കോഴിക്കോട് :കോൺഗ്രസിന്റെ ഫലസ്തീൻ റാലിയിൽ പ്രവർത്തക സമിതി അംഗമായി ശശി തരൂരിനെ പങ്കെടുപ്പിച്ചേക്കില്ല. പരിപാടിയിൽ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തിൽ തരൂരിന്റെ പേരില്ല. 23ന് കോഴിക്കോട്ട് നടക്കുന്ന കോൺഗ്രസിന്റെ ഫലസ്തീൻ റാലി കെ സി വേണുഗോപാലാണ് ഉദ്ഘാടനം ചെയ്യുക, കെ സുധാകരൻ അധ്യക്ഷനാകും. വിഡി സതീശനെ കൂടാതെ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമാകും മറ്റ് പ്രഭാഷകർ. തരൂരിന് പ്രത്യേക റോളൊന്നും റാലിയിൽ ഇല്ല.

അതിനിടെ ഫലസ്തീൻ വിഷയത്തിലെ പ്രസ്താവന ശശി തരൂർ തിരുത്തണമെന്ന് കെ മുരളീധരൻ എംപി ആവശ്യപ്പെട്ടു. തരൂരിന്റെ ആ ഒരു വാചകം കോൺഗ്രസ് അംഗീകരിക്കുന്നില്ല. കോൺഗ്രസിന്റെ ഫലസ്തീൻ നിലപാടിൽ ആശയക്കുഴപ്പം ഉണ്ടാക്കിയത് തരൂരാണ്. തരൂർ പ്രസ്താവന തിരുത്തിയാൽ എല്ലാ പ്രശ്നങ്ങളും അതോടെ അവസാനിക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. കെപിസിസിയുടെ നിലപാടിനൊപ്പമാണ് ഈ വിഷയത്തിൽ മുരളീധരൻ. ഹമാസിനെ തീവ്രവാദിയെന്ന് വിളിച്ച കെകെ ശൈലജയുടെ വാക്കുകൾ ഉയർത്താനാണ് കോൺഗ്രസ് നീക്കം.

ഈ സാഹചര്യത്തിലാണ് കോഴിക്കോട്ടെ പരിപാടിയിൽ തരൂരിനെ ഒഴിവാക്കുന്നതെന്നാണ് വിലയിരുത്തൽ. പ്രവർത്തകസമിതി അംഗമെന്ന രീതിയിൽ തരൂരെത്തിയാൽ പല പ്രഭാഷകരിൽ അവസാന ഊഴം മാത്രമാണ് ലഭിക്കുക. തരൂരിന്റെ ലീഗ് റാലിയിലെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ വീണ്ടും അദ്ദേഹത്തെ കൊണ്ട് വരേണ്ടതില്ലെന്നാണ് കെ സുധാകരനും സതീശനും അടക്കമുള്ള നേതാക്കളുടെ നിലപാട് .കെ മുരളീധരനും എംഎം ഹസനുമടക്കമുള്ള മുൻ കെപിസിസി പ്രസിഡണ്ടുമാർക്കും ഇതേ നിലപാടാണ്.

തൂരിന്റെ നിലപാട് പാർട്ടി അംഗീകരിക്കുന്നില്ല. അത്തരം നിർദേശങ്ങൾ കോൺഗ്രസ് പ്രവർത്തക സമിതി തള്ളിക്കളഞ്ഞതാണ്. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുടെ നിലപാട് രമേശ് ചെന്നിത്തല കോഴിക്കോട് വന്ന് വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മുരളീധരൻ പറയുന്നു. ഒക്ടാബർ ഏഴിന് നടന്ന സംഭവങ്ങൾ വർഷങ്ങളായി പീഡനം അനുഭവിക്കുന്ന ഒരു ജനതയുടെ വികാരപ്രകടനമായിട്ട് മാത്രമേ കോൺഗ്രസ് കാണുന്നുള്ളൂവെന്നും മുരളീധരൻ പറഞ്ഞു. കോൺഗ്രസ് സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് ശശി തരൂരിനെ ക്ഷണിക്കാത്തത് അദ്ദേഹത്തിന്റെ പ്രസ്താവന മൂലമാണോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് സംഘാടകരാണ് തീരുമാനമെടുക്കേണ്ടതെന്ന് മുരളീധരൻ പറഞ്ഞു.

തരൂരിന്റെ അന്നത്തെ ഒരു വാചകം അദ്ദേഹം തിരുത്തേണ്ടതാണ്. അതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമായത്. തരൂർ അത് തിരുത്തുമെന്നാണ് തന്റെ പ്രതീക്ഷ. അതേസമയം ശൈലജ ടീച്ചറുടെ പ്രസ്താവന തിരുത്താൻ മുഖ്യമന്ത്രി തയ്യാറുണ്ടോ. അതു തിരുത്താതെ ഇതുമാത്രം പൊക്കി പിടിക്കുന്നത് രാഷ്ട്രീയനേട്ടത്തിന് വേണ്ടിയാണ്. ഒക്ടോബർ ഏഴിന് നടന്നത് ഒരു ഭീകരാക്രമണം അല്ല എന്ന നിലപാടാണ് കോൺഗ്രസ് പാർട്ടിക്കുള്ളത്. ദുരിതം അനുഭവിക്കുന്ന ജനതയുടെ വികാരപ്രകടനമാണ്.

അതിനുശേഷം നടക്കുന്ന എല്ലാം ഒരു ജനതയെ ഇല്ലാതാക്കാനുള്ള ശ്രമമാണ്. അതിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കേണ്ടതിന് പകരം വിഭജനത്തിന്റെ കട തുറക്കാനാണ് മാർക്സിസ്റ്റ് പാർട്ടി ശ്രമിക്കുന്നതെന്ന് കെ മുരളീധരൻ ആരോപിച്ചു.