- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ ചികിൽസാ വിവാദം ചർച്ചയാക്കിയത് പിണറായിക്ക് പിടിച്ചില്ല; ഇപ്പോഴിതാ മുസ്ലിം സമുദായത്തെ അടുപ്പിക്കാനുള്ള മലബാർ തന്ത്രത്തിനും പാര; തട്ടം വിവാദത്തിൽ അനിൽകുമാറിനെ പാർട്ടി ഒറ്റപ്പെടുത്തും; ജലീലും ആരിഫും ഒരുമിക്കുമ്പോൾ
ആലപ്പുഴ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ തുടക്കത്തിൽ ഉമ്മൻ ചാണ്ടിയുടെ ചികിൽസാ വിവാദം ചർച്ചയാക്കിയ സിപിഎം നേതാവാണ് കെ അനിൽകുമാർ. സംസ്ഥാന നേതൃത്വം അത് അംഗീകരിച്ചില്ല. ആ വിവാദം പിന്നീട് പരസ്യമായി നേതാക്കളാരും ഏറ്റെടുത്തില്ല. ഇപ്പോഴിതാ വേറൊരു വിവാദത്തിൽ കുടുങ്ങുകയാണ് അനിൽകുമാർ. വിവാദ തട്ട പരാമർശത്തിൽ സിപിഎം സംസ്ഥാന സമിതി അംഗം കെ.അനിൽകുമാറിന്റെ പ്രസ്താവന കടന്നതായി എന്നതാണ് സിപിഎം നേതൃത്വത്തിന്റെ വിലയിരുത്തൽ. മുസ്ലിം വിഭാഗത്തെ സിപിഎമ്മുമായി അടുപ്പിക്കാനുള്ള ശ്രമത്തിനിടെയാണ് അനിൽകുമാറിന്റെ വിവാദം എത്തുന്നത്. കാന്തപുരത്തെ പോലുള്ളവർ ഇതിനെതിരെ നീരസത്തിലുമാണ്.
ഇതിനിടെയാണ് അനിൽകുമാറിനെ തള്ളി കെടി ജലീൽ എംഎൽഎ രംഗത്തു വന്നത്. ഇത് സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ്. അനിൽകുമാറിന്റെ പാർട്ടിയുടേത് അല്ലന്ന് വ്യക്തമാക്കിയ കെ.ടി.ജലീൽ എംഎൽഎയെ പിന്തുണച്ച് എ.എം.ആരിഫ് എംപിയും രംഗത്തു വന്നു. മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവർ വരും ദിവസങ്ങളിൽ പ്രതികരിക്കും. മുസ്ലിം സമുദായത്തെ വേദനിപ്പിക്കുന്ന തരത്തിൽ വിവാദം കൊണ്ടു പോകില്ല. സിപിഎം സംസ്ഥാന നേതൃത്വവും പരസ്യമായി അനിൽകുമാറിനെ തള്ളി പറയും.
തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്ത് ഉണ്ടായത് കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാധീനംമൂലമാണെന്നായിരുന്നു അനിൽകുമാറിന്റെ പരാമർശം. എന്നാൽ അനിൽ കുമാറിന്റേത് വ്യക്തിപരവും അബദ്ധ പരാമർശവുമാണെന്ന് ചൂണ്ടിക്കാട്ടി കെ.ടി.ജലീൽ രംഗത്തെത്തിയിരുന്നു. സിപിഎമ്മിന് ഇത്തരത്തിലുള്ള നിലപാടില്ലെന്ന് വിശദീകരിച്ച് കൊണ്ട് കെ.ടി.ജലീൽ ഫേസ്‌ബുക്കിലിട്ട പോസ്റ്റ് എ.എം.ആരിഫ് ഷെയർ ചെയ്തിട്ടുണ്ട്. സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗമായ ആരിഫ് എംപിയെ കുറിച്ചും ജലീൽ തന്റെ പോസ്റ്റിൽ പരാമർശിച്ചിരുന്നു. ഈ പോസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവരുടെ അറിവോടെയാണെന്നും സൂചനയുണ്ട്.
'എന്റെ സുഹൃത്തും സിപിഐ (എം) ആലപ്പുഴ ജില്ലാകമ്മിറ്റി അംഗവുമായ എ.എം ആരിഫ് എംപിയുടെ വന്ദ്യ മാതാവ് ഒരാഴ്ച മുമ്പാണ് മരണപ്പെട്ടത്. ഞാൻ അദ്ദേഹത്തിന്റെ വീട് സന്ദർശിച്ചിരുന്നു. തന്റെ ഉമ്മയുടെ മയ്യത്ത് നമസ്‌കാരത്തിന് നേതൃത്വം നൽകിയത് ആരിഫാണ്. മതാചാരപ്രകാരം ജീവിക്കുന്ന ലക്ഷക്കണക്കിന് സഖാക്കൾ ഉള്ള നാടാണ് കേരളം, ബഹുജന പാർട്ടിയാണ് സിപിഐ (എം). അത് മറന്ന് ചില തൽപരകക്ഷികൾ അഡ്വ: അനിൽകുമാറിന്റെ വ്യക്തിപരമായ നിരീക്ഷണം സിപിഐ. എമ്മിന്റേതാണെന്ന വരുത്തിത്തീർത്ത് വിശ്വാസികളായ മുസ്ലിം വിഭാഗത്തിനിടയിൽ പ്രചരിപ്പിക്കുന്നത് മാന്യതക്ക് ചേർന്നതല്ല' ജലീൽ വ്യക്തമാക്കി. അനിൽ കുമാറിന്റെ പരാമർശത്തിനെതിരെ വിവിധ മുസ്ലിം സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
തട്ടം വേണ്ടെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടു തന്നെയാണെന്ന് കെ. അനിൽകുമാർ പറഞ്ഞതാണ് വിവാദത്തിന് കാരണം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ സി.രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള യുക്തിവാദ സംഘടനയായ എസ്സൻസ് ?ഗ്ലോബൽ സംഘടിപ്പിച്ച ലിറ്റ്മസ്'23- നാസ്തിക സമ്മേളനത്തിലാണ് അനിൽകുമാറിന്റെ പരാമർശം.
സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ലെന്നും മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് എസ്സെൻസിനോടല്ല, മാർക്സിസ്റ്റ് പാർട്ടിയോടാണെന്നും കെ. അനിൽകുമാർ അഭിപ്രായപ്പെട്ടു. ചൂഷണത്തെ എതിർക്കാൻ അണിനിരത്തുക എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും സിപിഎം നേതാവ് പറഞ്ഞു. ഏകീകൃത സിവിൽകോഡ് ആവശ്യമുണ്ടോ എന്ന സെഷനിലായിരുന്നു കെ. അനിൽകുമാറിന്റെ വിവാദ പരാമർശങ്ങൾ.
അഡ്വ. കെ അനിൽകുമാറിന്റെ പ്രസംഗത്തിൽ നിന്ന്-
'മലപ്പുറത്ത് നിന്ന് വരുന്ന പുതിയ പെൺകുട്ടികളെ കാണൂ നിങ്ങൾ. തട്ടം തലയിലിടാൻ വന്നാൽ അത് വേണ്ടായെന്ന് പറയുന്ന പെൺകുട്ടികൾ മലപ്പുറത്തുണ്ടായത് ഈ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ വന്നതിന്റെ ഭാഗമായിട്ടുതന്നെയാണ്, വിദ്യാഭ്യാസമുണ്ടായതിന്റെ ഭാഗമായിത്തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതുകൊണ്ട് സ്വതന്ത്രചിന്ത വന്നതിൽ ഈ പ്രസ്ഥാനത്തിന്റെ പങ്ക് ചെറുതല്ല.
പട്ടിണി കിടക്കുന്ന സമൂഹത്തിലെ എല്ലാവരും മതരഹിതരാണെങ്കിൽ ആ സമൂഹം പുരോഗമന സമൂഹമാണെന്ന് സിപിഎം വിശ്വസിക്കുന്നില്ല. മുസ്ലിം സ്ത്രീകൾ പട്ടിണി കിടക്കുന്നില്ലെങ്കിൽ അതിനു നന്ദി പറയേണ്ടത് എസ്സെൻസിനോടല്ല, മാർക്സിസ്റ്റ് പാർട്ടിയോടാണ്. ഒരു യുക്തിവാദപ്രസ്ഥാനത്തിന്റെയും പിന്തുണ കൊണ്ടല്ല പട്ടിണി മാറുന്നത്. പട്ടിണി മാറ്റുക എന്നത് വർഗസമരത്തിന്റെ ഭാഗമായി തൊഴിലാളിയുടെ പണിയാണ്, കൃഷിക്കാരന്റെ പണിയാണ്. ആ കൃഷിക്കാരൻ ദൈവത്തിൽ വിശ്വസിക്കുന്നുണ്ടാവും. മതത്തിൽ വിശ്വസിക്കുന്നുണ്ടാവും. അത് രണ്ടാമത്തെ കാര്യമാണ്. ചൂഷണത്തെ എതിർക്കാൻ അണിനിരത്തുക എന്നതാണ് ഞങ്ങളുടെ രാഷ്ട്രീയം'.
മുസ്ലിം സംഘടനകൾ പ്രതിഷേധത്തിൽ
സിപിഎമ്മിന്റെ പ്രഖ്യാപിത നിലപാടാണ് കെ.അനിൽ കുമാർ പറഞ്ഞതെന്ന് സമസ്ത നേതാവ് അബ്ദുസമദ് പൂക്കോട്ടൂർ പറഞ്ഞു. അനിൽ കുമാറിന്റെ പ്രസംഗം മുസ്‌ലിം സമൂഹത്തോടുള്ള വെല്ലുവിളിയാണെന്ന് കേരള മുസ്ലിം ജമാഅത്ത് പ്രതികരിച്ചു. സമസ്ത ഇരുവിഭാഗങ്ങൾ, മുജാഹിദ്, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളാണ് കെ.അനിൽ കുമാറിന്റെ വിവാദ പരാമർശത്തിനെതിരെ രംഗത്തെത്തിയത്. പ്രസംഗം പിൻവലിച്ച് അനിൽ കുമാർ മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു.
അനിൽകുമാറിന്റേത് തികഞ്ഞ മുസ്‌ലിം വിരുദ്ധ പരാമർശമെന്ന് കെ.എൻ.എം വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ പറഞ്ഞു. പുരോഗമനത്തെക്കുറിച്ചും വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും മലപ്പുറത്തെക്കുറിച്ചും സിപിഎം നിലപാട് വ്യക്തമാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി.മുജീബ് റഹ്‌മാൻ ഫേസ്‌ബുക്കിൽ കുറിച്ചു.
സിപിഎമ്മിന്റെ മുസ്‌ലിംവിരുദ്ധത കെ.അനിൽകുമാറിലൂടെ ഒരിക്കൽ കൂടി പുറത്തുവന്നെന്ന് ജി.ഐ.ഒ. മതനിരപേക്ഷത സമൂഹത്തെ അല്ല മതരഹിത സമൂഹമാണ് ഇടതുപക്ഷം ലക്ഷ്യം വെക്കുന്നത് എന്നതിന്റെ തെളിവാണ് ഈ പ്രസ്താവനയെന്ന് ഐഎസ്എമ്മും പ്രതികരിച്ചു.




