കോഴിക്കോട്: മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയെന്ന കേസ് പിണറായി സർക്കാറിന്റെ പകപോക്കൽ നയത്തിനെതിരായ ചർച്ചയാക്കി മാറ്റാൻ ബിജെപി. ഇപ്പോൾ കേരളത്തിലെ ബിജെപിയുടെ ഏറ്റവും പോപ്പുലറായ നേതാവാണ് സുരേഷ് ഗോപി. അതുകൊണ്ട് തന്നെ അദ്ദേഹത്തിനെതിരെ വലിയ വകുപ്പുകൾ ചുമത്തി എടുത്ത കേസിൽ ശക്തമായ നിലപാട് സ്വീകരിക്കാനാണ് ബിജെപി ഒരുങ്ങുന്നത്. കേരളത്തിൽ പിണറായിക്ക് എതിരായി ജനപിന്തുണയുള്ള നേതാവായി സുരേഷ്‌ഗോപിയെ ഉയർത്തിക്കാട്ടാനാണ് ബിജെപിയുടെ ശ്രമം.

തൃശ്ശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സുരേഷ് ഗോപി അഞ്ചു വർഷം ബിജെപിക്കും ഭരിക്കാൻ അവസരം നൽകണമെന്ന് അഭ്യർത്ഥിച്ചിരുന്നു. മോദിയുടെയുടെ അമിത്ഷായുടെയും അടുപ്പക്കാരനായ സുരേഷ് ഗോപി ഈ വാക്കു പറഞ്ഞത് ഭാവിയിലെ ബിജെപി രാഷ്ട്രീയം കൂടി മുന്നിൽ കണ്ടാണ്. സുരേഷ് ഗോപിയുടെ പോപ്പുലാരിറ്റി ചൂണ്ടിക്കാട്ടി പിണറായിക്കെതിരെ നിൽക്കാൻ കെൽപ്പുള്ള നേതാവിനെ കണ്ടെത്തുകയാണ് കേന്ദ്ര നേതൃത്വം.

ഇന്ന കോഴിക്കോട് സുരേഷ് ഗോപി ബുധനാഴ്ച നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരാകുന്നത് ബിജെപിയുടെ അറിവോടെ തന്നെയാണ്. തനിക്കെതിരായ കേസ് രാഷ്ട്രീയ പകപോക്കലാണെന്ന് വരുത്താനാണ് നേതൃത്വം ശ്രമിക്കുന്നത്. അതുകൊണ്ട് തന്നെ താരത്തെ പിന്തുണച്ച് മുതിർന്ന നേതാക്കളെല്ലാം സ്റ്റേഷൻ പരിസരത്തുണ്ട്. കരുവന്നൂരിൽ ഇരകൾക്കായി സുരേഷ് ഗോപി പദയാത്ര നടത്തിയിരുന്നു. ഇത് സിപിഎമ്മിന് ശരിക്കും ക്ഷീണമായിട്ടുണ്ട്. അതിന്റെ പകപോക്കലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് എന്നാണ് കെ സുരേന്ദ്രൻ അടക്കം വ്യക്തമാക്കിയിരിക്കുന്നത്.

നടക്കാവ് സ്‌റ്റേഷൻ പരിസരത്ത് പ്രവർത്തകർ തടിച്ചു കൂടിയിട്ടുണ്ട്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ, എം ടി രമേശ്, പി.കെ കൃഷ്ണദാസ് ജില്ലാ പ്രസിഡന്റ് വി.കെ. സജീവൻ തുടങ്ങിയ നേതാക്കൾ സ്ഥലത്തെത്തിയിരുന്നു. ഇംഗ്ലീഷ് പള്ളി പരിസരത്തുനിന്ന് നടക്കാവ് സ്റ്റേഷനിലേക്ക് നേതാക്കൾ നടത്തിയ റാലി സ്റ്റേഷൻ പരിസരത്ത് പൊലീസ് തടഞ്ഞു. 'കോഴിക്കോട് എസ്.ജിയ്‌ക്കൊപ്പം' എന്ന പ്ലക്കാർഡുമായി സ്ത്രീകൾ ഉൾപ്പടെ 500-ഓളം പ്രവർത്തകർ റാലിയിൽ പങ്കെടുത്തു.

നവംബർ 18നകം ഹാജരാകണമെന്ന് നിർദ്ദേശിച്ച് പൊലീസ് നോട്ടിസ് നൽകിയിരുന്നു. ഒക്ടോബർ 27നാണു സുരേഷ് ഗോപിക്കെതിരായ പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട് തളിയിൽ മാധ്യമങ്ങളോടു സംസാരിക്കവേ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവർത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നൽകി.

354 എ വകുപ്പ് പ്രകാരമാണ് കേസ്. സംഭവം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകരുടെയും പരാതിക്കാരിയുടെയും മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. വീഡിയോയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പൊലീസ് ശേഖരിച്ചു.