തൃശ്ശൂർ: സുരേഷ് ഗോപിയുടെ തൃശൂരിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇന്ന് അനൗദ്യോഗിക തുടക്കം. സഹകരണ മേഖലയിലെ കൊള്ളക്കെതിരെയും കള്ളപ്പണ തട്ടിപ്പിനെതിരെയും ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുരേഷ് ഗോപി നയിക്കുന്ന സഹകാരി സംരക്ഷണ പദയാത്ര ഇന്ന് ഉച്ചയ്ക്ക് 1.30ന് കരുവന്നൂർ സഹകരണ ബാങ്കിൽ നിന്നാരംഭിക്കും. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യും. സുരേഷ് ഗോപിയേയും സുരേന്ദ്രനേയും ഒരുമിച്ചെത്തിച്ച് ബിജെപിക്കുള്ളിൽ പ്രശ്‌നമില്ലെന്ന സൂചന നൽകാനാണ് കേന്ദ്ര നേതൃത്വത്തിന്റെ ശ്രമം.

കരുവന്നൂരിനെ തൃശൂരിൽ ചർച്ചയാക്കി നേട്ടമുണ്ടാക്കാനാണ് നീക്കം. തൃശൂരിന് ഇലക്ട്രിക് ബസുകളും പ്രധാനമന്ത്രി മോദി അനുവദിച്ചു. ഇതെല്ലാം സുരേഷ് ഗോപിയുടെ ഇടെപടൽ ഫലമെന്ന് വരുത്താനാണ് ശ്രമം. കരുവന്നൂർ സുരേഷ് ഗോപിക്ക് തൃശൂരിൽ മികച്ച സാധ്യത നൽകുന്നുവെന്നാണ് ബിജെപി വിലയിരുത്തൽ. കരുവന്നൂരിലെ നിക്ഷേപകർക്ക് പണം പൂർണമായും തിരികെ ലഭിക്കുന്നതുവരെ താൻ സമര രംഗത്ത് ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ബാങ്കിൽ നിന്ന് പണം ലഭിക്കാത്തതിനെ തുടർന്ന് ചികിത്സ തടസ്സപ്പെട്ട വ്യക്തിക്ക് സുരേഷ് ഗോപി കഴിഞ്ഞദിവസം സ്വന്തം അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ കൈമാറിയത് ശ്രദ്ധേയമായി.

കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പിന് ഇരകളായ സഹകാരികളും ആത്മഹത്യ ചെയ്ത സഹകാരികളുടെ കുടുംബാംഗങ്ങളും സുരേഷ് ഗോപിയുടെ പദയാത്രയ്ക്ക് ഐക്യദാർഢ്യമർപ്പിക്കും. പദയാത്രയ്ക്ക് മുൻപ് കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ മനം നൊന്ത് ആത്മഹത്യ ചെയ്തവരുടെയും ചികിത്സ കിട്ടാതെ മരിച്ചവരുടേയും ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തും. എം ടി. രമേശ് തൃശൂരിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പദയാത്രയിൽ സുരേഷ് ഗോപി എന്താണ് പറയുന്നതെന്നതും നിർണ്ണായകമാണ്.

കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ച് പണം നഷ്ടമായ നൂറുകണക്കിന് സഹകാരികളും പദയാത്രയിൽ സുരേഷ് ഗോപിക്കൊപ്പം അണിനിരക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു. പണം നഷ്ടപ്പെട്ടവരിൽ ഏറെയും സാധാരണക്കാരാണ്. അന്വേഷണം അട്ടിമറിക്കാനും പ്രതികളെ രക്ഷിക്കാനും ശ്രമിക്കുന്നതിനു പകരം സാധാരണക്കാർക്ക് പണം തിരിച്ചു നൽകാനാണ് സിപിഎം ശ്രമിക്കേണ്ടതെന്നും ഇഡി അറസ്റ്റ് ചെയ്ത പ്രതികളുടെ സ്വത്തുക്കൾ ഏറ്റെടുത്ത് പണം തിരികെ നൽകുന്നതിനുള്ള നടപടി സർക്കാർ സ്വീകരിക്കണമെന്നും ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.കെ. അനീഷ് കുമാർ പറഞ്ഞു.

