ന്യൂഡൽഹി: കേരളത്തിൽനിന്നുള്ള ആദ്യ ബിജെപി ലോക്സഭാംഗമായ നടൻ സുരേഷ് ഗോപി കേന്ദ്രമന്ത്രിയാവുമെന്ന് ഏതാണ്ട് ഉറപ്പായി. എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിനായി ഡൽഹിയിൽ എത്തിയ സുരേഷ് ഗോപിയെ ഇക്കാര്യം കേന്ദ്ര നേതൃത്വം അറിയിച്ചെന്നാണ് സൂചന. സുരേഷ് ഗോപി മന്ത്രിയാവാൻ താത്പര്യം പ്രകടിപ്പിച്ചില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ, പാർട്ടി നേതൃത്വം നിർദേശിച്ചതോടെ സുരേഷ് ഗോപി എതിർപ്പില്ലാതെ അംഗീകരിക്കുകയായിരുന്നു.

കേരളത്തിൽ ശ്രദ്ധേയ വിജയം നേടിയ സുരേഷ് ഗോപി മന്ത്രിസഭയിൽ ഉണ്ടാവണമെന്ന് കേന്ദ്ര നേതൃത്വം നിർബന്ധം ചെലുത്തുകയായിരുന്നു. ഞായറാഴ്ച നരേന്ദ്ര മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുന്നവരിൽ സുരേഷ് ഗോപിയും ഉണ്ടാവും എന്നാണ് വിവരം. നേരത്തെ, കേന്ദ്രമന്ത്രിയാകുമോ എന്ന ചോദ്യത്തിന് ഇനിയും മറുപടി പറയുന്നത് നെഗറ്റീവ് ആവുമെന്നായിരുന്നു ഡൽഹിയിലെത്തിയ സുരേഷ് ഗോപി പ്രതികരിച്ചത്. ഒരുപാട് പേര് വിളിച്ചു ഉപദേശിച്ചുവെന്നും എല്ലാം ദൈവ നിശ്ചയം പോലെ നടക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

ഇന്നത്തെ ദിവസം അതിരുകളില്ലാത്ത സന്തോഷമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. കേരളത്തിൽ നിന്നുള്ള ആദ്യ ബിജെപി ലോക്‌സഭാ എംപി എന്ന ഭാരം തലയിൽ എടുത്തു വയ്ക്കുന്നില്ല. താൻ എംപിമാരിൽ ഒരാളാണെന്നും സുരേഷ് ഗോപി പറഞ്ഞു. വീറും വാശിയോടെയും മറ്റുള്ളവർക്ക് ചെയ്യാൻ പറ്റാത്തത് ചെയ്യണം. താൻ കേരളത്തിനെ പ്രതിനിധീകരിക്കുന്നയാളാണെന്നും ഒരു പ്രദേശത്തിന്റെ പ്രതിനിധി ആക്കേണ്ടതില്ലെന്നും സുരേഷ് ഗോപി ഇന്നലെ പ്രതികരിച്ചിരുന്നു.

ഞായറാഴ്ച തന്നെയായിരിക്കും മൂന്നാം മോദി മന്ത്രിസഭയുടെ സത്യപ്രതിജ്ഞയെന്ന് നേതാക്കൾ വ്യക്തമാക്കി. ഞായറാഴ്ച വൈകിട്ട് ആറിനാണ് സത്യപ്രതിജ്ഞയെന്ന് മുതിർന്ന നേതാവ് പ്രഹ്ലാദ് ജോഷി പാർലമെന്ററി പാർട്ടി യോഗത്തിൽ അറിയിച്ചു. എൻഡിഎയുടെ, നിയുക്ത എംപിമാരെ കൂടാതെ മുഖ്യമന്ത്രിമാരും മറ്റ് പ്രമുഖ നേതാക്കളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.

തെലുങ്കുദേശം പാർട്ടിക്ക് 3 കാബിനറ്റ് പദവിയുൾപ്പെടെ 5 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ സ്ഥാനവും നൽകാമെന്നാണ് ബിജെപി അറിയിച്ചിട്ടുള്ളത്. എന്നാൽ ജെഡിയു 5 അഞ്ച് മന്ത്രിസ്ഥാനം ആവശ്യപ്പെടാനാണ് സാധ്യത. നിലവിൽ ജെഡിയുവിന് 2 കാബിനറ്റ് പദവിയും സഹമന്ത്രിസ്ഥാനവും ബിഹാറിന് പ്രത്യേകപദവിയുമാണ് ബിജെപി വാഗ്ദാനം ചെയ്തിട്ടുള്ളത്. നിതീഷ് കുമാർ ആവശ്യത്തിലുറച്ചുനിന്നാൽ മുന്നണി ചർച്ചകൾ വീണ്ടും സങ്കീർണമാകും. റെയിൽവേ മന്ത്രിസ്ഥാനം ജെഡിയു ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.