കോഴിക്കോട്: വടകര ലോക്‌സഭാ മണ്ഡലത്തിലേക്ക് ഷാഫി പറമ്പിൽ സ്ഥാനാർത്ഥിയായി എത്തിയപ്പോൾ മുതൽ തുടങ്ങിയതാണ് സിപിഎം -യുഡിഎഫും തമ്മിലെ രാഷ്ട്രീയ പോര്. സാമാന്യ മര്യാദകളെ ലംഘിക്കുന്ന പലതും വടകരയിൽ പ്രചരണ രംഗത്ത് നടന്നു. ഷാഫിയെ പ്രതിരോധത്തിലാക്കാൻ വർഗീയ കാർഡും ടീച്ചറെ ആക്ഷേപിക്കുന്നു എന്ന പ്രചരണവുമെല്ലാം അഴിച്ചുവിട്ടു. ഇതിന്റെ പേരിൽ പൊലീസ് കേസും പരാതിയുമായി സംഭവങ്ങളുമുണ്ടായി. എന്നാൽ, വർഗീയമായ ചേരിതിരിവിന് പോലും ഇടയാക്കുന്ന വിധത്തിൽ പ്രചരണം കൊഴുത്തപ്പോൾ തെരഞ്ഞെടുപ്പിന് ശേഷവും രണ്ട് കൂട്ടരും വിശദീകരണങ്ങളും പ്രതിരോധവുമായി രംഗത്തുവന്നു.

സിപിഎമ്മിന്റെ പ്രചരണങ്ങളെ ചെറുക്കാൻ വേണ്ടി നടത്തിയ യുഡിഎഫ് സമ്മേളനത്തിൽ ഹരിഹരൻ നടത്തിയ വാവിട്ട പരമർശമാണ് ഇപ്പോൾ സിപിഎം ആയുധമാക്കിയിരിക്കുന്നത്. ഇത് യുഡിഎഫിനെ ശരിക്കും വെട്ടിലാക്കി. ആർഎംപി നേതാവിനെതിരെ പൊലീസ് കേസെടുത്തു പൂട്ടാനുള്ള ശ്രമങ്ങളും അണിയറയിൽ നടക്കുകയാണ്. വിവാദ പരാമർശത്തിൽ ഹരിഹരൻ ഖേദം പ്രകടിപ്പിച്ചിട്ടും ഇതുകൊണ്ടും വിവാദം തീരുന്ന ലക്ഷണമില്ല. സിപിഎം വിവാദം ഏറ്റു പിടിച്ചിരിക്കയാണ്. ഇത് വോട്ടെണ്ണും വരെ തുടരാനുള്ള സാധ്യതയുണ്ട്. വടകരയിൽ ഇരു മുന്നണികൾക്കും അഭിമാനകരമായ പോരാട്ടമാണ്.

ടി.എസ് ഹരിഹരൻ കഴിഞ്ഞ ദിവസം നടത്തിയ സ്ത്രീവിരുദ്ധ പരാമർശത്തിൽ മാപ്പ് പറച്ചിൽ മതിയാകില്ലെന്ന് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനും അഭിപ്രായപ്പെട്ടു കഴിഞ്ഞു. സംഭവത്തിൽ നിയമപരമായി മുന്നോട്ട് പോകുമെന്നും മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിപിഎമ്മിന് തലവേദനയായ ആർഎംപിയെ ഒതുക്കാൻ കിട്ടിയ അവസരമായാണ് ഇതിനെ സിപിഎം കാണുന്നത്.

യു.ഡി.എഫ് വേദിയിൽ ആണ് കെ.എസ് ഹരിഹരൻ വിവാദ പ്രസ്താവന നടത്തിയത്. മഞ്ജു വാര്യർ ഇന്ത്യ മുഴുവൻ ആദരിക്കുന്ന സിനിമ താരമാണ്. അവരെയാണ് ഏറ്റവും മോശമായി വ്യക്തിഹത്യ നടത്തിയത്. പി.എം.എ സലാമും സതീശനുമൊക്കെയിരിക്കുന്ന വേദിയിലാണ് ഹരിഹരൻ മോശം പ്രസംഗം നടത്തിയത്. എന്തുകൊണ്ട് അപ്പോൾ യു.ഡി.എഫ് നേതാക്കന്മാർ ഒന്നും പറഞ്ഞില്ലെന്നും മോഹനൻ ചോദിച്ചു.

