കൊച്ചി: പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം സുരേഷ് ഗോപിക്ക് സമ്മാനിക്കുന്ന ചടങ്ങിൽനിന്ന് എം കെ സാനുമാഷ് വിട്ടു നിന്ന നടപടി സജീവമായി ചർച്ചയാകുകായണ്. പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ഇടപെടലിനെ തുടർന്നാണ് എം കെ സാനു ചടങ്ങിൽ നിന്നും വിട്ടു നിന്നത്. ഈ സംഭവത്തെ കുറിച്ചുള്ള വിവാദം മുറുകവേ ബിജെപിക്ക് പ്രതിഭാ ദാരിദ്ര്യമാണെന്ന് പു.ക.സ നേതൃത്വം അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ പു.ക.സ നേതൃത്വത്തെ വിമർശിച്ചു സുരേഷ് ഗോപി രംഗത്തുവന്നു.

കൊലപാതകമാണ് പുരോഗമന കലാസാഹിത്യ സംഘം പ്രതിഭയായി ആ പ്രതിഭ തനിക്കില്ലെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ടി.പി. ചന്ദ്രശേഖരനും കൃപേഷും ശരത്‌ലാലും വരെയുള്ളവരുടെ കൊലപാതകമാണ് പുരോഗമന കലാസാഹിത്യ സംഘം പ്രതിഭയായി കാണുന്നതെങ്കിൽ അത്തരം പ്രതിഭ തനിക്കില്ല. ജനങ്ങളുടെ ഹൃദയമറിയുന്ന പ്രതിഭയാണ് വേണ്ടത്. അത് ബിജെപി.ക്ക് ധാരാളമുണ്ട്. അതിന്റെ തെളിവാണ് രാജ്യം മുഴുവൻ കാണുന്നത്-സുരേഷ് ഗോപി പറഞ്ഞു.

''പു.ക.സ.യ്ക്ക് ആരായിരുന്നു എം.എൻ. വിജയന്മാഷ്? അദ്ദേഹത്തെ ഗുരുവായി കാണുന്ന, പ്രഭാഷണത്തിനിടെ അദ്ദേഹം കുഴഞ്ഞുവീഴുന്നതു കണ്ട് സങ്കടപ്പെട്ട, ഒരാളാണ് ഞാൻ. ആ വിജയന്മാഷിന് എന്താണ് ഒടുവിൽ സംഭവിച്ചത്? അദ്ദേഹം മരിച്ചപ്പോൾ 'മികച്ച ഒരു കലാലയ അദ്ധ്യാപകനായിരുന്നു' എന്നു മാത്രം അനുശോചിച്ചതാരാണ്? അതു കണ്ടപ്പോൾ 'ഇക്കണക്കിന് ഈ നേതാവ് നാളെ വി.എസിനെക്കുറിച്ച് നല്ലൊരു തയ്യൽക്കാരനായിരുന്നുവെന്ന് പറയുമല്ലോ' എന്ന ആരോപണം ഉയർന്നത് ആരെക്കുറിച്ചാണ്? വിജയന്മാഷിന്റെ അന്തിമോപചാര സമയത്ത് പൊലീസിന്റെ ആചാരവെടിയിലെ ആചാരം മാത്രം മതി വെടി വേണ്ടെന്നു പറഞ്ഞത് ആരാണ്? അദ്ദേഹം സാഹിത്യത്തിലും സമൂഹത്തിലും സൃഷ്ടിച്ച നവോത്ഥാനത്തെ ഒടുവിൽ തള്ളിപ്പറഞ്ഞത് ആരാണ്? അതാണ് പ്രതിഭയെങ്കിൽ ആ പ്രതിഭ എനിക്കില്ല. ദ്രാവിഡ ജനതയുടെയും ദളിതരുടെയും സ്വത്തുകൊള്ളയടിച്ച് ശതകോടീശ്വരന്മാരായവരുടെ പ്രതിഭയും ഇല്ല. ജനങ്ങൾക്ക് പ്രയോജനമുള്ള കാര്യങ്ങൾ ചെയ്യുന്നതിലാണ് പ്രതിഭ കാണിക്കേണ്ടത്.

അറുപതുവർഷം കൊണ്ട് ഉണ്ടാക്കാൻ സാധിക്കാത്ത ദേശീയപാതാ വികസനം ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങളും അന്താരാഷ്ട്രതലത്തിലെ നേട്ടങ്ങളും മതി ബിജെപി. എന്ന പാർട്ടിയുടെ പ്രതിഭ അറിയാൻ-സുരേഷ് ഗോപി പറഞ്ഞു. അതേസമയം പണ്ഡിറ്റ് കറുപ്പൻ പുരസ്‌കാരം സുരേഷ് ഗോപിക്ക് സമ്മാനിക്കുന്ന ചടങ്ങിൽനിന്ന് വിട്ടുനിൽക്കേണ്ട സാഹചര്യമുണ്ടായതായാണ് പ്രൊഫ. എം.കെ. സാനു പറഞ്ഞത്. ''മനഃപൂർവം വരാതിരുന്നതല്ല. വരാൻ സാധിച്ചില്ല. അങ്ങനെയൊരു സാഹചര്യമുണ്ടായി''-അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പുരസ്‌കാര വിതരണച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ നിന്ന് പുരോഗമന കലാസാഹിത്യ സംഘം സാനുവിനെ വിലക്കിയിരുന്നു. ഇത് വിവാദമായതിനു ശേഷം ആദ്യമായിട്ടായിരുന്നു അദ്ദേഹത്തിന്റെ പരസ്യ പ്രതികരണം. ''സുരേഷ് ഗോപി ജ്ഞാനലക്ഷ്മി എന്ന അമ്മയുടെ മകനാണ്. ജ്ഞാനലക്ഷ്മി സ്‌കൂളിൽ എന്റെ വിദ്യാർത്ഥിനിയായിരുന്നു. നന്നായി പഠിക്കുന്ന, സത്സ്വഭാവിയായ വിദ്യാർത്ഥിനി. ആ വാത്സല്യം സുരേഷ് ഗോപിയുടെ നേർക്ക് എന്നും എനിക്കുണ്ട്, ഇപ്പോഴുമുണ്ട്''-പ്രൊഫ. സാനു പറഞ്ഞു.

അവാർഡ് വിതരണത്തിന്റെ കാര്യം ഇപ്പോൾ സംസാരിക്കേണ്ടതില്ല എന്നും അദ്ദേഹം പറഞ്ഞു. തനിക്ക് ആരും വിലക്കേർപ്പെടുത്തിയിട്ടില്ല എന്ന് തുറന്നുപറയാൻ എം.കെ. സാനു തയ്യാറായില്ല. മനഃപൂർവം പങ്കെടുക്കാതിരുന്നതല്ല എന്ന് വിശദീകരിക്കുകയാണ് ചെയ്തത്. വിവാദം അനാവശ്യമാണെന്നും പരിപാടിയിൽ പങ്കെടുക്കേണ്ടെന്ന് താൻതന്നെ തീരുമാനിച്ചതാണെന്നും സാനു പറഞ്ഞതായി ചില മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഈ നിലപാട് മാധ്യമങ്ങൾക്കു മുന്നിൽ അദ്ദേഹം കൈക്കൊണ്ടില്ല. 'പറ്റാത്ത സാഹചര്യമുണ്ടായി' എന്ന ഒറ്റ വാചകത്തിൽ വിഷമാവസ്ഥ വെളിപ്പെടുത്തുകയാണുണ്ടായത്.