തിരുവനന്തപുരം: സോളാർ കേസിൽ ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങൾക്കു മറുപടി പറയാനില്ലെന്ന് മുൻ ആഭ്യന്തര മന്ത്രിയും കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. മുഖ്യമന്ത്രിയും ദല്ലാളും അങ്ങോട്ടും ഇങ്ങോട്ടും പറയുന്നതിൽ മൂന്നാംകക്ഷി അഭിപ്രായം പറയേണ്ടതില്ലെന്ന് തിരുവഞ്ചൂർ പ്രതികരിച്ചു.

കോൺഗ്രസിന്റെ രണ്ട് മുൻ ആഭ്യന്തര മന്ത്രിമാർ മുഖ്യമന്ത്രിയാവാൻ ആഗ്രഹിച്ചെന്നും അതിന്റെ ഫലമായി ഉമ്മൻ ചാണ്ടി തേജോവധം ചെയ്യപ്പെട്ടെന്നും നന്ദകുമാർ ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമ ചോദ്യങ്ങൾക്കാണ് തിരുവഞ്ചൂർ മറുപടി നല്കിയത്. ''അതിനൊക്കെ ഞാൻ മറുപടി പറയണോ? നമ്മളാരാണെന്നുള്ളത് ജനങ്ങൾക്കറിയില്ലേ? ''

മുഖ്യമന്ത്രി പറഞ്ഞതിനു മറുപടി പറയാനായിരിക്കാം ദല്ലാൾ വാർത്താ സമ്മേളനം നടത്തിയത്. ആ കൂട്ടത്തിൽ ഇതും കൂടി കൂട്ടിച്ചേർത്തെന്നേയുള്ളൂ. അതിനെ ഗൗരവമായി കാണുന്നില്ല. ഗൗരവമായ രാഷ്ട്രീയത്തെക്കുറിച്ചു പറയുന്നതിനിടയ്ക്ക് ഇതുപോലുള്ള ചെറിയ കാര്യങ്ങൾക്കു തലവച്ചു കൊടുക്കുന്നതു ശരിയല്ല.

മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിച്ചെന്ന ഈ തമാശ താൻ കേൾക്കാൻ തുടങ്ങിയിട്ടു കാലം കുറേയായി. അതിനെയൊന്നും ഗൗരവമായി കാണുന്നില്ല. താൻ ആരാണെന്ന് എനിക്കറിയാം, നാട്ടുകാർക്കുമറിയാമെന്ന് തിരുവഞ്ചൂർ പറഞ്ഞു.

ടെനി ജോപ്പന്റെ അറസ്റ്റ് ഉമ്മൻ ചാണ്ടി അറിഞ്ഞിരുന്നില്ലെന്ന, കെസി ജോസഫിന്റെ അഭിപ്രായം ഗൗരവം കുറച്ചു കാണുന്നില്ല. എന്നാൽ പാർട്ടി അച്ചടക്കസമിതി ചെയർമാനായ താൻ അതിന് പുറത്ത് അഭിപ്രായം പറയുന്നതു ശരിയല്ല. പറയേണ്ടത് പാർട്ടി നേതൃത്വത്തോടു പറഞ്ഞിട്ടുണ്ട്. പാർട്ടി നടപടി വരട്ടെ, അതിനു ശേഷം അഭിപ്രായം പറയാമെന്ന് തിരുവഞ്ചൂർ പറഞ്ഞു.

കത്ത് പുറത്തുവരണമെന്നും കലാപമാകണമെന്നും യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാർ ആഗ്രഹിച്ചെന്നും ഇതാണു കോൺഗ്രസിന്റെ തോൽവിക്കു കാരണമായതെന്നും നന്ദകുമാർ പത്രസമ്മേളനത്തിൽ ആരോപിച്ചിരുന്നു. പരാതിക്കാരിക്ക് 1.25 ലക്ഷം രൂപ നൽകിയിട്ടുണ്ട്. കത്ത് പുറത്തുവിടണമെന്നു തോന്നിയത് ഉമ്മൻ ചാണ്ടിയുടെ പേര് അതിൽ ഉണ്ടായിരുന്നതു കൊണ്ടാണ്. രണ്ട് സിബിഐ കേസുകളിൽ ഉമ്മൻ ചാണ്ടി എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. രണ്ടു കത്തുകളുണ്ട്. 25 പേജുള്ള കത്താണ് ഒറിജിനൽ എന്നാണ് കരുതുന്നത്. ഗണേശ് കുമാറുമായി ഒരു ബന്ധവുമില്ലെന്നും നന്ദകുമാർ പറഞ്ഞു.

