ദുബായ്: കരുവന്നൂർ തട്ടിപ്പു കേസിൽ നിരന്തര ഇടപെടലുകൾ നടത്താൻ ഒരുങ്ങി ബിജെപി നേതാവ് സുരേഷ് ഗോപി. കരുവന്നൂർ മാതൃകയിൽ മറ്റ് വിഷയങ്ങളിലും ഇടപെടുമെന്ന് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഇതുപോലെ കേരളത്തിൽ പല സ്ഥലങ്ങളും സന്ദർശിക്കും. മലപ്പുറത്ത് നിന്നാണ് ഏറ്റവും അധികം പരാതികൾ ലഭിച്ചിട്ടുള്ളത്. തട്ടിപ്പുകളെ കുറിച്ച് നിരവധി പരാതികൾ ദുബൈയിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

ദുബായിൽ നിന്ന് ഇരുന്നൂറ് പേർ അദാലത്ത് ആവശ്യപ്പെട്ടിട്ടുണ്ട്. നയതന്ത്ര അനുമതി ലഭിച്ചാൽ ദുബായിലും അദാലത്ത് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ പദയാത്ര നടത്തിയതിന് സുരേഷ് ഗോപിക്കെതിരെ നേരത്തെ പൊലീസ് കേസെടുത്തിരുന്നു. സുരേഷ് ഗോപിക്കും മറ്റ് ബിജെപി നേതാക്കൾക്കുമെതിരെ തൃശൂർ ഈസ്റ്റ് പൊലീസാണ് കേസെടുത്തത്. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

സുരേഷ് ഗോപി, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, ബി ഗോപാലകൃഷ്ണൻ, കെ കെ അനീഷ് കുമാർ, ഹരി കെ ആർ തുടങ്ങി 500 ഓളം പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. പദയാത്ര നടത്തി വാഹനതടസ്സം സൃഷ്ടിച്ചതിനാണ് കേസെടുത്തതെന്നാണ് തൃശൂർ ഈസ്റ്റ് പൊലീസ് വ്യക്തമാക്കിയത്. ഈ മാസം 2 നായിരുന്നു സഹകരണ മേഖലയിലെ കൊള്ളയ്ക്കും കള്ളപ്പണത്തട്ടിപ്പിനുമെതിരെ സുരേഷ് ഗോപി നയിച്ച ബിജെപിയുടെ സഹകാരി സംരക്ഷണ പദയാത്ര നടന്നത്. കേസെടുത്തത് രാഷ്ട്രീയ പകപോക്കലാണെന്ന് ബിജെപി ആരോപിച്ചിരുന്നു.

അതേസമയം, ബിജെപി പദയാത്രക്കെതിരെ സഹകരണ മന്ത്രി വിഎൻ വാസവൻ രംഗത്തെത്തിയിരുന്നു. ബിജെപി മാർച്ച് രാഷ്ട്രീയ പ്രേരിതമാണെന്നും മൂന്നു വർഷം മുൻപ് നടന്ന സംഭവത്തിൽ ഇപ്പോൾ ജാഥ നടത്തുന്നത് പരിഹാസ്യമാണെന്നും മന്ത്രി പറഞ്ഞു. പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽകണ്ടാണ് ബിജെപി നീക്കമെന്നും മന്ത്രി പറഞ്ഞു.

കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സിപിഎം. നേതാവും എംഎൽഎയുമായ എ സി മൊയ്തീൻ നടത്തിയ പരാമർശങ്ങൾക്കും സുരേഷ് ഗോപി മറുപടിയുമായി രംഗത്തുവന്നിരുന്നു. 'കരുവന്നൂരിൽ മറുപടി അല്ല നടപടി ആണ് പ്രതീക്ഷിക്കുന്നത്. സത്യം ദൈവത്തിന് അറിയാം. ആരോപണം ഉന്നയിക്കാൻ അവർക്ക് അവകാശം ഉണ്ട്. ജനങ്ങളുടെ വിഷയങ്ങളെല്ലാം തൃശ്ശൂരിൽ പ്രചരണ വിഷയമാകും. വിഷയങ്ങളൊന്നും ഉണ്ടാക്കാതിരുന്നാൽ മതി. അപ്പോൾ തനിക്ക് വിഷയം കിട്ടില്ലല്ലോ', സുരേഷ് ഗോപി പറഞ്ഞു.

കരുവന്നൂരിൽ പണം നഷ്ടമായവരുടെ പ്രയാസത്തിലാണ് ഇടപ്പെട്ടത്. ഇഡി വഴി ബിജെപിക്ക് തൃശൂരിൽ വഴിയൊരുക്കാനാണ് സുരേഷ് ഗോപി ശ്രമിക്കുന്നതെന്നത് അവരുടെ ആരോപണം. ഇത്തരം പ്രതിസന്ധി ഉണ്ടാക്കാതിരിക്കാനാണ് ആരോപണം ഉന്നയിക്കുന്നവർ ശ്രമിക്കേണ്ടത്. പാർട്ടി ആവശ്യപ്പെട്ടാൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളിൽ പ്രചാരണത്തിന് പോകുമെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.