക്. മുഖ്യമന്ത്രിയായിരിക്കെ ഒരു എസ്‌കോർട്ടും ഇല്ലാതെ ഉമ്മൻ ചാണ്ടി സഞ്ചരിച്ച മണ്ഡലത്തിൽ വൻസുരക്ഷയോടെ പിണറായി വിജയൻ എട്ടു യോഗങ്ങളിൽ പങ്കെടുക്കാനെത്തിയതു ജനങ്ങൾക്കു താരതമ്യത്തിന് അവസരം നൽകി. സർക്കാരിന്റെ പല നിലപാടുകളും നയങ്ങളും ജനത്തെ എതിരാക്കി. പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പ്രഖ്യാപിച്ചത് അബദ്ധമായെന്നു സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടി.
കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ സിപിഎം നേതൃത്വം പ്രതിക്കൂട്ടിൽ നിൽക്കുന്നതിന്റെ ബാധ്യത സിപിഐ ഏറ്റെടുക്കേണ്ടതില്ലെന്നും അഭിപ്രായം ഉയർന്നു. കരുവന്നൂർ തട്ടിപ്പ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ സിപിഐ മത്സരിക്കുന്ന തൃശൂരിലെ സാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന വിമർശനവും പ്രതിനിധികൾ പങ്കുവച്ചു. തിരുവനന്തപുരം കാട്ടാക്കടയിൽ പാർട്ടി ഭരിക്കുന്ന കണ്ടല ബാങ്കിലെ വൻക്രമക്കേടിൽ സംസ്ഥാന നേതൃത്വത്തിനു ജാഗ്രതക്കുറവുണ്ടായി. മുന്നണിയിലെ തിരുത്തൽ ശക്തിയായിരുന്ന പാർട്ടിയുടെ ആ സ്ഥാനം നഷ്ടപ്പെട്ടു മുഖം ഇല്ലാതായി.




