- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
താൻ എന്നും ഫലസ്തീൻ ജനതയ്ക്കൊപ്പം; ഇസ്രയേൽ അനുകൂല പ്രസംഗമെന്ന വാദം അത് കേട്ടവരാരും വിശ്വസിക്കില്ല; ഒരു വാചകം അടർത്തിയെടുത്ത് അനാവശ്യം പറയുന്നതിനെ കുറിച്ച് ഒന്നും പറയാനില്ലെന്നും തരൂർ; ലീഗിനെ പരിഹസിച്ച് ജലീലും സ്വരാജും; കോഴിക്കോടൻ റാലി ആരെ തുണയ്ക്കും?
കോഴിക്കോട്: ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സംഘടിപ്പിച്ച മനുഷ്യാവകാശ റാലിക്കിടെ ഇസ്രയേൽ അനുകൂല പരാമർശം നടത്തിയെ ആരോപണത്തിൽ വിശദീകരണവുമായി ശശി തരൂർ എംപി. താൻ എന്നും ഫലസ്തീൻ ജനതയ്ക്കൊപ്പമാണ്. ഇസ്രയേലിന് അനുകൂലമായ പ്രസംഗമാണ് താൻ നടത്തിയതെന്ന് അത് കേട്ടവരാരും വിശ്വസിക്കില്ല. ഒരു വാചകം അടർത്തിയെടുത്ത് അനാവശ്യം പറയുന്നതിനെ കുറിച്ച് തനിക്കൊന്നും പറയാനില്ലെന്നും തരൂർ വ്യക്തമാക്കി.
അതിനിടെ ഫലസ്തീന് ഐക്യദാർഢ്യവുമായി മുസ്‌ലിം ലീഗ് നടത്തിയ റാലിയിൽ ശശി തരൂർ എംപി നടത്തിയ പ്രസംഗം ചർച്ചയാകുകാണ്. ഹമാസിനെ ഭീകരവാദികളെന്ന് തരൂർ വിശേഷിപ്പിച്ചത് ഉയർത്തിക്കാട്ടി ഇടതു നേതാക്കളായ എം സ്വരാജും കെടി ജലീലും രംഗത്തെത്തി. കോഴിക്കോട്ട് നടന്നത് ഇസ്രയേൽ അനുകൂല സമ്മേളനമായിരുന്നോ എന്ന് കെടി ജലീൽ എംഎൽഎ ചോദിച്ചു. ഈ സാഹചര്യത്തിലാണ് തരൂർ വിശദീകരണം നൽകുന്നത്. പലസ്തിനീകളുടെ ചെലവിൽ ഒരു ഇസ്രയേൽ ഐക്യദാർഢ്യ സമ്മേളനത്തിന് വേദിയൊരുക്കുകയാണ് മുസ്ലിം ലീഗ് ചെയ്തതെന്ന് കെടി ജലീൽ വിമർശിക്കുന്നു.
ഫലസ്തീനിലെ പൊരുതുന്ന ജനതക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയിലെ മുഖ്യപ്രഭാഷകൻ ശശി തരൂരിന്റെ പ്രസംഗം കേട്ടാൽ ഫലത്തിൽ ഇസ്രയേൽ അനുകൂല സമ്മേളനമാണെതെന്നാണ് ആർക്കും തോന്നുക!. മിസ്റ്റർ ശശി തരൂർ, പതിറ്റാണ്ടുകളായി ഇസ്രയേലിന്റെ അടിയും ഇടിയും വെടിയും തൊഴിയും ആട്ടും തുപ്പും സഹിക്കവയ്യാതെ പ്രതികരിച്ചതിനെ ഭീകര പ്രവർത്തനം എന്ന് താങ്കൾ വിശേഷിപ്പിച്ചപ്പോൾ എന്തേ ഇസ്രയേലിനെ കൊടും ഭീകരർ എന്ന് അങ്ങ് വിളിച്ചില്ലായെന്നും ജലീൽ ചോദിച്ചു.
ഇസ്രയേലിൽ ഒക്ടോബർ ഏഴിന് നടന്നതും ഭീകരാക്രമണമാണെന്ന് തരൂർ പറഞ്ഞതാണ് വിവാദമായത്. വേദിയിൽ വെച്ച് തന്നെ പിന്നീട് സംസാരിച്ച അബ്ദുസ്സമദ് സമദാനി എംപി.യും ഡോ. എം.കെ. മുനീർ എംഎൽഎ.യും തരൂരിനെ തിരുത്തിയിരുന്നു. അധിനിവേശത്തിനെതിരായ സ്വാതന്ത്ര്യസമരമാണ് ഫലസ്തീനികൾ നടത്തുന്നതെന്ന് സമദാനിയും പ്രതിരോധം ഭീകരവാദമല്ലെന്ന് മുനീറും പറയുകയുണ്ടായി. ലീഗിനെ പ്രതിക്കൂട്ടിലാക്കി നേട്ടമുണ്ടാക്കാനാണ് സിപിഎം ശ്രമം. ജലീലും എം സ്വരാജും നടത്തിയ പ്രസ്താവന അതിന് തെളിവാണ്.
''ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിനെ ആക്രമിച്ചു. 1400 വ്യക്തികളെ കൊന്നു. 200 പേരെ ബന്ദികളാക്കി. പക്ഷേ അതിന് ഇസ്രയേലിന്റെ മറുപടി ഗസ്സയിൽ ബോംബ് വർഷിച്ച് ആറായിരം പേരെയാണ് കൊലപ്പെടുത്തിയത്. ബോംബിങ് ഇതുവരെ നിർത്തിയിട്ടില്ല. ഗസ്സയിലേക്കുള്ള ഭക്ഷണവും വെള്ളവും ഇന്ധനം നിർത്തി. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം നിരപരാധികളായ നിരവധി ആളുകൾ കൊല്ലപ്പെട്ടു. യുദ്ധത്തിനും ചില മര്യാദകളുണ്ട്'' - തരൂർ പ്രസംഗത്തിൽ പറഞ്ഞു. റാലിയിൽ മുഖ്യാതിഥിയായിരുന്നു ശശി തരൂർ
അവസരം മുതലെടുക്കാൻ ജലീലും സ്വരാജും
മിസ്റ്റർ തരൂർ, അളമുട്ടിയാൽ ചേരയും കടിക്കും. (മാളത്തിൽ കുത്തിയാൽ ചേരയും കടിക്കും) അന്ത്യനാൾ വരെ ലീഗിന്റെ ഈ ചതി ഫലസ്തീന്റെ മക്കൾ പൊറുക്കില്ല. ഫലസ്തീൻ ജനതയുടെ ഉള്ളുരുക്കം കണ്ട് വേദനിച്ച് വന്നവരോടാണ് ശശി തരൂർ 'ഇസ്രയേൽ മാല' പാടിയത്. സമസ്തക്ക് മുന്നിൽ 'ശക്തി' തെളിയിക്കാൻ ലീഗ് നടത്തിയ ഫലസ്തീൻ ഐക്യദാർഢ്യ റാലി ഫലത്തിൽ ലീഗിന് വിനയായി. ഫലസ്തീനികളുടെ ചെലവിൽ ഒരു ഇസ്രയേൽ ഐക്യദാർഢ്യ സമ്മേളനത്തിന് വേദിയൊരുക്കിയ ലീഗിനോട് ചരിത്രം പൊറുക്കില്ല. വടി കൊടുത്ത് അടി വാങ്ങിയ അന്തവും കുന്തവും തിരിയാത്തവരെന്നും കെടി ജലീൽ വിമർശിച്ചു.
ടെൽ അവീവിൽ നിന്ന് ഇസ്രയേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ശശി തരൂരും ഫലസ്തീനെ അക്രമിക്കുമ്പോൾ മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ചതിന്റെ ആഹ്ലാദത്തിലാണെന്നായിരുന്നു തരൂരിന്റെ പ്രസംഗത്തോട് സിപിഎം നേതാവ് എം സ്വരാജിന്റെ പ്രതികരണം. കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗിന്റെ ചെലവിൽ ശശി തരൂർ ഇസ്രയേൽ ഐക്യദാർഢ്യ സമ്മേളനം നടത്തിയിരിക്കുന്നു. രാജ്യത്തിന്റെ ഏതാണ്ട് തൊണ്ണൂറ് ശതമാനവും ഇതിനോടകം അപഹരിക്കപ്പെട്ടെങ്കിലും ഫലസ്തീന്റെ ഭാഗത്തു നിന്നുണ്ടായത് 'ഭീകരവാദികളുടെ അക്രമ'ണമാണെന്ന് ഡോ. ശശി തരൂർ ഉറപ്പിക്കുന്നു. ഒപ്പം ഇസ്രയേലിന്റേത് 'മറുപടി'യും ആണത്രെ.വാക്കുകൾക്ക് അർഥമുണ്ടെന്ന് അറിയാത്ത ആളല്ല അദ്ദേഹം.
ഒക്ടോബർ ഏഴാം തിയ്യതിയല്ല ചരിത്രം ആരംഭിച്ചതെന്നും അദ്ദേഹത്തിന് അറിയാതിരിക്കില്ല. എന്നിട്ടും ഇസ്രയേൽ ലക്ഷണമൊത്ത ഭീകര രാഷ്ട്രമാണെന്ന് പറയാൻ കോൺഗ്രസ് നേതാവിന് ഇപ്പോഴും കഴിയുന്നില്ല. ടെൽ അവീവിൽ നിന്ന് ഇസ്രയേലും കോഴിക്കോട്ടെ ലീഗ് വേദിയിൽ നിന്നും ഡോ. ശശി തരൂരും ഫലസ്തീനെ അക്രമിക്കുമ്പോൾ മുസ്ലിംലീഗ് സമസ്തയെ പ്രകടനം നടത്തി തോൽപിച്ചതിന്റെ ആഹ്ലാദത്തിലാണെന്നും സ്വരാജ് പറഞ്ഞു.




