തൃശൂർ: പത്മജയുടെ ബിജെപി പ്രവേശനം കോൺഗ്രസിനെ അങ്കലാപ്പിലെങ്കിലും തൃശ്ശൂർ മണ്ഡലത്തിലേക്ക് കെ മുരളീധരൻ മത്സരിക്കാൻ എത്തിയത് ബിജെപിക്ക് തിരിച്ചടിയായിരുന്നു. ഇതിനെ മറികടക്കാനുള്ള പരിശ്രമങ്ങളിലാണ് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി. ഇപ്പോഴത്തെ നിലയിൽ കടുത്ത ത്രികോണ മത്സരമാണ് മണ്ഡലത്തിൽ നടക്കുന്നത്. ഇതിനിടെ പത്മജ വേണുഗോപാൽ ഇതുവരെ സുരേഷ് ഗോപിയുടെ പ്രചരണത്തിന് ഇറങ്ങിയിട്ടില്ല. പത്മജയുടെ ബിജെപി പ്രവേശനത്തെ കുറിച്ച് താൻ അറിഞ്ഞിരുന്നില്ലെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കുന്നത്.

പത്മജ സ്വന്തം ഇഷ്ടപ്രകാരമാണ് ബിജെപിയിലെത്തിയതെന്നും ആരും ക്ഷണിച്ച് കൂട്ടിക്കൊണ്ട് വന്നതല്ലെന്നും സുരേഷ് ഗോപി പറഞ്ഞു. പത്മജയുടെ ആഗ്രഹം പാർട്ടി കേന്ദ്ര നേതൃത്വം അംഗീകരിച്ചു. കേന്ദ്രനേതാക്കൾ പറഞ്ഞാൽ എനിക്കും സ്വീകാര്യം. കെ മുരളീധരനും പത്മജയും ആങ്ങളയും പെങ്ങളുമാണോ എന്ന് അവർ തീരുമാനിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സംസ്ഥാനത്ത് ബിജെപിയുടെ പ്രചാരണ പരിപാടികളിൽ പത്മജ വേണുഗോപാൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ പത്മജയെ പങ്കെടുപ്പിക്കുന്നതിൽ നേതൃത്വത്തിന് വിമുഖത ഉണ്ടെന്ന വിവരങ്ങളും പുറത്തുവന്നെങ്കിലും അത്തരം വാർത്തകൾ നേതൃത്വം തള്ളുകയാണ്. പാലക്കാട്ടെ ബിജെപി സ്ഥാാനാർത്ഥി സി. കൃഷ്ണകുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നുണ്ട്. അതിന് ശേഷമാകും സംസ്ഥാനത്ത് പാർട്ടി ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ പത്മജ ഇറങ്ങുക.സഹോദരൻ കെ. മുരളീധരൻ മത്സരിക്കുന്ന തൃശൂരിലും പത്മജ ബിജെപിക്കുവേണ്ടി പ്രചാരണത്തിനെത്തും.

മോദിയുടെ പാലക്കാട്ടെ പരിപാടിയിലും പങ്കെടുത്തേക്കും. ലീഡർ കെ. കരുണാകരന്റെ മകളെന്ന നിലയിൽ ജനങ്ങളിലുള്ള സ്വാധീനം വോട്ടാക്കാനാണ് സ്ത്രീകൾ പങ്കെടുക്കുന്ന പരിപാടികളിലാകും കൂടുതലും അവരുടെ സാന്നിദ്ധ്യമുണ്ടാകുക.അതേസമയം,പത്മജയെ ബിജെപി പ്രചാരണത്തിൽ പങ്കെടുപ്പിക്കില്ലെന്ന വാർത്തകൾ തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി നിഷേധിച്ചു. പാർട്ടിയിൽ എടുത്തത് കേന്ദ്ര നേതൃത്വമാണ്. അതിൽ കേരള നേതാക്കൾക്ക് പങ്കില്ല.

തന്നെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ച പാർട്ടി നേതൃത്വം പറയുന്നത് താൻ അനുസരിക്കും. പത്മജ തന്റെ സഹോദരിയുടെ സ്ഥാനത്താണ്. അവർക്കൊപ്പം പാർട്ടി നിശ്ചയിക്കുന്ന വേദികൾ പങ്കിടും. ഇത് കല്യാണിക്കുട്ടി അമ്മയ്ക്കുള്ള സമർപ്പണമാണെന്നും സുരേഷ്‌ഗോപി പറഞ്ഞു.പത്മജ പാർട്ടിയിലെത്തിയതിൽ സംസ്ഥാന നേതാക്കൾക്ക് തീരെ താൽപ്പര്യമില്ലെന്നും അവർ എത്തിയതോടെ പാർട്ടി അസ്വാരസ്യമുണ്ടെന്നുമുള്ള റിപ്പോർട്ടുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

പത്മജ പ്രചാരണത്തിനിറങ്ങിയില്ലെങ്കിലും തനിക്ക് ജയിക്കാനാവുമെന്നാണ് സുരേഷ് ഗോപിയുടെ നിലപാടെന്നും അതേ നിലപാടാണ് സംസ്ഥാനത്തെ നേതാക്കൾക്കും ഉള്ളതെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഒല്ലൂരിൽ സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചാരണത്തിലുണ്ടായിട്ടും പത്മജയെ കാണാൻ വരാതിരുന്നതാണ് അഭ്യൂഹങ്ങൾക്ക് ബലമേകിയത്. പത്മജ സുരേഷ് ഗോപിയെ കാണാനും ശ്രമിച്ചില്ല. ഇതോടെ അഭ്യൂഹങ്ങൾക്ക് ശക്തികൂടുകയായിരുന്നു.