- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇനി തമ്പാനൂർ സതീഷ് ബിജെപിക്കാരൻ
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപിയിൽ ചേർന്ന മുൻ കോൺഗ്രസ് നേതാവ് തമ്പാനൂർ സതീഷ് രാഷ്ട്രീയത്തിൽ നിറഞ്ഞത് കെ കരുണാകരന്റെ വൽസല ശിഷ്യനായി. കരുണാകരനെതിരെ തിരുത്തൽവാദവുമായി രമേശ് ചെന്നിത്തല എത്തിയപ്പോൾ സതീഷും അതിനൊപ്പം നിന്നു. അപ്പോഴും കരുണാകരനുമായുള്ള ആത്മബന്ധം തുടർന്ന തിരുവനന്തപുരത്തെ നേതാവാണ് സതീഷ്. തൊണ്ണൂറുകളുടെ തുടക്കത്തിൽ കെ എസ് യുക്കാരനായി സ്‌കൂളുകളിൽ കയറി ഇറങ്ങി സംഘടനാ പ്രവർത്തനം നടത്തിയ സതീഷ്. എസ് എഫ് ഐ കോട്ടയായിരുന്ന തിരുവനന്തപുരത്തെ എസ് എം വി സ്‌കൂളിലെ മുഖ്യ കെ എസ് യു ചുമതലക്കാരനായിരുന്നു അന്ന് സതീഷ്. സതീഷിന്റെ മേൽനോട്ട മികവിൽ 1992ൽ എസ് എം വി സ്‌കൂളിൽ കെ എസ് യു വിജയക്കൊടി പാറിച്ചുവെന്നതാണ് ചരിത്രം.
തിരുവനന്തപുരത്ത് ചിരിച്ച മുഖവുമായി സംഘടനാ പ്രവർത്തനം നടത്തിയ സതീഷ്. രണ്ടു തവണ കൗൺസിലറായിരുന്നു. നഗരസഭാ വാർഡുകളുടെ പുനർനിർണ്ണയവുമായി ബന്ധപ്പെട്ട് സതീഷിന്റെ വാർഡിനെ ഇല്ലാതാക്കിയെന്നതാണ് വസ്തുത. സതീഷ് ഇനി ജയിക്കരുതെന്ന സിപിഎം തന്ത്രത്തിന്റെ ഭാഗമായിരുന്നു അത്. ഇതോടെയാണ് തിരുവനന്തപുരം കോർപ്പറേഷനിലെ അംഗത്വം സതീഷിന് നഷ്ടമായത്. ഐ ഗ്രൂപ്പിനൊപ്പമായിരുന്നു സതീഷ് എന്നും. രമേശ് ചെന്നിത്തലയുടെ അതിവിശ്വസ്തനായിരുന്നു. അങ്ങനെയാണ് തിരുവനന്തപുരം ഡിസിസിയിലെ പ്രധാന മുഖമാകുന്നത്. ശശി തരൂരിനെതിരെ നടത്തിയ ചില പ്രസ്താവനകൾ സതീഷിന് കുടുക്കായി മാറുകയും ചെയ്തു.
ശബരിമല യാത്രകളിൽ മറ്റും ചെന്നിത്തലയ്‌ക്കൊപ്പം പോകുന്ന കുടുംബവുമായി അടുപ്പം പുലർത്തിയ വ്യക്തിയാണ് സതീഷ്. ഇത്തവണ കെപിസിസി പുനഃസംഘടിപ്പിക്കുമ്പോൾ സതീഷ് കെപിസിസി സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്നു. എന്നാൽ പഴയ മുഖങ്ങളെ തന്നെ നിർത്താനായിരുന്നു കെപിസിസിയുടെ തീരുമാനം. ഇതിനിടെയാണ് പത്മജാ വേണുഗോപാൽ ബിജെപിയിൽ എത്തുന്നത്. കരുണാകരന്റെ മകളുമായും സതീഷന് ആത്മബന്ധമുണ്ടായിരുന്നു. ഇതും ബിജെപിയെ തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണമായി. ചെന്നിത്തലയുടെ സമ്മർദ്ദം പോലും തമ്പാനൂർ സതീഷിനെ കോൺഗ്രസിൽ നിന്നും മാറാനുള്ള തീരുമാനത്തിൽ നിന്നും പിന്തിരിപ്പിച്ചില്ലെന്നതാണ് വസ്തുത.
1990വരെ എസ് എഫ് ഐയുടെ കോട്ടയായിരുന്നു തിരുവനന്തപുരത്തെ എസ് എം വി സ്‌കൂൾ. ഇവിടെ കടന്നു കയറാൻ പോലും കെ എസ് യുക്കാർക്ക് ഭയമായിരുന്നു. ഇവിടെയാണ് സ്‌കൂൾ രാഷ്ട്രീയത്തിന്റെ സാധ്യതകൾ തിരിച്ചറിഞ്ഞ് തമ്പാനൂർ സതീഷ് എത്തിയത്. 1991ൽ സ്‌കൂൾ ലീഡർ തിരഞ്ഞെടുപ്പിൽ കെ എസ് യു അട്ടിമറി ജയം നേടി. സിപിഎം രക്തസാക്ഷിയായ വിഷ്ണുവിനെയാണ് അന്ന് കെഎസ് യു സ്ഥാനാർത്ഥി തോൽപ്പിച്ചത്. 1992ൽ സ്‌കൂൾ ലീഡറായും ചെയർമാനും കെ എസ് യു ആയി. ഇതിനെല്ലാം പിന്നിൽ നിന്നത് തമ്പാനൂർ സതീഷായിരുന്നു.
പത്മിനി തോമസും തമ്പാനൂർ സതീഷും ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളാണ് ഇന്ന് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനും ഒപ്പമാണ് ഇരുവരും പാർട്ടി ഓഫിസിലെത്തിയത്. ചില കോൺഗ്രസ് നേതാക്കൾ പാർട്ടിയിൽ ചേരുമെന്ന് കെ.സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്തിടെ കോൺഗ്രസിൽ അവഗണന നേരിടുന്നുവെന്ന് കാണിച്ച് തമ്പാനൂർ സതീഷ് പാർട്ടി വിട്ടിരുന്നു. യുഡിഎഫ് സർക്കാരിന്റെ കാലത്ത് സ്പോർട്സ് കൗൺസിൽ പ്രസിഡന്റായിരുന്നു പത്മിനി തോമസ്. പത്മിനി തോമസിന്റെ മകനും ബിജെപിയിൽ അംഗത്വമെടുത്തു.
തിരുവനന്തപുരം ഡിസിസി മുൻ ജനറൽ സെക്രട്ടറിയായിരുന്ന തമ്പാനൂർ സതീഷ് കഴിഞ്ഞ ദിവസം പാർട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു. പാർട്ടിയിൽ നിന്ന് രാജിവെക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ പോകില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്. എന്നാൽ ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലേക്ക് കെ സുരേന്ദ്രനൊപ്പം എത്തിയപ്പോഴാണ് ഇദ്ദേഹം ബിജെപിയിൽ ചേരുകയാണെന്ന് വ്യക്തമായത്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പത്മിനി തോമസ് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയത്.