തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നിൽക്കെ ഒരു കോൺഗ്രസ് നേതാവ് കൂടി ബിജെപിയിൽ ചേർന്നു. മഹിളാ കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ തങ്കമണി ദിവാകരനാണ് ബിജെപിയിൽ ചേർന്നത്. 2011 ലെ തെരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു.

മഹിളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗമായ തങ്കമണി ദിവാകരൻ, സംവിധായകൻ ലെനിൻ രാജേന്ദ്രന്റെ സഹോദരിയാണ്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സാന്നിധ്യത്തിലാണ് തങ്കമണി ബിജെപിയിൽ ചേർന്നത്.

27 വയസ്സ് മുതൽ കോൺഗ്രസിന്റെ സജീവ പ്രവർത്തകയാണ്. എന്നാൽ പാർട്ടിയിൽ നിന്ന് കടുത്ത അവഗണനയാണ് നേരിട്ടത്. സ്ത്രീകളെ ബഹുമാനിക്കാൻ കോൺഗ്രസ് വിമുഖത കാണിക്കുകയാണ്. പല സ്ത്രീകളും ഇന്ന് കോൺഗ്രസിൽ അവഗണിക്കപ്പെടുന്നു. അതുകൊണ്ടാണ് പാർട്ടി വിടുന്നതെന്ന് തങ്കമണി ദിവാകരൻ കൂട്ടിച്ചേർത്തു.