തിരുവനന്തപുരം: എരഞ്ഞോളി സ്‌ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. മുഖ്യമന്ത്രിയെ അവൻ എന്ന് വിശേഷിപ്പിച്ചാണ് സുധാകരൻ സംസാരിച്ചത്. ഏറെ കാലത്തിന് ശേഷമാണ് അതിരൂക്ഷമായ വാക്കുകളിൽ മുഖ്യമന്ത്രിയെ സുധാകരൻ വിമർശിക്കുന്നത്. ഇതിനോട് മുഖ്യമന്ത്രിയും സിപിഎമ്മും എങ്ങനെ പ്രതികരിക്കുമെന്നതും നിർണ്ണായകമാണ്. എരഞ്ഞോളി സ്‌ഫോടനം ചർച്ചയാക്കാനാണ് കോൺഗ്രസ് തീരുമാനം. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയമാണ് ബോംബുകളുണ്ടാക്കുന്നതെന്നാണ് കോൺഗ്രസ് പറഞ്ഞു വയ്ക്കുന്നത്. ഇതിന് വേണ്ടിയാണ് പിണറായിയെ സുധാകരൻ കടന്നാക്രമിക്കുന്നത്.

മുഖ്യമന്ത്രി വിവരംകെട്ടവനാണ്. മുഖ്യമന്ത്രിക്ക് ആണത്തമുണ്ടോ. അവൻ വെട്ടിക്കൊന്ന ആളെത്ര, വെടിവച്ചുകൊന്ന ആൾ എത്രയെന്നും സുധാകരൻ ചോദിച്ചു. സ്‌കൂളിൽ പഠിക്കുന്ന കാലം മതൽ വെട്ടാനും കുത്താനും തുടങ്ങിയതല്ലേ എന്ന് സുധാകരൻ പറഞ്ഞു. സ്വന്തം പാർട്ടിയിലെ അടക്കം എത്ര ചെറുപ്പക്കാരെ സിപിഎം കൊന്നു. അങ്ങനെയൊരു ചെറുപ്പക്കാരൻ മരിച്ചില്ലെന്നാണ് വൃദ്ധനല്ലേ കൊല്ലപ്പെട്ടത് എന്ന പരാമർശത്തിലൂടെ ഉദ്ദേശിച്ചത്. ഡിസിസി ഓഫീസിൽ ബോംബ് പ്രദർശിപ്പിച്ചിട്ടില്ല. കോൺഗ്രസ് ആരെയും ബോംബെറിഞ്ഞ് കൊന്നിട്ടില്ലെന്നും സുധാകരൻ വ്യക്തമാക്കി. ഇത്തരത്തിൽ ആരോപണം പിണറായി നിയമസഭയിൽ കോൺഗ്രസിനെതിരെ ഉയർത്തിയിരുന്നു.

എരഞ്ഞോളി സ്‌ഫോടനത്തിൽ കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ നേരത്തെ വിവാദ പരാമർശവുമായി രംഗത്തെത്തിയിരുന്നു. സ്‌ഫോടനത്തിൽ മരിച്ചത് വൃദ്ധനല്ലേ, ചെറുപ്പക്കാരനല്ലല്ലോ എന്നാണ് സുധാകരന്റെ പരാമർശം. ബോംബ് ഇനിയും പൊട്ടുനുണ്ട്. എന്നിട്ട് പറയാമെന്നും സുധാകരൻ പ്രതികരിച്ചു. ഇത് വിവാദമായിരുന്നു. ഇതിന് വിശദീകരണം നൽകാൻ വേണ്ടിയാണ് സുധാകരന് വൈകിട്ട് പിന്നീടും മാധ്യമങ്ങളെ കണ്ടത്. അപ്പോഴാണ് പിണറായി വിജയനെ അതിരൂക്ഷമായി വിമർശിച്ചത്. അതിനിടെ കോൺഗ്രസിനെതിരെ ആരോപണവുമായി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജനും രംഗത്തു വന്നു.

കണ്ണൂർ എരഞ്ഞോളി കുടക്കളം സ്വദേശി വേലായുധൻ(75) ആണ് കഴിഞ്ഞ ദിവസം ബോംബ് പൊട്ടി മരിച്ചത്. ആൾതാമസമില്ലാത്ത വീട്ടുപറമ്പിൽനിന്നു തേങ്ങ പെറുക്കുന്നതിനിടെ പറമ്പിൽനിന്നു കിട്ടിയ വസ്തു എന്താണെന്നു പരിശോധിക്കാൻ കല്ലിൽ ഇടിച്ചപ്പോൾ ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തിൽ വേലായുധന്റെ മുഖവും കൈകളും ചിന്നിച്ചിതറി. പരേതനായ മോഹൻദാസിന്റെ വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്ന വീട്ടുപറമ്പിലാണു സ്‌ഫോടനമുണ്ടായത്. ഈ വീടിന് കോൺഗ്രസ് ബന്ധമുണ്ടെന്നാണ് സിപിഎം പറയുന്നത്.

എരഞ്ഞോളി കുടക്കളത്ത് സ്ഫോടനത്തിൽ ഒരാൾ മരിക്കാനിടയായ സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കണമെന്നാണ് എം വി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടത്. ആൾ താമസമില്ലാത്ത പറമ്പിൽ നിന്ന് തേങ്ങ ശേഖരിക്കുന്നതിനിടെയുണ്ടായ സ്ഫോടനത്തിലാണ് എരഞ്ഞോളി കുടക്കളത്തെ ആയിനിയാട്ട് വേലായുധൻ മരിച്ചത്. നാടിനെയാകെ വേദനിപ്പിച്ച സംഭവമാണിത്. ആദ്യകാല കോൺഗ്രസ് നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് സ്ഫോടനമുണ്ടായതെന്നും ജയരാജൻ പറഞ്ഞു.

കോൺഗ്രസിനും ബിജെപിക്കും സ്വാധീനമുള്ള പ്രദേശമാണിത്. പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകന്റെ വീട്ടിൽ നേരത്തെ സ്ഫോടനമുണ്ടായതാണ്. എരഞ്ഞോളി പഞ്ചായത്ത് മുൻ പ്രസിഡന്റ് എ കെ രമ്യയുടെ ഭർത്താവ് ശ്രീജൻബാബുവിനെ വധിക്കാൻ ശ്രമിച്ച ക്രിമിനലുകളും പരിസര പ്രദേശത്തുള്ളവരാണ്. സംഭവത്തിൽ സിപിഐ എമ്മിനെ കുറ്റപ്പെടുത്തുന്നത് രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ്. യഥാർഥ കുറ്റവാളികളെ നിയമത്തിന് മുന്നിലെത്തിക്കുന്നതിന് സഹായകമായ നിലപാട് സ്വീകരിക്കുന്നതിന് പകരം രാഷ്ട്രീയ ദുരുദ്ദേശ്യത്തോടെ അപവാദം പ്രചരിപ്പിക്കുന്നത് അന്വേഷണം വഴിതിരിച്ചുവിടാനേ സഹായിക്കൂവെന്നും സിപിഐഎം ജില്ലസെക്രട്ടറി എം വി ജയരാജൻ പ്രസ്താവനയിൽ പറഞ്ഞു.