കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാസെക്രട്ടറി പദവിയിലേക്ക് മുഖ്യമന്ത്രിയുടെ വിശ്വസ്തരായ കെ.കെ രാഗേഷ്, പി.ശശി എന്നിവരിൽ ആരെയെങ്കിലും ഒരാളെ കൊണ്ടുവരാനുള്ള നീക്കം പൊളിഞ്ഞു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ഇടപെടൽ കാരണമാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പുതിയ ജില്ലാസെക്രട്ടറിയെ കെട്ടിയിറക്കാനുള്ള പ്ളാൻ പൊളിഞ്ഞത്. നേരത്തെ പൊളിറ്റക്കൽ സെക്രട്ടറിയായിരുന്ന കാലത്താണ് എം.വി ജയരാജനെ കണ്ണൂർ ജില്ലാസെക്രട്ടറിയായി നിയോഗിച്ചത്.

2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ അന്നത്തെ ജില്ലാസെക്രട്ടറിയായിരുന്ന പി.ജയരാജൻ വടകര പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി മത്സരിച്ചതിനെ തുടർന്നായിരുന്നു ഈ സ്ഥാന ചലനം. എന്നാൽ കോട്ടയത്തു നിന്നും 2019-ലെ തെരഞ്ഞെടുപ്പിൽി മത്സരിച്ച വി. എൻ വാസവന് ജില്ലാസെക്രട്ടറി സ്ഥാനം തിരിച്ചു നൽകിയെങ്കിലും പാർട്ടിക്കുള്ളിൽ വ്യക്തിപൂജാ ആരോപണം നേരിട്ട പി.ജയരാജന് തിരിച്ചുവരാൻ കഴിഞ്ഞില്ല.

മുഖ്യമന്ത്രി പിണറായിവിജയന്റെ അപ്രീതിയാണ് പി.ജെയുടെ വഴിമുടക്കിയതെന്നായിരുന്നു അന്നു പാർട്ടിക്കുള്ളിൽ ഉയർന്ന ആരോപണം. എന്നാൽ അതേ സാഹചര്യത്തിൽകൂടിയാണ് എം.വി ജയരാജനും കടന്നു പോകുന്നത്. ജയിച്ചാലും തോറ്റാലും ഏറ്റവും ശക്തിയേറിയ പദവിയായ കണ്ണൂർ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് എം.വി ജയരാജൻ മടങ്ങിവരാൻ സാധ്യതകുറവാണ്.

എന്നാൽ തന്റെ അതീവവിശ്വസ്തനായ മുൻ കല്യാശേരി എംഎൽഎ ടി.വി രാജേഷിനെ ജില്ലാസെക്രട്ടറിയാക്കാൻ എം.വി ജയരാജന് കഴിഞ്ഞിട്ടുണ്ട്. ശനിയാഴ്‌ച്ച ചേർന്നപാർട്ടി ജില്ലാകമ്മിറ്റിയോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെരാഗേഷ്, പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി, ടി.വി രാജേഷ് എന്നിവരുടെ പേരുകളാണ് ഉയർന്നു വന്നത്. എന്നാൽ നേതാക്കളിൽ ഭൂരിപക്ഷവും ടി.വി രാജേഷിന്റെ പേരിനോടാണ് യോജിച്ചത്. കെ.കെ രാഗേഷും പി.ശശിയും പാർട്ടിയുടെ തലപ്പത്തേക്ക് വരുന്നത് ഗുണകരമാവില്ലെന്നായിരുന്നു ഇവരുടെ വാദം. പ്രവർത്തകർക്കിടെയിലും ഇവർക്ക്സ്വീകാര്യതയില്ലെന്നും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു.

