- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇഡി ഇന്നലെ പുറത്തുവിട്ടത് രഹസ്യ രേഖയൊന്നുമല്ലെന്ന് തോമസ് ഐസക്.
തിരുവനന്തപുരം: ഇഡി ഇന്നലെ പുറത്തുവിട്ടത് രഹസ്യ രേഖയൊന്നുമല്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. പബ്ലിക് ഡൊമൈനിൽ ഉള്ളതാണ്. നിയമസഭയിൽ ഹാജരാക്കിയതാണ്. അതിൽ നിന്ന് എന്തു നിയമലംഘനമാണ് തെളിയുന്നത്?പറയാൻ ഒന്നുമില്ലാതെ വരുമ്പോൾ കൈരേഖ കാണിച്ചു രേഖയുണ്ടെന്നു പറയുന്ന തമാശക്കഥകളിൽ ഒന്നുമാത്രമാണിതെന്നും ഐസക് തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.
ഒരു വർഷം അന്വേഷിച്ചിട്ട് എന്ത് നിയമലംഘനമാണ് ഇ.ഡി കണ്ടെത്തിയതെന്ന് വ്യക്തമാക്കണം. ഭയപ്പെടുത്താനുള്ള നടപടി വിലപോകില്ല. നിയമലംഘനമുണ്ടെങ്കിൽ നിശ്ചയമായും സഹകരിക്കും. ഇ.ഡിക്ക് മുമ്പിൽ ഹാജരാവില്ലെന്നും പകരം കോടതിയിൽ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
മസാല ബോണ്ട് നിയമപരമാണ്. ഇത് സർക്കാർ വായ്പയെടുക്കുന്ന പലിശയായി കണക്കാക്കാനാവില്ല. എസ്.എൽ.ആർ ബോണ്ട് 7-8 ശതമാനത്തിന് കിട്ടും. എന്നാൽ, കിഫ്ബി കൂടുതൽ വായ്പ എടുക്കാനായി ടെൻഡർ വിളിച്ചപ്പോൾ 10.15 ആയിരുന്നു കിട്ടിയത്. അതിനേക്കാൾ താഴെയാണ് മസാല ബോണ്ട്. ഡോളറിൽ വായ്പ എടുക്കേണ്ടിവരുമ്പോൾ എത്ര പലിശകൊടുക്കേണ്ടിവരുമെന്നാണ് ഞങ്ങൾ പരിശോധിച്ചത്. ഒരു ഡസൻ കമ്പനികളുടെ കണക്ക് അവിടെ പരിശോധിച്ചിട്ടുണ്ട്.
എടുക്കുന്നതിന് ഏറ്റവും ബുദ്ധിമുട്ടുള്ള ഒന്നാണ് ഇന്ത്യൻ റുപ്പി ഡിനോമിനേറ്റഡ് ബോണ്ട്. അത് വിജയകരമായി എടുത്തു എന്നുമാത്രമല്ല ആ വർഷത്തെ ജനറൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ ഏറ്റവും നല്ല ഇഷ്യുവായി അവർ അവാർഡും തന്നു. അത് കിഫ്ബിക്ക് നൽകിയിട്ടുള്ള വിശ്വാസ്യത ചെറുതല്ല. ഇന്നിപ്പോൾ മസാല ബോണ്ട് ഇറക്കാൻ പോയിട്ടുണ്ടെങ്കിൽ അനുവാദം കിട്ടുകയില്ല. അവസരം നോക്കി ഉപയോഗപ്പെടുത്തുന്നതാണ്. അല്ലാതെ പലിശനോക്കി ചെയ്യുന്നതല്ല.
