തിരുവനന്തപുരം: അയോധ്യ രാമക്ഷേത്രപ്രതിഷ്ഠാദിനത്തിൽ ആശുപത്രികൾക്ക് അവധി നല്കിയ വിഷയത്തിൽ വിമർശനവുമായി ശശി തരൂർ എംപി. പ്രാർത്ഥിക്കേണ്ടവർക്ക് പോയി പ്രാർത്ഥിക്കാമെന്നും അല്ലാത്തവർക്ക് ചടങ്ങ് ടിവിയിൽ കാണാമെന്നും രോഗികളെ ബുദ്ധിമുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവും തരൂർ നടത്തി.

അയോധ്യ ചടങ്ങ് രാഷ്ട്രീയവേദി പോലെയായെന്നും ബിജെപിയുടെ ഉദ്ദേശ്യം എപ്പോഴും രാഷ്ട്രീയം തന്നെയായിരുന്നുവെന്നും തരൂർ വിമർശിച്ചു. തിങ്കളാഴ്ച പ്രധാനമന്ത്രി രാമക്ഷേത്രം ഉദ്ഘാടനം ചെയ്യും. അതിനുശേഷം ഫെബ്രുവരി 14ന് അബുദാബിയിലെ ഹിന്ദുക്ഷേത്രം ഉദ്ഘാടനം ചെയ്യും. അതുകഴിഞ്ഞ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും തരൂർ പറഞ്ഞു. ഹിന്ദുത്വം ഉയർത്തിയാകും ബിജെപി പ്രചരണമെന്നും തരൂർ പറഞ്ഞു. കോൺഗ്രസും തിരഞ്ഞെടുപ്പിന് തയ്യാറാണെന്നാണ് തരൂർ വിശദീകരിക്കുന്നത്.

2014ൽ മോദി മത്സരിച്ചത് വികസനത്തിന്റെ പേരിലാണ്. ഗുജറാത്തിനെ ഒരു സമ്പന്നസംസ്ഥാനമാക്കിയപോലെ രാജ്യത്തെയും ആക്കുമെന്നു പറഞ്ഞു. അത് നടന്നില്ലെന്ന് എല്ലാവർക്കുമറിയാം. 2016 ൽ നോട്ടുനിരോധനം വന്നതിനു ശേഷം എന്തെല്ലാം നഷ്ടങ്ങൾ അനുഭവിക്കേണ്ടിവന്നു. ഇതെല്ലാം കാരണമാണ് അദ്ദേഹത്തിന് 2019ൽ കളംമാറ്റേണ്ടി വന്നതെന്നും തരൂർ പറഞ്ഞു. ഭാരതത്തെ സംരക്ഷിക്കാനാണ് ഇറങ്ങിയിരിക്കുന്നതെന്നു പറഞ്ഞ് പാക്കിസ്ഥാനെതിരായ മിന്നലാക്രമണം ഉയർത്തിയാണ് അന്ന് അദ്ദേഹം ജയിച്ചത്. ഇതിനു ശേഷമാണ് ചൈന നമുക്ക് തിരിച്ചടി തന്നത്. ആ ഭൂമികൂടി തിരിച്ചുപിടിക്കാൻ പറ്റാത്ത സർക്കാർ എങ്ങനെയാണ് ആ വിഷയത്തെക്കുറിച്ച് സംസാരിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി സർക്കാർ വികസന വിഷയത്തിലും പരാജയപ്പെട്ടു.ആ മുദ്രാവാക്യം അവർക്ക് മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കില്ല. ദേശീയസുരക്ഷയെക്കുറിച്ച് അവർക്ക് പറയാനുള്ള അവകാശമില്ല. കാരണം എല്ലാവരും ചൈനയെ ചൂണ്ടിക്കാട്ടും. അപ്പോൾ പിന്നെ ഒറ്റ വിഷയമേ ബാക്കിയുള്ളൂ. ഹിന്ദുത്വ വിഷയത്തിലായിരിക്കും അവരുടെ പ്രചരണമെന്നതിൽ ഒരു സംശയവുമില്ല. അതിന്റെ പേരിൽ ചിലർക്ക് വോട്ടുചെയ്യാൻ തോന്നിയാൽ അതിൽ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും തരൂർ വിശദീകരച്ചു.

ഞങ്ങൾക്ക് ജനങ്ങളോടു ചൂണ്ടിക്കാണിക്കാൻ പോകുന്ന പ്രശ്‌നങ്ങൾ അവരുടെ ജീവിതത്തെക്കുറിച്ചാണ്. നിങ്ങൾ 10 വർഷം മുമ്പ് തൊഴിൽ കിട്ടുമെന്ന് വിചാരിച്ച് വോട്ടുചെയ്തിട്ട് ഇപ്പോൾ തൊഴിൽ ഉണ്ടോ എന്നും തരൂർ ചോദിച്ചു.