തൃശ്ശൂർ: ലോക്‌സഭയിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർത്ഥികളുടെ ഔദ്യോഗിക പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. എന്നാൽ, അതിന് മുമ്പേ സുരേഷ്‌ഗോപി തൃശ്ശൂരിൽ എത്തയിട്ടുണ്ട്. ഗുരുവായൂർ ക്ഷേത്രത്തിലാണ് താരം ഇന്ന് സന്ദർശനം നടത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥി ഇനി താൻ അല്ലെങ്കിൽ പോലും പ്രചരണത്തിന് ഇറങ്ങുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ഗുരുവായൂരിൽ പ്രസാദമൂട്ടിൽ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"പാർട്ടി അനൗൺസ് ചെയ്തതിന് ശേഷമേ അതിനെ കുറിച്ച് പറയുകയുള്ളൂ. അതിന് മുമ്പ് ഒന്നും ഞാൻ പറയില്ല. വേറെ ആരെങ്കിലുമാണെങ്കിൽ അവർക്ക് വേണ്ടി ഇറങ്ങും; പക്ഷേ തൃശ്ശൂർ തന്നെ ഉണ്ടാകും. പക്ഷേ തൃശ്ശൂർ എനിക്ക് തരും. ഭഗവാൻ തന്നിരിക്കും. തരണമെന്ന് ഭഗവാനും മാതാവും എല്ലാവരും തോന്നിപ്പിച്ചോളും. അങ്ങനെയാണ് എന്റെ വിശ്വാസം." - സുരേഷ് ഗോപിയുടെ വാക്കുകൾ.

ക്ഷേത്രത്തിൽ എത്തിയ ഭക്തർക്ക് ഭക്ഷണം വിളമ്പി നൽകിയതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്.ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർത്ഥി പട്ടികയ്ക്ക് അനുമതി നൽകാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ഇന്നലെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് പൂർത്തിയായിരുന്നു. എന്നാൽ സ്ഥാനാർത്ഥി പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല.

ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി.നദ്ദയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അടക്കമുള്ള പ്രമുഖർ അടങ്ങിയ ആദ്യ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകിയെന്നാണ് സൂചന. നൂറോളം പേരുടെ പട്ടിക ആദ്യം പുറത്തിറക്കുമെന്നാണ് വിവരം. ബിജെപി ഇതുവരെ ജയിച്ചിട്ടില്ലാത്ത കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ സീറ്റുകളും പട്ടികയിലുണ്ടാകും.

കേരളത്തിൽ നിന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ (തിരുവനന്തപുരം), സുരേഷ് ഗോപി (തൃശൂർ), വി.മുരളീധരൻ (ആറ്റിങ്ങൽ) തുടങ്ങിയവർക്കാണ് സാദ്ധ്യത. കേന്ദ്രമന്ത്രിമാരും രാജ്യസഭാംഗങ്ങളുമായ എസ്.ജയശങ്കർ, നിർമ്മല സീതാരാമൻ, പിയൂഷ് ഗോയൽ എന്നിവരും ലോക്‌സഭയിലേക്ക് മത്സരിക്കുമെന്ന് സൂചനയുണ്ട്. ഇവരുടെ മണ്ഡലങ്ങൾ ഒന്നും പൂർത്തിയായിട്ടില്ല. കേന്ദ്രമന്ത്രി മീനാക്ഷി ലേഖിയുടെ സിറ്റിങ് സീറ്റായ ന്യൂഡൽഹിയിൽ ഡൽഹി ഘടകം വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിന്റെ പേര് നിർദ്ദേശിച്ചിട്ടുണ്ട്.