- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരൊറ്റ സന്ദർശനം കൊണ്ട് കണ്ണൂരിൽ സുരേഷ് ഗോപി തരംഗം!
കണ്ണൂർ: തൃശൂർ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് ശേഷം കണ്ണൂരിലും സുരേഷ് ഗോപി തരംഗമാവുന്നു. കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റതിനു ശേഷം കണ്ണൂരിലെത്തിയ സുരേഷ് ഗോപിക്ക് വൻ സ്വീകരണമാണ് നൽകിയത്. കണ്ണൂരിലെ പ്രധാന ക്ഷേത്രങ്ങളിൽ ദർശനത്തിനെത്തിയ സുരേഷ് ഗോപിയെ കാണാൻ നൂറുകണക്കിനാളുകൾ തടിച്ചു കൂടിയിരുന്നു. ഇതിനു പുറമേ സുരേഷ് ഗോപി മുൻ മുഖ്യമന്ത്രി ഇ.കെ നായനാരുടെ ഭാര്യ ശാരദ ടീച്ചറെ സന്ദർശിച്ചു അനുഗ്രഹം വാങ്ങിയത് സിപിഎം പ്രവർത്തകരിൽ പ്പോലും ചലനങ്ങളുണ്ടാക്കി.
കഴിഞ്ഞ ലോക്സഭാതെരഞ്ഞെടുപ്പിൽ സിപിഎം പാർട്ടി ഗ്രാമങ്ങളിൽ നിന്നും ബിജെപിയിലേക്ക് വോട്ടുകൾ ചോർന്നതിനു പിന്നാലെയായിരുന്നു സുരേഷ് ഗോപിയുടെ സന്ദർശനം. കണ്ണൂരിനോട് തനിക്ക് താൽപര്യമുണ്ടെന്നും കണ്ണൂർ തനിക്ക് തരണമെന്നും സുരേഷ് ഗോപി പറഞ്ഞത് വലിയ വാർത്താ പ്രധാന്യം നേടിയിരുന്നു നൂറ് കണക്കിന് ഫ്‌ളക്‌സ് ബാനറുകളാണ് കണ്ണൂർ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ സുരേഷ് ഗോപിയെ വരവേറ്റ് ഉയർന്നത്. ഇപ്പോഴിതാ പറശിനിക്കടവ് ക്ഷേത്രത്തിൽ ദർശനം നടത്തിയ സുരേഷ് ഗോപിക്കായി മുത്തപ്പൻ വെള്ളാട്ടം കഴിച്ചു സായുജ്യമടഞ്ഞിരിക്കുകയാണ് ഒരു ആരാധകൻ.
ലോക്‌സഭ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സ്ഥാനാർത്ഥി സുരേഷ് ഗോപി ജയിക്കാൻ വേണ്ടിയാണ് കണ്ണൂർ സ്വദേശി ഒരു നേർച്ച നേർന്നത്. സുരേഷ് ഗോപി ജയിച്ചാൽ തന്റെ വീട്ടിൽ മുത്തപ്പൻ വെള്ളാട്ടം കഴിപ്പിക്കാമെന്നായിരുന്നു നേർച്ച. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ സുരേഷ് ഗോപി വൻ ഭൂരിപക്ഷത്തിൽ ജയിച്ചു, കണ്ണൂർ തളിപ്പറമ്പ് പാച്ചേനി സ്വദേശി പ്രിയേഷ് നേർച്ചയും നടത്തി.സുരേഷ് ഗോപി പകർന്നാടിയ കഥാപാത്രങ്ങളോടും അദ്ദേഹത്തിന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങളോടുമാണ് പ്രിയേഷിന് ആദ്യം ആരാധന തോന്നിയത്.
സുരേഷ് ഗോപി ബിജെപിയിൽ എത്തിയതോടെ ആരാധനയേറി. രണ്ടു തവണ തിരഞ്ഞെടുപ്പിൽ മത്സരിച്ചു പരാജയപ്പെട്ടപ്പോൾ ഏറെ വേദന തോന്നിയെന്ന് ഇയാൾ പറഞ്ഞു. അങ്ങനെയാണ് ഇത്തവണ വിജയിച്ചാൽ മുത്തപ്പൻ വെള്ളാട്ടം കഴിപ്പിക്കാമെന്ന് നേർച്ച നേർന്നത്. നേർച്ച നടത്തുന്ന വിവരം പ്രിയേഷ് ഫ്‌ളക്‌സ് ആക്കി വീടിനു സമീപത്ത് സ്ഥാപിച്ചിരുന്നു. നന്മയുടെ വിജയം യാഥാർത്ഥ്യമായതിന് ശ്രീ മുത്തപ്പൻ നേർച്ചവെള്ളാട്ടം എന്ന് എഴുതിയ ഫ്‌ളക്‌സിൽ എല്ലാവരെയും പ്രിയേഷ് സ്വാഗതം ചെയ്തിരുന്നു. സോഷ്യൽ മീഡിയയിലും സുരേഷ് ഗോപിക്ക് ഏറെ ആരാധകരുണ്ട്.
മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിൽ സുരേഷ് ഗോപിക്ക് ആരാധകർ കൂടുന്നത് സിപിഎം നേതൃത്വത്തെ വെള്ളം കുടിപ്പിക്കുന്നുണ്ട്. സുരേഷ് ഗോപി കല്യാശേരിയിലെ നായനാരുടെ വസതിയായ ശാരദാസിലെത്തിയത് രാഷ്ട്രീയം കളിക്കാനാണെന്ന ആരോപണമാണ് സിപിഎം ഉയർത്തുന്നത്.