തിരുവനന്തപുരം: എകെ ആന്റണിയുടെ വിമർശനം ഏറ്റു. പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി യാതൊരു തർക്കവുമില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പ്രഖ്യാപിച്ചു. അന്ന് താൻ ആദ്യം സംസാരിച്ചോളാമെന്ന് പറഞ്ഞുവെന്ന് മാത്രമേയുള്ളുവെന്നും അതിൽ ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമില്ലെന്നും സുധാകരൻ പറഞ്ഞു. പുതുപ്പള്ളി തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന വാർത്താ സമ്മേളനത്തിലെ മൈക്ക് വിവാദം സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇനി മാധ്യമങ്ങളുടെ ഈ കോല് കാണുമ്പോൾ സൂക്ഷിച്ചേ സംസാരിക്കുവെന്നും ചിരിപടർത്തി സുധാകരൻ പ്രതികരിച്ചു. ഇത് ആന്റണിയുടെ വിമർശനത്തിനുള്ള മറുപടിയാണ്.

'ഞങ്ങൾ തമ്മിൽ ഒരു തർക്കവുമില്ല. നിങ്ങൾ ആ കോലും കൊണ്ട് അവിടെവച്ചിട്ട് ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ചെറിയൊരു കാര്യം പറഞ്ഞത് എടുത്ത് വാർത്തയിട്ടിട്ട് ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസം ഉണ്ടെന്ന് പറയുകയാ. ഞങ്ങൾ തമ്മിൽ അഭിപ്രായവ്യത്യാസമൊന്നുമില്ല. നല്ല സനേഹത്തിലാണ് ഇപ്പോഴും. ഇന്നലെവരെയും ഞങ്ങൾ ഒരുമിച്ച് ഒരുപാട് മണിക്കൂറുകൾ ഇരുന്ന് സംസാരിച്ചതാണ്. അന്ന് ആദ്യം ഞാൻ സംസാരിച്ചോളാമെന്ന് പറഞ്ഞു, അത്രയേയുള്ളു. നിങ്ങൾ ഈ കോലും കൊണ്ടുവെച്ച് കണക്ഷൻ കൊടുത്തിട്ട് നിൽക്കുവാന്ന് ഞാൻ അറിയില്ലല്ലോ. അല്ലെങ്കിൽ ഞാൻ ഇത് അവിടുന്ന് പറയുമോ', സുധാകരൻ പറഞ്ഞു.

സതീശനോട് വെറുപ്പുണ്ടെങ്കിൽ അദ്ദേഹത്തെ അഭിനന്ദിച്ച് അന്നത്തെ വാർത്താ സമ്മേളനത്തിൽ താൻ സംസാരിക്കുമോ എന്നും സുധാകരൻ ചോദിച്ചു. തന്റെ മനസ്സിൽ ഒന്നുമില്ലെന്നതിന്റെ തെളിവല്ലേ അതെന്നും സുധാകരൻ കൂട്ടിച്ചേർത്തു. ഈ സംഭവത്തിൽ വലിയ വിമർശനം ആന്റണി കെപിസിസി യോഗത്തിൽ ഉയർത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സുധാകരന്റെ മറുപടിയും ശ്രദ്ധേയമാകുന്നത്. കെപിസിസി നേതൃയോഗത്തിൽ കെ. സുധാകരനും വി.ഡി. സതീശനുമെതിരേ തുറന്നടിച്ച് എ.കെ. ആന്റണി വലിയ വിമർശനമാണ് ഉയർത്തിയത്. പാർട്ടി പുനഃസംഘടന തന്നിഷ്ടക്കാരെ നിയമിക്കാനുള്ള അവസരമായി കാണേണ്ടെന്ന് കെ.സി. വേണുഗോപാലും മുന്നറിയിപ്പ് നൽകി.

''പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റുമാണ് പാർട്ടിയിൽ ഐക്യം കാണിക്കേണ്ടത്, പുതുപ്പള്ളിയിൽ കണ്ട പരസ്യമായ അനൈക്യത്തെ ചൂണ്ടിയായിരുന്നു എ.കെ. ആന്റണിയുടെ പ്രതികരണം. പാർട്ടിയുടെ നേതൃത്വം എന്നാൽ സുധാകരനും സതീശനുമാണ്. ഇരുവരുമാണ് ഐക്യം കൊണ്ടുവരേണ്ടത്. അതില്ലെങ്കിലും അണികളെ ബോധ്യപ്പെടുത്താനെങ്കിലും കഴിയണം''-അദ്ദേഹം പറഞ്ഞു. പ്രവർത്തകരുടെ വികാരം ഉൾക്കൊണ്ടു പ്രവർത്തിക്കുമെന്നും ഉത്തരവാദിത്വത്തിൽ ഭംഗം വരുത്തില്ലെന്നും വി.ഡി. സതീശൻ യോഗത്തിൽ പറഞ്ഞു. ആന്റണിയുടെ വാക്കുകൾ ഉപദേശമായി കണ്ടാൽ മതിയെന്നായിരുന്നു ഇന്നലെത്തെ വാർത്താസമ്മേളനത്തിൽ കെ. സുധാകരന്റെ മറുപടി.

സർക്കാരിനെതിരായ പ്രചാരണ പരിപാടികൾക്കായി ഈ മാസം 19 മുതൽ കോൺഗ്രസ് മേഖലാ പദയാത്രകൾ തുടങ്ങാൻ നേതൃയോഗത്തിൽ തീരുമാനമായി. ജില്ലാതല കൺവെൻഷനുകളും വിളിക്കും. ജനുവരി പകുതിയോടെയാവും കെ. സുധാകരന്റെ കേരളയാത്ര. നേതാക്കൾക്ക് സ്വാധീനമുള്ള ജില്ലയിൽ സ്വന്തക്കാരെ മണ്ഡലം പ്രസിഡന്റുമാരാക്കുന്ന രീതി ശരിയല്ലെന്ന് ഭാരവാഹിയോഗത്തിൽ കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. പുനഃസംഘടനയിൽ നേതാക്കൾ ബലം പിടിക്കേണ്ട കാര്യമില്ലെന്നും തറപ്പിച്ച് അദ്ദേഹം വ്യക്തമാക്കി.