നിങ്ങൾ തെറ്റുചെയ്തിട്ടുണ്ടോയെന്ന് അന്വേഷണം നടത്തണം എന്നുപറഞ്ഞ് അന്വേഷണം നടത്തുന്നത് ശരിയല്ല. അതുക്കൊണ്ട് എന്ത് നിയമലംഘനമാണ് ഇ.ഡി കണ്ടെത്തിയതെന്ന് വ്യക്തമാക്കണം. ഇ.ഡിയുടെ നടപടി കോടതിയുടെ അന്തസ്സത്തയ്ക്ക് എതിരാണെന്നും തോമസ് ഐസക് വ്യക്തമാക്കി.
തോമസ് ഐസക്കിന്റെ പോസ്റ്റ്:
ഇഡി ഇന്നലെ പുറത്തുവിട്ടത് രഹസ്യ രേഖയൊന്നുമല്ല. പബ്ലിക് ഡൊമൈനിൽ ഉള്ളതാണ്. നിയമസഭയിൽ ഹാജരാക്കിയതാണ്. അതിൽ നിന്ന് എന്തു നിയമലംഘനമാണ് തെളിയുന്നത്?പറയാൻ ഒന്നുമില്ലാതെ വരുമ്പോൾ കൈരേഖ കാണിച്ചു രേഖയുണ്ടെന്നു പറയുന്ന തമാശക്കഥകളിൽ ഒന്നുമാത്രമാണിത്.
മസാലബോണ്ട് ഇറക്കിയതും അതിന്റെ ധനവിനിയോഗവും തികച്ചും നിയമപരമായി നടന്ന ഒന്നാണു. ഇക്കാര്യം റിസർവ് ബാങ്ക് തന്നെ കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. 'The Rupee Denominated Bonds Which are issued overseas by eligible borrowers within the ECB framework are commonly known as Masala Bonds. External Commercial Borrowing by way of issuance of Rupee Denominated Bonds overseas by eligible borrowers was permitted by RBI...'
മസാലാ ബോണ്ട് FEMA നിയമപ്രകാരമുള്ള വിദേശ വാണിജ്യ വായ്പയാണ് എന്നാണ് അർത്ഥം. അത് അർഹരായവർക്ക് എടുക്കാം. കിഫ്ബി ഇതിന് അർഹരാണോ? ആർബിഐ സത്യവാങ്മൂലത്തിൽ തന്നെ പറയുന്നത് 'No objection Certificate was provided by RBI to the petitioners ....'. ആർബിഐയിൽ നിന്നുതന്നെ രജിസ്‌ട്രേഷൻ നമ്പരും നേടി. മസാല ബോണ്ട് തികച്ചും നിയമ വിധേയമാണ്. അതിറക്കാൻ കിഫ്ബിക്ക് ആർബിഐ അനുമതിയുണ്ട്. വസ്തുത ഇതാണല്ലോ? അപ്പോൾ മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ച ബോർഡ് യോഗത്തിൽ അതിനു അനുകൂലമായി അഭിപ്രായം പറഞ്ഞു എന്നതു മഹാപരാധമായി പറയുന്നതും ആഘോഷിക്കുന്നതും എത്രമേൽ അസംഗതമാണ്.
