- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'അന്ന് ഈ പ്രശ്‌നം ഒത്തുതീർക്കാൻ അരുൺ ജെയ്റ്റ് ലിയുടെ അടുത്ത് പിണറായിയും സംഘവും എത്തിയതാണ്; അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടർച്ചയാണ് ഇവിടെ നടക്കുന്നത് ': കരുവന്നൂർ ബാങ്ക് തട്ടിപ്പിന് എതിരായ പദയാത്രയ്ക്ക് തുടക്കം കുറിച്ച് സുരേഷ് ഗോപി
തൃശൂർ: തൃശൂരിൽ ആരായിരിക്കും, എൻഡിഎയുടെ ലോക്‌സഭാ സ്ഥാനാർത്ഥി എന്ന ചോദ്യത്തിന് ഉത്തരം നൽകി കൊണ്ട്, നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ പദയാത്ര. കരുവന്നൂർ ബാങ്ക് തട്ടിപ്പിനെതിരെ, ബാങ്കിനു മുന്നിൽ നിന്നാണു പദയാത്ര ആരംഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സഹകരണ പദയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു. കരുവന്നൂരിൽനിന്നു തൃശൂരിലേക്കാണു യാത്ര. കോർപറേഷനു മുന്നിൽ സമാപിക്കും.
2016 ലെ നോട്ടുമാറ്റം വന്നതുമുതൽ തുടങ്ങിയതാണ് കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളുടെ പ്രശ്നമെന്ന് സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂർ ബാങ്കിൽ തുടരുന്ന ഇഡി നടപടികൾ സഹകരണപ്രസ്ഥാനങ്ങളെ നശിപ്പിക്കാൻ വേണ്ടിയല്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. '2016 നവംബറിൽ നോട്ടുമാറ്റം നിലവിൽ വരുന്നത്. അന്ന് തുടങ്ങിയതാണ് കേരളത്തിലെ സഹകരണപ്രസ്ഥാനങ്ങളുടെ പ്രശ്‌നം. അക്കാലത്ത് ഇത് ഒത്തുതീർക്കുന്നതിനായി അരുൺ ജെയ്റ്റ്‌ലിയുടെയടുത്ത് പിണറായിയും സംഘവും എത്തിയതാണ്. അന്ന് ഞാൻ ആ ഓഫീസിലുണ്ട്. അന്ന് ദൃഢമായി പറഞ്ഞ കാര്യങ്ങളുടെ തുടർച്ചയാണിവിടെ നടക്കുന്നത്. ഇത് ഇനി അങ്ങ് കണ്ണൂരിലേക്കും, മാവേലിക്കരയിലേക്കും മലപ്പുറത്തേക്കും വ്യാപിക്കാം, സുരേഷ് ഗോപി പറഞ്ഞു.
ഇതിൽ രാഷ്ട്രീയമില്ലെന്നും കരുവന്നൂരിലെ തട്ടിപ്പിന്റെ ഇരകൾ വേട്ടക്കാർക്കെതിരെ നടത്തുന്ന പദയാത്രയാണെന്നും സുരേന്ദ്രൻ പ്രതികരിച്ചു. ഒട്ടും ആവേശഭരിതനായല്ല താൻ ഈ വേദിയിൽ നിൽക്കുന്നത്. മനുഷ്യനാകണം എന്ന ആപ്തവാക്യം ആർക്കും ഈ ഭാരതമാതാവ് തീറെഴുതിക്കൊടുത്തില്ല. ആ പരിഗണനയിൽ മാത്രമാണ് താൻ ഈ പരിപാടിയിൽ പങ്കെടുക്കുന്നത്. ഈ തട്ടിപ്പിന് ഇരയായവർ ഇപ്പോൾ വേദിയിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
18 കിലോമീറ്റർ ദൂരമാണു പദയാത്ര സംഘടിപ്പിച്ചിട്ടുള്ളത്. സഹകരണ ബാങ്കിൽ തട്ടിപ്പിന് ഇരയായിട്ടുള്ളവരും കൂട്ടത്തിലുണ്ട്. ബിജെപി സ്ഥാനാർത്ഥിയായി സുരേഷ് ഗോപിക്ക് തൃശൂരിൽ മത്സരിക്കാൻ കളമൊരുക്കുകയാണ് ഇ.ഡിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ കഴിഞ്ഞദിവസം വിമർശിച്ചിരുന്നു.




