ചെങ്ങന്നൂർ : മുതിർന്ന നേതാവ് ജി സുധാകരൻ വീണ്ടും പൊതു വേദികളിൽ സജീവമാകുന്നത് തലവേദനയെന്ന തിരിച്ചറിവിൽ സിപിഎമ്മിലെ ഒരു വിഭാഗം. പാർട്ടിയെ പ്രതിസന്ധിയിലാക്കും വിധം സുധാകരൻ നടത്തുന്ന വിമർശനങ്ങളാണ് ഇതിന് കാരണം. സിപിഎം നേതൃത്വത്തിന് കൊള്ളുന്ന തരത്തിലാണ് പല ഇടപെടലുകളും. എംടി വാസുദേവൻ നായരെ വിമർശിക്കരുതെന്ന് സിപിഎം നിലപാടിനെ പോലും സുധാകരൻ മുഖവിലയ്‌ക്കെടുത്തില്ല. എംടിയെ പൊതുവേദിയിൽ വിമർശിച്ചു. ഇത്തരം ഇടപെടലുകളെ സംശയത്തോടെയാണ് സിപിഎമ്മിലെ ഒരു വിഭാഗം കാണുന്നത്.

രാഷ്ട്രീയത്തിലുള്ളവർക്കും അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർക്കും വേണ്ടത് സ്വഭാവശുദ്ധിയാണെന്ന് മുൻ മന്ത്രി ജി. സുധാകരൻ പറഞ്ഞതും പാർട്ടിക്കുള്ള വിമർശനമാണ്. ചെങ്ങന്നൂർ സർഗവേദി, മുൻ എംഎ‍ൽഎ. കെ.കെ. രാമചന്ദ്രൻ നായരെ അനുസ്മരിക്കാൻ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയത്തിലുള്ളവരുടെ ലക്ഷ്യം സ്ഥാനമാനങ്ങളും പ്രോട്ടക്കോളുമാണ്. പ്രോട്ടക്കോൾ സർക്കാർ പരിപാടികളിൽ മാത്രമുള്ളതാണെന്നും സുധാകരൻ ഈ യോഗത്തിൽ പറഞ്ഞു. ചെങ്ങന്നൂരിലെ സിപിഎം പ്രമുഖനായ രാമചന്ദ്രൻ നായരുടെ അനുസ്മരണത്തിൽ സുധാകരൻ എങ്ങനെ എത്തിയെന്നതും പരിശോധിക്കും. ഏതായാലും സുധാകരന് വേദികൾ അനുവദിക്കുന്നതിൽ പലവട്ടം ആലോചിക്കണമെന്ന് അടുപ്പക്കാർക്ക് സിപിഎമ്മിലെ ഒരുവിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്.

ആലപ്പുഴയിൽ മന്ത്രി സജി ചെറിയാൻ പിടിമുറുക്കിയതോടെ ജി സുധാകരന് പ്രസക്തി കുറഞ്ഞു. സിപിഎം സംസ്ഥാന സമിതിയിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെ സുധാകരൻ കുറച്ചു കാലം പൊതു പരിപാടികളിൽ അത്ര സജീവവുമായിരുന്നില്ല. എന്നാൽ ഈയിടെയായി പല പരിപാടികൾക്കും എത്തുന്നു. സജി ചെറിയാന്റെ തട്ടകമാണ് ചെങ്ങന്നുൂർ അവിടേയും സുധാകരൻ എത്തി. എംടിയുടെ വിഷയത്തിലും സുധാകരനെതിരെ രംഗത്തു വ്ന്നത് സജി ചെറിയാനാണ്. അതുകൊണ്ട് തന്നെ സുധാകരന്റെ ഇടപെടലുകൾ സജി ചെറിയൻ അനുകൂലികൾ ഗൗരവത്തോടെ കാണുന്നു. കഴിഞ്ഞ ദിവസം പ്രസവ ശസ്ത്ര ക്രിയയ്ക്കിടെ ഫാർമസിസ്റ്റ് മരിച്ചിരുന്നു. ഇത് വിവാദമായി. ഈ വീട്ടിലും സുധാകരൻ എത്തി.

സജീവ രാഷ്ട്രീയത്തിൽ താനുണ്ടാകുമെന്ന സൂചനയാണ് സുധാകരൻ നൽകുന്നത്. ചെങ്ങന്നൂരിലെ രാമചന്ദ്രൻ നായരുടെ അനുസ്മരണ ചടങ്ങിലും ഒളിയമ്പാണ് സുധാകരൻ ഉയർത്തിയത്. ഒരു സംസ്‌കാരികസ്ഥാപനത്തിന്റെ ഉദ്ഘാടനത്തിന് അതിനെക്കുറിച്ച് ഒന്നുമറിയാത്ത നേതാക്കൾക്കാണ് പരിഗണന. സ്ഥാപനം പടുത്തുയർത്താൻ കഷ്ടപ്പെട്ട സാംസ്‌കാരികപ്രവർത്തകന് അവിടെ പരിഗണനയില്ല. പണ്ട് ഇങ്ങനെയായിരുന്നില്ല. സംസാരിക്കാൻ ഒഴിഞ്ഞുക്കൊടുക്കുമായിരുന്നു. ഈ സാഹചര്യത്തിലാണ് കെ.കെ. രാമചന്ദ്രൻ നായരുടെ മഹത്ത്വം തിരിച്ചറിയേണ്ടത്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ കൈമുതൽ സ്വഭാവശുദ്ധിയായിരുന്നു-ഇതായിരുന്നു സുധാകരന്റെ പ്രസംഗം.

രാഷ്ട്രീയത്തെ വഴിതെറ്റിക്കുന്നത് പൊളിറ്റിക്കൽ ക്രമിനൽസാണ്. ഇവർ തോളിലിട്ടു പറഞ്ഞുകൊടുക്കുന്ന കാര്യങ്ങളാണ് മാധ്യമങ്ങളിൽ പലപ്പോഴും വരുന്നത്. സാമൂഹികവിമർശനങ്ങളെ തകർക്കുന്ന മാധ്യമസംസ്‌കാരമാണ് ഇപ്പോഴുള്ളത്. പറയാത്ത കാര്യങ്ങളാണ് അച്ചടിച്ചുവരുന്നത്. എല്ലാ മാധ്യമപ്രവർത്തകരും ഇങ്ങനെയാണെന്ന അഭിപ്രായം തനിക്കില്ല. എന്നാലും ഈ രീതിയിലുള്ള മാധ്യമപ്രവർത്തനം മാറേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സമ്മേളനത്തിൽ സർഗവേദി പ്രസിഡന്റ് ഡോ.ആർ. രാധാകൃഷ്ണൻ നായർ അധ്യക്ഷനായി. എം.എൻ.പി. നമ്പൂതിരി, എബി കുര്യാക്കോസ്, ഡി. വിജയകുമാർ, പി.കെ. രവീന്ദ്രൻ, തോമസ് ഫിലിപ്പ്, വി.ആർ. ഗോപാലകൃഷ്ണൻ നായർ, പ്രൊഫ. കെ.കെ. വിശ്വനാഥൻ, കെ.ആർ. പ്രസന്നകുമാർ, വി എസ്. ഗോപാലകൃഷ്ണൻ, വിജയശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.