കൊച്ചി: ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിലുണ്ടായ സുരേഷ് ഗോപിയുടെ വിജയം നീക്കുപോക്കിന്റെ ഭാഗമെന്ന് ദല്ലാൾ നന്ദകുമാർ. ജാവദേക്കർ കേരളത്തിലെത്തി ഇപി ജയരാജനുമായി നടത്തിയ ചർച്ചയുടെ പാക്കേജിന്റെ ഭാഗമാണ് തൃശൂർ. 2024ൽ മൂന്നാം തവണയും എൻഡിഎ അധികാരത്തിൽ വന്നാൽ ലാവ്ലിൻ കേസ് ഇല്ലാതാകും, പിണറായി വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ട കേസുകളുടെ ബലം കുറയും. കൂടാതെ 2026-ൽ മൂന്നാം തവണയും എൽഡിഎഫ് സർക്കാർ ഉണ്ടാക്കാൻ സാഹചര്യം ഒരുക്കമെന്നതായിരുന്നു പക്കേജ്.

വിജയം ലൂർദ് പള്ളിക്ക് സമർപ്പിക്കുന്ന സുരേഷ് ഗോപി തന്നെ സഹായിച്ച സഖാക്കൾക്ക് ഒരു ചോക്ലേറ്റ് എങ്കിലും വാങ്ങി നൽകണമെന്നും നന്ദകുമാർ പറഞ്ഞു. തിരുവനന്തപുരത്ത് ആ നീക്കു പോക്ക് ഉണ്ടായിരുന്നില്ല. കേരളത്തിൽ പാക്കേജ് അനുസരിച്ച് നീക്കുപോക്ക് നടന്ന ഒരേ ഒരു മണ്ഡലം തൃശൂർ ആണ്.

ജാവേദക്കർ അന്ന് ജയരാജനുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ അദ്ദേഹം പറഞ്ഞത് 26 ലക്ഷ്യമാക്കി നീങ്ങണം. കേരള കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും അഭാവത്തിൽ എൽഡിഎഫിന് മൂന്നാം ഭരണം കിട്ടാനുള്ള സാഹചര്യം ഒരുക്കുമെന്നാണ്. എഫ്ഡിഎഫിലെ ആളുകൾ എങ്ങനെയാണ് സഹായിച്ചതെന്നും എന്ത് നീക്കുപോക്കാണ് നടന്നതെന്നുമുള്ളതിന്റെ തെളിവുകൾ വിഡിയോ സഹിതം പുറത്തുവിടുമെന്നും നന്ദകുമാർ കൂട്ടിച്ചേർത്തു.