തിരുവനന്തപുരം: ശശി തരൂരിന്റെ ഹമാസ് ഭീകരരെന്ന പ്രസ്താവനയിൽ ബിജെപിക്കുള്ളിൽ രണ്ടഭിപ്രായം. ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ തരൂരിനെ വിമർശിക്കുമ്പോൾ സുരേഷ് ഗോപിയുടെ അഭിപ്രായം അതല്ല. തരൂർ പറഞ്ഞതാണ് ശരിയെന്ന് സുരേഷ് ഗോപി വിശദീകരിക്കുന്നു. ഇതോടെ തരൂർ വിഷയത്തിൽ ബിജെപി നിലപാട് അവ്യക്തമായി തുടരുകയാണ്. കേന്ദ്ര സർക്കാരിനോട് ചേർന്ന് നിൽക്കുന്ന തരത്തിലായിരുന്നു തരൂരിന്റെ വിശദീകരണമെന്നതാണ് വസ്തുത.

ഫലസ്തീനെ അംഗീകരിക്കുകയും ഇസ്രയേലിൽ ഹമാസ് നടത്തിയത് തീവ്രവാദ ആക്രമണമാണെന്ന് പറയുന്നതാണ് മോദി സർക്കാരിന്റെ ശൈലി. ഇതാണ് മുസ്ലിം ലീഗ് യോഗത്തിലും തരൂർ എടുത്തത് എന്നാണ് വിലയിരുത്തൽ. എന്നാൽ തരൂരിന്റെ പ്രസ്താവനയെ സംശയത്തിൽ കാണുകയാണ് ബിജെപി. സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. യുദ്ധത്തെ കേരളത്തിലെ ഇരുമുന്നണികളും വർഗീയ ധ്രുവീകരണത്തിനുള്ള വേദിയാക്കി മാറ്റുന്നുവെന്ന് സുരേന്ദ്രൻ പറയുന്നു. തിരുവനന്തപുരത്തെ വോട്ടർമാരെ മുന്നിൽക്കാണ്ടാണ് തരൂർ മുസ്ലിം ലീഗ് റാലിക്കിടെ ഇസ്രയേൽ അനുകൂല പരാമർശം നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു. പോപ്പുലർ ഫ്രണ്ടില്ലാത്ത ശൂന്യത അവർ സ്വീകരിക്കുന്ന നിലപാടുകൾ പരോക്ഷമായി ഉയർത്തി ലീഗും ഡിവൈഎഫ്ഐ.യും നികത്തുകയാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

'തരൂർ തട്ടിപ്പല്ലേ, തിരുവനന്തപുരത്തെ വോട്ടർമാരെ മുന്നിൽ കണ്ടാണ് ഒരു വാചകം പറഞ്ഞത്. അത് മനസ്സിലാക്കാനുള്ള ബുദ്ധിയില്ലാത്തവർ ആരാണ്? ബാക്കി പറഞ്ഞതെല്ലാം രാജ്യദ്രോഹ നിലപാടാണ്. ഒരു വാചകം അങ്ങനെ പറഞ്ഞു എന്ന് കേൾക്കുമ്പോഴേക്കും തരൂരിന്റെ നിലപാടിനെ സ്വാഗതം ചെയ്യേണ്ട കാര്യമില്ലല്ലോ. ഹമാസിനു വേണ്ടിയുള്ള സമ്മേളനമാണ് അവിടെ നടന്നത്. പി.എഫ്.ഐ. ഇല്ലാത്ത ശൂന്യത ലീഗും ഡിവൈഎഫ്ഐ.യും കൂടി നികത്തുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ അതേ വാദമാണ് അവർ പരോക്ഷമായി ഉയർത്തുന്നത്. തരൂരിനറിയാം ആ കളിയും കൊണ്ട് ഇവിടെ വന്നാൽ എന്താകുമെന്ന്. അത് അറിയാമെന്നതു കൊണ്ടാണ് ഒരു വാചകം അങ്ങനെ പറഞ്ഞത്. അത് അദ്ദേഹം സ്ഥിരം ഉപയോഗിക്കുന്ന ഒരു കുടിലതന്ത്രമാണ്'.- കെ. സുരേന്ദ്രൻ ആരോപിച്ചു

എന്നാൽ സുരേഷ് ഗോപി കാര്യങ്ങളെ അങ്ങനെ അല്ല കാണുന്നത്. ഹമാസിനെ ഭീകരവാദികൾ എന്ന് വിശേഷിപ്പിച്ച ശശി തരൂർ എംപിയുടെ അഭിപ്രായത്തെ പിന്തുണച്ച് സുരേഷ് ഗോപി രംഗത്തു വരുന്നു. തരൂർ പഠിക്കാതെ ഒരു കാര്യവും പറയില്ലെന്നും അതിൽ തെറ്റായി ഒന്നും വ്യാഖ്യാനിക്കാനില്ലെന്നും സുരേഷ് ഗോപി പറയുന്നു. സുരേന്ദ്രന്റെ തിരുവനന്തപുരം വാദത്തോട് യോജിക്കാത്തതാണ് സുരേഷ് ഗോപിയുടെ വാക്കുകൾ. ഇതോടെ തരൂരിനെ പിന്തുണയ്ക്കണോ വേണ്ടയോ എന്നറിയാത്ത പ്രതിസന്ധിയിലായി കേരളത്തിലെ നേതാക്കൾ. വിവാദത്തിൽ ബിജെപി കേന്ദ്ര നേതൃത്വം പ്രതികരിക്കുമോ എന്നതാണ് ഇനി നിർണ്ണായകം.

ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന സമ്മേളനത്തിൽ രാജ്യദ്രോഹ മുദ്രാവാക്യങ്ങളാണ് ഉയർന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. ഇസ്രയേലിനെതിരെ എന്ന നിലയിൽ പച്ചയായി ഹമാസിനെ വെള്ളപൂശുന്ന നിലപാടാണ് ലീഗ് സമ്മേളനത്തിലുടനീളം കണ്ടത്. എംഎ‍ൽഎ.യും മുസ്ലിംലീഗ് നേതാവുമായ എം.കെ. മുനീർ ഹമാസിനെ ഭഗത്സിങ്ങിനെ പോലുള്ള സ്വാതന്ത്ര്യസമര സേനാനികളോടാണ് ഉപമിച്ചത്. തികച്ചും വിനാശകരമായ ഒരു നിലപാടണതെന്നും സുരേന്ദ്രൻ പറയുന്നു.

വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയാന്തരീക്ഷം സൃഷ്ടിക്കാനും മതധ്രുവീകരണത്തിലൂടെ വോട്ട് നേടാനുമുള്ള വിലകുറഞ്ഞ രാഷ്ട്രീയ സ്റ്റണ്ടാണ് കേരളത്തിൽ നടക്കുന്നത്. ശശി തരൂർ ആ സമ്മേളനത്തിൽ പങ്കെടുത്തത് വർഗീയ ശക്തികളുടെ വോട്ട് നേടാനുള്ള സമീപനത്തിന്റെ ഭാഗമായാണ്. നേരത്തെ ഇടതുപക്ഷസംഘടനകൾ പരസ്യമായി തെരുവിലിറങ്ങി ഹമാസ് അനുകൂല മുദ്രാവാക്യം മുഴക്കുന്നത് കണ്ടു. ഇപ്പോൾ യു.ഡി.എഫും മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ ഹമാസ് അനുകൂല നിലപാട് സ്വീകരിക്കുകയാണെന്നും കെ. സുരേന്ദ്രൻ ആരോപിച്ചു.

എന്നാൽ തരൂരിനെ പിന്തുണയ്ക്കണമെന്ന് തന്നെയാണ് സുരേഷ് ഗോപി വാക്കുകളിലൂടെ പറഞ്ഞ വികാരം. 'തരൂർ പറഞ്ഞതിൽ എന്താണ് തെറ്റ്. ഞാൻ അതിനു മുൻപ് പറഞ്ഞില്ലേ. ഇസ്രയേലിൽ നിന്നു വിളിച്ച അവിടുത്തെ മലയാളികളോട് പറഞ്ഞില്ലേ. മുസ്‌ലിംകളുടെ ശത്രുവാണ് ഹമാസ്, ഇസ്രയേലിന്റെ അല്ല. മുസ്‌ലിംകളാണ് അവരെ തീർക്കേണ്ടത്. തരൂരിനെ പോലൊരാൾ പഠിക്കാതെ ഒന്നും പറയില്ല. അതിൽ കോൺഗ്രസും ബിജെപിയും ഒന്നുമില്ല. മനുഷ്യരല്ലേ എല്ലാവരും, അവർക്കവരുടെ അഭിപ്രായം പറഞ്ഞുകൂടേ. അവർ കണ്ടതും മനസ്സിലാക്കിയതും പറഞ്ഞുകൂടേ.

മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, നരസിംഹ റാവു.. അതുവരെയുള്ള നേതാക്കന്മാരുടെ ഒരു അനുചരൻ തന്നെയാണ് അദ്ദേഹം. അടിയുറച്ച കോൺഗ്രസുകാരനാണ്. അതിലൊന്നും വ്യത്യാസമില്ല. ചില സത്യങ്ങൾ പറയാൻ പാടില്ല എന്ന് ആരും നിർബന്ധിക്കരുത്. ഫലസ്തീനിലുള്ളതും മനുഷ്യരാണ്. അവിടെയുള്ള സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അവസ്ഥ കണ്ടാൽ നമ്മുടെ കരളലിയുകയല്ല, കരൾ മുറിയും. യുദ്ധം അവസാനിപ്പിക്കണം, ഈ ഹത്യയെല്ലാം അവസാനിക്കണം-സുരേഷ് ഗോപി പറയുന്നു.