തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ചുമതലകൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കെപിസിസി എക്സിക്യൂട്ടീവ് അംഗം ടി. ശരത് ചന്ദ്രപ്രസാദ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് രാജിവെച്ചു. 20 പാർലമെന്റ് മണ്ഡലങ്ങളുടെയും ചുമതല കെപിസിസി ഭാരവാഹികൾക്കും എക്സിക്യൂട്ടീവ് അംഗങ്ങൾക്കും വീതിച്ചുനൽകിയിരുന്നു. എന്നാൽ ശരത് ചന്ദ്രപ്രസാദിന് ഒരു മണ്ഡലത്തിന്റെയും ചുമതല ലഭിച്ചിരുന്നില്ല.

രാജിപ്രഖ്യാപനം സമ്മർദ തന്ത്രമാണെന്നും സൂചനയുണ്ട്. കെപിസിസി നേതൃത്വത്തിന് രാജി നൽകുന്നതിന് പകരം തെരഞ്ഞെടുപ്പ് പ്രചാരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലക്കാണ് ശരത് ചന്ദ്രപ്രസാദ് രാജിക്കത്ത് നൽകിയത്. കെപിസിസി നേതൃത്വം ശരത് ചന്ദ്രപ്രസാദുമായി ചർച്ച നടത്തുന്നുണ്ട്. ശരത് ചന്ദ്രപ്രസാദ് ബിജെപിയിൽ പോകുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും അതെല്ലാം അദ്ദേഹം നിഷേധിച്ചിരുന്നു. നിലവിൽ അത്തരം ചർച്ചകളൊന്നും നടക്കുന്നില്ലെന്നാണ് വിവരം.