കക്ഷി രാഷ്ട്രീയത്തിനതീതമായി വ്യാപകമായ ജനപിന്തുണയാണ് സുരേഷ് ഗോപിയുടെ നേതൃത്വത്തിലുള്ള ജനകീയ സമരത്തിന് ലഭിക്കുന്നതെന്നും ബിജെപി നേതൃത്വം പറഞ്ഞു. സിപിഎമ്മും കോൺഗ്രസും പരസ്പരം ആരോപണമുന്നയിക്കുന്നതല്ലാതെ കരുവന്നൂരിലെ ഇരകളെ സഹായിക്കാൻ ഒരു ശ്രമവും നടത്തുന്നില്ല. ജില്ലയിൽ തന്നെ കോൺഗ്രസ് ഭരിക്കുന്ന നിരവധി സഹകരണ സ്ഥാപനങ്ങളിലും നിക്ഷേപകർക്ക് പണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിട്ടുണ്ട്. ഇരു കൂട്ടരും ഇക്കാര്യത്തിൽ ഒരേ തൂവൽ പക്ഷികൾ ആണെന്നതാണ് ബിജെപി നിലപാട്. പദയാത്ര തുടക്കം മാത്രമാണ്. വരും ദിവസങ്ങളിൽ സമരം ശക്തിപ്പെടുത്താനാണ് പാർട്ടി ആലോചിക്കുന്നത്.

പാർട്ടിക്ക് പുറത്ത് സുരേഷ് ഗോപിക്ക് തൃശ്ശൂരിൽ വോട്ട് ബാങ്കുണ്ടെന്നാണ് ബിജെപി നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. ക്രിസ്ത്യൻ സഭകളുമായി രാഷ്ട്രീയമായി അടുക്കാനുള്ള നീക്കത്തിന്റെ പരീക്ഷണശാലയായും തൃശൂർ മണ്ഡലത്തെ ബിജെപി കാണുന്നുണ്ട്. ലോക്സഭയിലേക്ക് ഇനി മത്സരിക്കാൻ ഇല്ലെന്നും നിയമസഭയാണ് താല്പര്യമെന്നും ടി എൻ പ്രതാപൻ നേരത്തെ പറഞ്ഞിരുന്നു. പരാജയ ഭീതി കാരണമെന്ന തോന്നൽ വോട്ടർമാർക്കിടയിൽ ഉണ്ടാകുമെന്ന ആശങ്ക കോൺഗ്രസ് നേതാക്കളും പങ്കുവെച്ചു. എല്ലാ സിറ്റിങ് എം പിമാരും മത്സരിക്കണമെന്ന ആവശ്യം കോൺഗ്രസ് ലീഡേഴ്സ് മീറ്റിൽ ഉയർന്നത്തോടെ പ്രതാപൻ പാർട്ടിക്ക് വഴങ്ങി. എങ്കിലും പിൻവലിയാനുള്ള സാധ്യത പൂർണമായും മാറിയിട്ടുമില്ല.

മുൻ മന്ത്രി വി എസ് സുനിൽകുമാറിലൂടെ മണ്ഡലം തിരിച്ചുപിടിക്കാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. സ്ഥാനാർത്ഥി പട്ടികയിൽ ഉണ്ടെങ്കിലും പാർട്ടി സെക്രട്ടറി കാനം രാജേന്ദ്രന്റെ വിശ്വസ്തരുടെ പട്ടികയിൽ സുനിൽകുമാറിന് ഇടമില്ല. രാജ്യസഭാംഗം ബിനോയ് വിശ്വത്തെ മത്സരിപ്പിക്കാനുള്ള സാധ്യതയും തള്ളനാകില്ല. ഇതെല്ലാം മനസ്സിലാക്കിയാണ് സുരേഷ് ഗോപിയെ മുന്നിൽ നിർത്തി തൃശൂരിൽ പോര് കടുപ്പിക്കാനുള്ള ബിജെപി നീക്കം. 2014ൽ ആദ്യ മോദി സർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്ത സുരേഷ് ഗോപി 2019ൽ ലോക്‌സഭയിലേക്കും 2021ൽ നിയമസഭയിലേക്കും തൃശൂരിൽ മത്സരിച്ചിരുന്നു.

2024 ലോകസഭാ തിരഞ്ഞെുപ്പ് ലക്ഷ്യമിട്ടുള്ള ഒരുക്കങ്ങളുടെ ഭാഗമായി തൃശൂർ കേന്ദ്രീകരിച്ച പ്രവർത്തനങ്ങളിലാണ് സുരേഷ് ഗോപി. മാസത്തിൽ രണ്ട് തവണയെങ്കിലും തൃശൂരിൽ എത്തുകയും പരിപാടികൾ സംഘടിപ്പിക്കുകയും പ്രമുഖരെ സന്ദർശിക്കുകയും ചെയ്യുന്നതിൽ സജീവമാണ്.