തൃശൂർ: ശക്തമായ ത്രികോണ മത്സരം നടന്ന തൃശ്ശൂരിൽ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ബിജെപി നടത്തിയ വിലയിരുത്തലുകൾ അദ്ദേഹത്തിന് പ്രതീക്ഷ നല്കുന്നതുമാണ്. വോട്ടുമറി അടക്കം മണ്ഡലത്തിൽ നടന്നെന്ന സൂചനകളും ശക്തമാണ്. ഇതിനിടെ ഭാവി പരിപാടികളെ കുറിച്ചു പറഞ്ഞ് സുരേഷ ഗോപി രംഗത്തെത്തി.

ഇഷ്ടപ്പെട്ട ചില സിനിമകൾ ചെയ്യാനുണ്ടെന്നും അതിനാൽ രണ്ടു വർഷത്തേക്കു തനിക്ക് ഒരൊഴിവു തരണമെന്ന് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും എന്നാൽ, പാർട്ടി പറഞ്ഞാൽ ഭാരിച്ച ഉത്തരവാദിത്തവും ഏറ്റെടുക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വാക്കുകൾ.

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനു ആറു മാസം മുൻപു വരെ എന്റെ ജോലി ചെയ്യാൻ അനുവദിക്കണം എന്ന് പറഞ്ഞിട്ടുണ്ട്. മന്ത്രിമാരാകാൻ പരിഗണിക്കുന്നതിൽ അവസാനത്തെ ആളായാൽ മതി. എന്നാൽ, പ്രധാനപ്പെട്ട 5 വകുപ്പുകളുടെ മന്ത്രിമാർ കേരളത്തിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാകണം എന്ന് താൻ അഭ്യർത്ഥിച്ചിട്ടുണ്ട്. രാജ്യസഭാ എംപി ആയിരിക്കെ ചെയ്ത കാര്യങ്ങളുടെ പട്ടിക നിങ്ങൾക്കു ലഭിക്കും. സേവനം ചെയ്യാൻ മന്ത്രിയാകണമെന്നില്ല. സുരേഷ് ഗോപി പറഞ്ഞു.

തിരഞ്ഞെടുപ്പിനു ശേഷം പാർട്ടി വിശകലനം നടത്തിയിട്ടുണ്ട് അവരുടെ ആത്മവിശ്വാസം ഇരട്ടിച്ചിരിക്കുന്നു. താൻ പ്രചാരണ സമയത്ത് തന്നെ വിശകലനം ചെയ്തതാണ്. തിരഞ്ഞെടുപ്പിൽ താൻ തന്നെത്തന്നെ അവതരിപ്പിക്കുകയാണ് ചെയ്തതെന്നും മറ്റു സ്ഥാനാർത്ഥികൾ എന്തു പറയുന്നു എന്നു നോക്കിയിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താൻ ചെയ്യാൻ പോകുന്ന കാര്യങ്ങൾ വോട്ടർമാരോടു പറഞ്ഞു. അവർ അത് ചിന്തയിൽ വച്ച് തീരുമാനമെടുത്തിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. അതിനാണ് നിശ്ശബ്ദ പ്രചാരണ ദിവസം മണ്ഡലത്തിൽ നിന്നു വിട്ടുനിന്നത്. അതിനെയും ചിലർ അവഹേളിച്ചു. രണ്ടു പേർ തമ്മിലാണ് മത്സരമെന്നൊക്കെ പറയുന്നത് ജനാധിപത്യ സംവിധാനത്തെ അവഹേളിക്കലാണ്. എല്ലാവരും സ്ഥാനാർത്ഥികളാണ്.

ബിജെപി കുറെ വോട്ട് ചേർത്തിട്ടുണ്ട്. കഴിഞ്ഞ 5 തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാത്തവരെ കണ്ടുപിടിച്ച് വോട്ടർ പട്ടികയിൽ ചേർക്കുകയും വോട്ട് ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. യുവ വോട്ടർമാരെയും ചേർത്തതായി വ്യാജ വോട്ട് ചേർക്കൽ ആരോപണത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി. ശവക്കല്ലറയിൽനിന്ന് ഇറങ്ങിവന്ന് ആരും വോട്ടുചെയ്തില്ലല്ലോ? അതല്ലേ, അവരുടെ പാരമ്പര്യം. വർഷങ്ങളായി അതല്ലേ ചെയ്യുന്നത്? എന്നും കള്ളവോട്ട് ആരോപണത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ക്രോസ് വോട്ടിങ്ങിനെക്കുറിച്ച് ജനങ്ങൾക്ക് ബോധ്യമുള്ളതാണെന്നും സുരേഷ് ഗോപി പറഞ്ഞു. 2019-ലെ ഫലംവെച്ച് ജനങ്ങളും പഠനംനടത്തിയിട്ടുണ്ടാകും. ഇതിൽ വ്യാകുലതയില്ല. വോട്ടെടുപ്പിനുശേഷം ആത്മവിശ്വാസം ഇരട്ടിയായെന്നാണ് നേതാക്കൾ പറഞ്ഞതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. പോളിങ് ബൂത്തുകൾക്കു മുന്നിലെ നീണ്ട വരി വരുന്ന തിരഞ്ഞെടുപ്പുകളിൽ ആളുകൾ വോട്ടുചെയ്യാൻ വരാതിരിക്കാനുള്ള കാരണമായി മാറും. ഇത് ഗൂഢാലോചനയുടെ ഭാഗമാണോയെന്ന് അന്വേഷിക്കണം. പരിചയമുള്ള ഉദ്യോഗസ്ഥർ വിട്ടുനിൽക്കുകയും അത്ര പരിചയമില്ലാത്ത ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പുജോലികളിലെത്തുകയും ചെയ്തത് വോട്ടിങ്ങിന്റെ വേഗം കുറച്ചു.