പെരുമാറ്റ ദൂഷ്യമുൾപ്പെടെയുള്ള ആരോപണങ്ങൾക്കു വിധേയനായി പാർട്ടിയിൽ നിന്നും പുറത്തായ പി.ശശിയെ ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചു കൊണ്ടുവരരുതെന്ന് ചില നേതാക്കൾ യോഗത്തിൽ തുറന്നിടിച്ചു. കെ.കെ രാഗേഷിന് ജില്ലാസെക്രട്ടറി സ്ഥാനത്തേക്ക് വരാൻ വേണ്ട പക്വതയായില്ലെന്നായിരുന്നു ചിലരുടെ വിമർശനം.രാഗേഷിന്റെ ഭാര്യ പ്രീയാവർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെ രാഗേഷിനെ ജില്ലാസെക്രട്ടറിസ്ഥാനത്തേക്കു കൊണ്ടുവരുന്നത് എതിരാളികൾക്ക് വർധിതവീര്യമുണ്ടാക്കുമെന്ന വിലയിരുത്തലുമുണ്ടായി. ജില്ലാ നേതൃത്വത്തിന്റെ തലയ്ക്കു മുകളിലൂടെ ജില്ലാസെക്രട്ടറിയെ മുഖ്യമന്ത്രിയുടെ ഇഷ്ടപ്രകാരം കെട്ടിയിറക്കുന്നതിനോട് പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യോജിപ്പില്ലെന്നാണ് വിവരം.

ടി.വി രാജേഷിന് എം.വി ഗോവിന്ദന്റെ പിൻതുണ കൂടി രഹസ്യമായി ലഭിച്ചതോടെ ആക്ടിങ് സെക്രട്ടറി സ്ഥാനത്തേക്ക് വഴിതുറക്കുകയായിരുന്നു. പിണറായി പറഞ്ഞാൽ എന്തും അനുസരിക്കുന്ന നേതാക്കൾ പോലും മുഖ്യമന്ത്രിയുടെ നോമിനികളായ രണ്ടു നേതാക്കളെ തള്ളി പറയാൻ സധൈര്യംമുന്നിട്ടു നിന്നത് പാർട്ടിക്കുള്ളിൽ ചർച്ചയായിട്ടുണ്ട്. എം.വി ഗോവിന്ദൻസംസ്ഥാന സെക്രട്ടറി സ്ഥാനം ഏറ്റെടുത്തു മാസങ്ങൾ കഴിയുന്നതിനു മുൻപെ പിണറായി പക്ഷത്തുണ്ടായിരുന്ന നേതാക്കളിൽ ചിലർ ഗോവിന്ദൻ മാസ്റ്റർ പക്ഷത്തേക്ക് ചുവടുമാറ്റിയിരുന്നു.

ഇതോടെയാണ് തന്റെ തട്ടകമായ കണ്ണൂരിൽ വിശ്വസ്തരെ പാർട്ടിയുടെ അമരത്ത് പ്രതിഷ്ഠിക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം വിഫലമായത്. നേരത്തെ പിണറായി പക്ഷത്തു നിലയുറപ്പിച്ചിരുന്ന നേതാക്കളിലൊരാളായ ടി.വി രാജേഷ് ഇപ്പോൾ എം.വി ഗോവിന്ദനോട് അടുപ്പം പുലർത്തുന്ന നേതാക്കളിലൊരാളാണ്. മുഖ്യമന്ത്രിയുടെ അതീവവിശ്വസ്തരായ രണ്ടുപേരെ മറികടന്നുകൊണ്ടു സംസ്ഥാനത്തെ ഏറ്റവും കരുത്തുറ്റ ജില്ലയുടെ അമരക്കാരനാവാൻ രാജേഷിന് സഹായകരമായതും പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ പിൻതുണകാരണമാണ്. എൽ.ഡി. എഫ് കൺവീനർ ഇ.പി ജയരാജൻ ഉൾപ്പെടെയുള്ളവർ ടി.വി രാജേഷ് ആക്ടിങ് സെക്രട്ടറിയായി വരട്ടേയെന്ന അഭിപ്രായക്കാരുടെ കൂടെയാണെന്നാണ് പുറത്തുവരുന്ന വിവരം.