''കത്ത് സംഘടിപ്പിക്കാൻ വി എസ്.അച്യുതാനന്ദൻ പറഞ്ഞു. അതുപ്രകാരമാണ് ശരണ്യ മനോജിനെ ബന്ധപ്പെട്ടത്. കത്ത് എനിക്കു നൽകിയത് ശരണ്യ മനോജാണ്. കത്തു നൽകിയതിന് മാധ്യമപ്രവർത്തകനിൽനിന്ന് പണം കൈപ്പറ്റിയില്ല. അതേ സമയം 1.25 ലക്ഷം രൂപ പരാതിക്കാരിക്കു നൽകിയിട്ടുണ്ട്. ബെന്നി ബഹനാനും തമ്പാനൂർ രവിയും മറ്റും അമ്മയുടെ ചികിത്സയക്ക് പണം നൽകാമെന്നു പറഞ്ഞ് പരാതിക്കാരിയെ കഷ്ടപ്പെടുത്തി. ഇതിനു ശേഷമാണ് ചികിത്സയ്ക്കാവശ്യമായ പണം അവർക്കു നൽകിയത്. കത്തിൽ ഉമ്മൻ ചാണ്ടിയുടെ പേരുണ്ടായിരുന്നു. പിണറായിയെ കണ്ട് കത്തിലെ വിവരങ്ങൾ ധരിപ്പിക്കുകയും കത്ത് വായിക്കാൻ വി എസ്.അച്യുതാനന്ദന് നൽകുകയും ചെയ്തു.

പിണറായി വിജയൻ മുഖ്യമന്ത്രിയായി മൂന്നു മാസം കഴിഞ്ഞ് പരാതിക്കാരി നൽകിയ പരാതിയിൽ സാമ്പത്തികമായും ശാരീരികമായും ഉമ്മൻ ചാണ്ടി ദുരുപയോഗിച്ചു എന്നു പറയുന്നു. വീണ്ടും തിരഞ്ഞെടുപ്പായപ്പോൾ കേസ് സിബിഐയ്ക്ക് വിട്ടു. 2016 ൽ 74 സീറ്റിൽ ജയിക്കുമെന്ന് ഉമ്മൻ ചാണ്ടി വിമാനത്തിൽ വച്ച് എന്നോടു പറഞ്ഞു. എന്നാൽ, മൂന്നൂ പേർ മുഖ്യമന്ത്രിയാകാൻ ശ്രമിച്ചതോടെയാണ് ഉമ്മൻ ചാണ്ടിയെ തേജോവധം ചെയ്തത്. യുഡിഎഫിലെ രണ്ട് ആഭ്യന്തര മന്ത്രിമാർ കത്ത് പുറത്തവരണമെന്ന് ആഗ്രഹിച്ചു.

ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട് ഞാൻ കാരണം പിണറായി വിജയനു പ്രശ്‌നമുണ്ടായി. ഇത് അദ്ദേഹം പറയുകയും ചെയ്തു. പിന്നീട് പ്രശ്‌നങ്ങൾ മാറി. എനിക്കെതിരെ രണ്ടു കേസ് സിബിഐയ്ക്ക് വിട്ട് തേജോവധം ചെയ്ത ആളാണ് ഉമ്മൻ ചാണ്ടി. എന്നാൽ 2016 ലെ തിരഞ്ഞെടുപ്പിന് മുൻപ് അതു പരിഹരിക്കപ്പെട്ടു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പിലും സോളർ കേസ് വച്ച് എൽഡിഎഫ് നേട്ടമുണ്ടാക്കി. വി എം.സുധീരൻ ഉണ്ടാക്കിയ കലാപം, ജിഷ വധം, സോളാർ എന്നിവയായിരുന്നു 2016 ലെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനു നേട്ടമായത്. അന്നത്തെ തിരഞ്ഞെടുപ്പ് വിജയത്തിനു കാരണത്തിൽ 60 ശതമാനവും സോളർ കേസായിരുന്നു എന്നാണ് എൽഡിഎഫ് വിലയിരുത്തിയത്.''- നന്ദകുമാർ പറഞ്ഞു.