ഹരിഹരൻ നടത്തിയത് യു.ഡി.എഫ് വടകരയിൽ നടത്തിയ വിദ്വേഷ പ്രചാരണത്തിന്റെ തുടർച്ചയാണ്. വടകരയിൽ യു.ഡി.എഫ് പ്രചരണത്തിനായി എവിടെ നിന്നോ വന്ന ആളുകളാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്. സമസ്ത നേതാവ് ഉമർ ഫൈസി സിപിഎം വേദിയിൽ നിസ്‌കരിച്ചത് പോലും ഹരിഹരൻ മ്ലേച്ഛമായി ചിത്രീകരിച്ചു. ഹരിഹരന്റെ പ്രസംഗം കേട്ട് വേദിയിലുണ്ടായിരുന്ന യു.ഡി.എഫ് നേതാക്കൾ പോലും ചിരിച്ചു. സ്ത്രീവിരുദ്ധ പരാമർശം കേട്ട് ആസ്വദിക്കേണ്ട ആളാണോ പ്രതിപക്ഷ നേതാവടക്കമുള്ളവരെന്നും മോഹനൻ ചോദിച്ചു.

ഇതിനിടെ ഹരിഹരന്റെ പ്രസംഗത്തിൽ നിയമനടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി വി.കെ സനോജ് ആണ് പരാതി നൽകിയത്. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വടകര മണ്ഡലത്തിൽ ഉണ്ടായ അശ്ലീല വിഡിയോ വിവാദത്തെക്കുറിച്ച് പരാമർശിക്കുന്നതിനിടെയായിരുന്നു ഹരിഹരൻ വിവാദ പരാമർശം നടത്തിയത്.

'സിപിഎമ്മിന്റെ സൈബർ ഗുണ്ടകൾ കരുതിയത് അവർ ചില സംഗതികൾ നടത്തിയാൽ തീരുമെന്നാണ്. ടീച്ചറുടെ ഒരു അശ്ലീല വീഡിയോ ഉണ്ടാക്കിയെന്നാണ് പരാതി. ആരെങ്കിലും ഉണ്ടാക്കുമോ അത്?' എന്നുപറഞ്ഞശേഷം മറ്റാരുടെയെങ്കിലും ഉണ്ടാക്കിയെന്ന് പറഞ്ഞാൽ മനസിലാക്കാമെന്ന് ഒരു നടിയെ പരാമർശിച്ചുകൊണ്ട് ഹരിഹരൻ പറഞ്ഞു. ഇതാണ് വിവാദമായത്.

സ്ത്രീവിരുദ്ധ പരാമർശം വൻചർച്ചയായതോടെ ഹരിഹരൻ തന്റെ ഫേസ്‌ബുക്ക് പേജിൽ ഖേദം പ്രകടിപ്പിച്ചു. 'ഇന്ന് വടകരയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അനുചിതമായ ഒരു പരാമർശം കടന്നുവന്നതായി സുഹൃത്തുക്കളും മാധ്യമപ്രവർത്തകരും എന്റെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. തെറ്റായ ആ പരാമർശം നടത്തിയതിൽ നിർവ്യാജം ഖേദിക്കുന്നു' എന്നായിരുന്നു കുറിപ്പ്.

സിപിഎം വർഗീയതയ്ക്കെതിരേ നാടൊരുമിക്കണം എന്ന സന്ദേശവുമായി യു.ഡി.എഫും ആർ.എംപി.ഐയും കഴിഞ്ഞദിവസം വടകരയിൽ നടത്തിയ കാമ്പയിനിലായിരുന്നു ഹരിഹരന്റെ വിവാദ പ്രസംഗം.