തിരുവനന്തപുരം: സുരേഷ് ഗോപി ഉടൻ ഡൽഹിയിലേക്ക് പുറപ്പെടാൻ യാത്രതിരിച്ചു. മോദി നേരിട്ട് ക്ഷണിച്ചെന്ന് സുരേഷ് ഗോപി അറിയിച്ചു. 'അദ്ദേഹം തീരുമാനിച്ചു, ഞാൻ അനുസരിക്കുന്നു' എന്നാണ് സുരേഷ് ഗോപി വീട്ടിൽ നിന്നും ഇറങ്ങുന്നതിന് മുമ്പേ മാധ്യമങ്ങളോട് സംസാരിച്ചത്. സുരേഷ്‌ഗോപി കേന്ദ്രമന്ത്രിയാകും എന്ന ഔദ്യോഗികമായി അറിയിപ്പ് കിട്ടിയിട്ടുണ്ട്. കാബിനറ്റ് പദവി ഉണ്ടാകുമോ എന്ന കാര്യമാണ് അറിയേണ്ടത്.

സുരേഷ് ഗോപി 12.30നുള്ള വിമാനത്തിൽ തിരുവനന്തപുരത്ത് നിന്നും ഡൽഹിയിലേക്ക് പുറപ്പെടും. അമ്മയും ഭാര്യയും യാത്രയിൽ ഒപ്പമുണ്ടാകും. നേരത്തെ സുരേഷ് ഗോപി മൂന്നാം മോദി സർക്കാരിൽ കേന്ദ്ര മന്ത്രിയാകുന്നതിൽ അനിശ്ചിതത്വം ഉടലെടുത്തിരുന്നു. നേരത്തെ കരാർ ഒപ്പിട്ട 4 സിനിമകൾ പൂർത്തിയാക്കാനുണ്ടെന്നും കാബിനറ്റ് റാങ്കിൽ ചുമതലയേറ്റാൽ സിനിമകൾ മുടങ്ങുമെന്നും ബിജെപി കേന്ദ്ര നേതൃത്വത്തെ സുരേഷ് ഗോപി അറിയിച്ചിരുന്നു. എന്നാൽ, സുരേഷ് ഗോപി മന്ത്രിസഭയിൽ വേണമെന്ന് മോദി തീരുമാനിക്കുകയായിരുന്നു.

സുരേഷ് ഗോപിക്ക് ആദ്യം പൂർത്തിയാക്കാനുള്ളത് ഒറ്റക്കൊമ്പൻ എന്ന സിനിമ. ഒറ്റക്കൊമ്പന്റെ ലുക്കിലാണ് ഇപ്പോൾ സുരേഷ് ഗോപി. ഷൂട്ടിങ് പൂർത്തിയായ ശേഷം ലൂക്ക് മറ്റും. നിർമ്മാതാവുമായി ചർച്ച നടത്തി. ഒറ്റക്കൊമ്പന് ശേഷം പൂർത്തിയാക്കാനുള്ളത് മമ്മൂട്ടി കമ്പനിയുടെ ചിത്രം. ഗോകുലം മൂവിസിന്റെയും ഷാജി കൈലാസിന്റെയും ചിത്രങ്ങൾ പൂർത്തിയാക്കാനുണ്ട്. മന്ത്രിയായാലും സിനിമ രംഗം വിടില്ലെന്ന് നേതൃത്വത്തെ അറിയിച്ചിരുന്നു. മാസത്തിൽ 7 ദിവസമെങ്കിലും ഷൂട്ടിങിന് പോകാൻ അനുവദിക്കണമെന്ന് ആവശ്യം. ഈ ആവശ്യങ്ങളൊക്കം അംഗീകരിച്ചേക്കാനും സാധ്യതയുണ്ട്.

വൈകിട്ട് 7.15ന് തുടങ്ങുന്ന മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കം അന്തിമ ഘട്ടത്തിലാണ്. ചടങ്ങിൽ പങ്കെടുക്കാനായി ബംഗ്‌ളാദേശ് പ്രധാനമന്ത്രി ഷെയ്ക് ഹസീന, സീഷൽസ് ഉപരാഷ്ട്രപതി അഹമദ് ആഫിഫ് എന്നിവർ ഡൽഹിയിൽ എത്തിച്ചേർന്നിട്ടുണ്ട്. സിനിമാ താരങ്ങളടക്കം ചടങ്ങിൽ പങ്കെടുക്കും.

നിലവിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി എന്നിവരും മന്ത്രിമാരായി തുടരുമെന്ന് ഉറപ്പിച്ചിട്ടുണ്ട്. രാജ്നാഥ് സിങ്ങിന് പ്രതിരോധവകുപ്പുതന്നെ ലഭിക്കാനാണ് സാധ്യത. ആന്ധ്രയിൽനിന്നുള്ള പവൻ കല്യാണിന്റെ ജനസേന പാർട്ടിക്ക് മന്ത്രിമാരുണ്ടാവില്ലെന്ന് സൂചനയുണ്ട്. മോദിക്കൊപ്പം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്ന ആദ്യഘട്ടത്തിൽ 30 മന്ത്രിമാരുണ്ടാവുമെന്നാണ് സൂചന.

ബിജെപി. നേതാക്കളായ രാജ്നാഥ് സിങ്, നിതിൻ ഗഡ്കരി, അർജുൻ റാം മേഘ്വാൾ, സർബാനന്ദ സോനോവാൾ, പ്രൾഹാദ് ജോഷി, ശിവരാജ് സിങ് ചൗഹാൻ എന്നിവർക്ക് പുറമേ, എൽ.ജെ.പി. നേതാവ് ചിരാഗ് പസ്വാൻ, ജെ.ഡി.എസ്. നേതാവ് കുമാരസ്വാമി എന്നിവർക്കാണ് ഇതുവരെ അറിയിപ്പ് ലഭിച്ചത്.