തിരുവനന്തപുരം: 'പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകും'- ഇടതുമുന്നണി കൺവീനർ ഇ പി ജയരാജന്റെ ജാഗ്രതക്കുറവിനെയും ദല്ലാൾ ടി ജി നന്ദകുമാറുമായി ബന്ധം പുലർത്തുന്നതിനെയും വിമർശിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഈ പരാമർശം. നന്ദകുമാറാണ് പിണറായിയുടെ പാപി. എന്നാൽ, പിണറായി തന്റെ സഹായം തേടിയെന്ന ആരോപണമാണ് മാതൃഭൂമി ന്യൂസ് സൂപ്പർ പ്രൈം ടൈമിൽ ടി ജി നന്ദകുമാർ ഉന്നയിച്ചത്.

ലാവ്‌ലിനുമായി ബന്ധപ്പെട്ട കേസ് 2016-ൽ വീണ്ടും കോടതിയിൽ വന്നപ്പോൾ പിണറായി വിജയൻ തന്റെ സഹായം തേടി. കേസ് ഹൈക്കോടതി ബെഞ്ചിൽനിന്ന് മാറ്റിവെക്കാൻ പിണറായി വിജയൻ തന്റെ സഹായം തേടി എന്നാണ് നന്ദകുമാറിന്റെ വെളിപ്പെടുത്തൽ.

ഇ.പി. ജയരാജനെതിരായ ബിജെപി. നേതാവ് ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങളെ നന്ദകുമാർ തള്ളിക്കളഞ്ഞു. ജയരാജനോട് താനുമായി കൂട്ടുകൂടരുതെന്ന് പാർട്ടി നിർദ്ദേശം നൽകി. എന്നാൽ, താനുമായി അദ്ദേഹം കുറച്ചുകാലമായി ഒരു സൗഹാർദ്ദവും പുലർത്തിയിരുന്നില്ലെന്നും നന്ദകുമാർ പറഞ്ഞു.

ജാവഡേക്കറും ജയരാജനും താനും ചേർന്ന യോഗത്തിനുശേഷം ഇ.പിയുമായി നേരിട്ട്, യാദൃശ്ചികമായി കണ്ടുമുട്ടിയത് ഒന്നോ രണ്ടോ പ്രാവശ്യം മാത്രമാണ്. അതിനുശേഷം കൂടിക്കാഴ്ചയോ ഫോൺ കോളുകളോ ഉണ്ടായിട്ടില്ല. ജയരാജനാണ് ബിജെപിയിലേക്ക് പോകാൻ ശ്രമിച്ചതെന്ന് സുധാകരൻ പറഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തെ (ഇ.പി. ജയരാജനെ) വിളിച്ചു. ഇത് അസംബന്ധമാണ് പറയുന്നത്. ശോഭയും സുധാകരനും നടത്തുന്ന നാടകമാണ്. നമ്മൾ നടന്ന കാര്യം പറയണം, പറഞ്ഞില്ലെങ്കിൽ അബദ്ധത്തിലാകുമെന്ന് താൻ ജയരാജനോട് പറഞ്ഞെന്നും നന്ദകുമാർ പറഞ്ഞു. ജയരാജന്റെ സമ്മതത്തോടെയാണ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ച് താൻ പുറത്തുപറഞ്ഞതെന്നും ടി.ജി. നന്ദകുമാർ പറഞ്ഞു.

നന്ദകുമാർ പറഞ്ഞത്:

2016-ൽ മുഖ്യമന്ത്രി പിണറായി വിജയൻ നവകേരള യാത്ര നടത്തുമ്പോൾ ലാവ്‌ലിൻ കേസ് വീണ്ടും വിഴുങ്ങാൻ വന്നപ്പോൾ അദ്ദേഹം എന്റെ സഹായം തേടിയ ആളാണ്. ഇല്ലെന്ന് അദ്ദേഹം പറയട്ടെ. എന്നെ അറിയില്ല എന്ന് പറയരുത്. 2013-ൽ ലാവ്‌ലിൻ കേസ് ഡിസ്ചാർജ് ചെയ്തതിനു മേൽ ഹൈക്കോടതിയിൽ അപ്പീൽ വന്നു. 2016-ൽ തിരഞ്ഞെടുപ്പിന് മുമ്പ് അപ്പീൽ കേൾക്കാൻ തീരുമാനിച്ചു. അതായത്, സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ പെറ്റീഷൻ ഫയൽ ചെയ്തു. തിരഞ്ഞെടുപ്പിന് മുമ്പ് ഹിയറിങ് പോസ്റ്റ് ചെയ്തു.

അന്ന് അപ്പീൽ ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചിൽ വന്നപ്പോൾ, ജസ്റ്റിസ് ഉബൈദ് അത് കേട്ടാൽ അപകടകരമാകുമെന്നും അന്നത്തെ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അസഫലി പ്ലാൻ ചെയ്ത ചില സർക്കാർ പെറ്റീഷനാണ് ഇട്ടേക്കുന്നത് എന്ന് മനസിലാക്കി, ആ കേസ് ആ ബെഞ്ചിൽ നിന്ന് ഒഴിവാക്കാൻ കെ.വി. സോഹൻ എന്ന വക്കീലിനെയാണ് പിണറായി വിജയൻ കണ്ടെത്തിയത്. എന്നാൽ, കെ.വി. സോഹന്റെ വക്കാലത്തിൽ ഒഴിവാക്കപ്പെട്ടില്ലെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാറ്റിക്കൊടുത്തു. ആ സോഹനെ ഒന്നാം എൽ.ഡി.എഫ്. സർക്കാർ അറ്റോർണിയാക്കി. രണ്ടാം എൽ.ഡി.എഫ്. സർക്കാർ വന്നപ്പോൾ സോഹനെ പറഞ്ഞുവിട്ടു. കാരണം പിണറായി വിജയന്റെ ആവശ്യം കഴിഞ്ഞു. കെ.വി. സോഹനിലേക്ക് എങ്ങനെ കടന്നുകയറാം എന്ന അന്വേഷണത്തിലാണ് എന്നിലേക്ക് എത്തിയത്.

എം.കെ. ദാമോദരൻ എന്ന മഹാനായ അഭിഭാഷകൻ പിണറായി വിജയന് ഉണ്ടായിട്ടും ഞങ്ങളുടെ കോമൺ സുഹൃത്തായ, മരിച്ചു പോയ സ്‌കറിയാ തോമസിന്റെ ഫോണിൽ നിന്ന് എന്നോട് വിളിച്ച് സംസാരിച്ച് ഞങ്ങൾ സൗഹാർദ്ദത്തിലെത്തി. തിരഞ്ഞെടുപ്പ് കഴിഞ്ഞ് പിണറായി മുഖ്യമന്ത്രിയായി. ഞാൻ പിന്നീട് ആ വഴിക്ക് പോയിട്ടില്ല. അദ്ദേഹം പറഞ്ഞല്ലോ, ശിവന്റെ കൂടെ പാപി ചേർന്നാൽ ശിവനും പാപിയാകും എന്ന്. ഞാൻ ഒരു മഹാപാപി ആയതുകൊണ്ടാകാം അദ്ദേഹം എന്നെ ബന്ധപ്പെട്ടത്. എന്നെ അറിയുമെന്നും അദ്ദേഹം വ്യക്തമായി പറഞ്ഞു, ഏത് അടിസ്ഥാനത്തിലാണ് എന്ന് അദ്ദേഹം പറഞ്ഞില്ല.