മസാല ബോണ്ട് ഒരു വർഷം ചികഞ്ഞിട്ടും ഇഡിക്ക് നിയമ ലംഘനം കണ്ടെത്താനായിട്ടില്ല. ഇഡിയാണു പറയേണ്ടത് എന്തു നിയമലംഘനമാണ് നടന്നതെന്ന്. അതു പറയാതെ നിയമലംഘനം നടന്നോയെന്ന് അറിയാനുള്ള ചുറ്റിക്കറങ്ങിയുള്ള അന്വേഷണം അഥവാ റോവിങ് എൻക്വയറി പാടില്ലായെന്നാണ് ഹൈക്കോടതി വിധിയുടെ അന്തസത്ത. എന്താണോ ചെയ്യരുതെന്നു കോടതി പറഞ്ഞത്, അതു വീണ്ടും ആവർത്തിക്കുകയാണ് ഇഡി. അതിനു വഴങ്ങാൻ ഉദ്ദേശിക്കുന്നില്ല. സമൻസ് വീണ്ടും അയച്ചാൽ കോടതിയുടെ സംരക്ഷണത്തിനു ഹർജി നൽകും. ഇപ്പോൾ തന്നെ കിഫ്ബിയുടെ സീനിയർ ഉദ്യോഗസ്ഥർ നൽകിയിട്ടുള്ള തുടർഹർജി ഇന്ന് കോടതിയുടെ പരിഗണനയിൽ വന്നു. ഉദ്യോഗസ്ഥരെ നിരന്തരം വിളിച്ചു ശല്യപ്പെടുത്തുന്നതു ശരിയല്ല. എന്നാൽ അന്വേഷണവുമായി സഹകരിക്കണം, ചോദ്യങ്ങൾക്ക് ഉത്തരം എഴുതി നൽകണം എന്നാണ് കോടതി പറഞ്ഞത്.
മസാലബോണ്ട് ഇറക്കിയതുമായി എനിക്കു ബന്ധമില്ല എന്നല്ല മുൻപ് വിശദീകരിച്ചിട്ടുള്ളത്. കിഫ്ബി സമിതിയിലും അതിന്റെ വൈസ് ചെയർമാൻ എന്ന പദവിയും എക്‌സിക്യുട്ടീവ് കമ്മിറ്റിയുടെ ചെയർമാൻ എന്ന പദവിയും എക്‌സ് ഒഫിഷ്യോ സ്ഥാനങ്ങളാണ്. ആ പദവിയുടെ അടിസ്ഥാനത്തിലാണ് ബോർഡിന്റെ കൂട്ടായ തീരുമാനങ്ങളിൽ പങ്കാളിയായിട്ടുള്ളത്. കിഫ്ബി ബോർഡ് യോഗത്തിന്റെ മിനിറ്റ്‌സിൽ നിന്നും തെളിയുന്നത് ബോർഡ് പ്രൊഫഷണലും സ്വതന്ത്രവുമായി പ്രവർത്തിക്കുന്ന ഒന്നാണെന്നാണ്. സ്വതന്ത്രമായി അഭിപ്രായങ്ങൾ പറയുന്നതിന് ഒരു തടസ്സവുമില്ല. ആശയവിനിമയത്തിന്റെ അടിസ്ഥാനത്തിൽ പ്രൊഫഷണായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തു.
പലിശയുടെ കാര്യം വിശദമായി പലവട്ടം ചർച്ച ചെയ്തിട്ടുള്ളതാണ്. മസാല ബോണ്ടിനു കൊടുക്കേണ്ടിവന്ന പലിശ അതിരുകവിഞ്ഞതല്ല. സമാന റേറ്റിംഗുള്ള ആന്ധ്രാപ്രദേശിലെ ക്യാപിറ്റൽ റീജിയണൽ ഡെവലപ്പ്‌മെന്റ് അഥോറിറ്റിക്ക് ഇന്ത്യയിൽ കൊടുക്കേണ്ടി വന്നത് 10.72 ശതമാനമാണ്. കിഫ്ബി നടത്തിയ അന്വേഷണത്തിൽ ബാങ്കുകൾ ഓഫർ ചെയ്തത് 10.25 ശതമാനം പലിശയാണ്. ഡോളർ ഡിനോമിനേറ്റഡ് ബോണ്ടുകൾ നിരവധി കമ്പനികൾ ഇറക്കിയിട്ടുണ്ട്. അവയുടെ ഹെഡ്ജിങ് ചെലവുകൾകൂടി കണക്കിലെടുത്താൽ പലിശ മസാല ബോണ്ടിനേക്കാൾ ഉയർന്നതാണ്. പിന്നെ ഒന്നുകൂടിയുണ്ട്. മസാല ബോണ്ടിലെ വിജയത്തിലൂടെ കിഫ്ബിക്ക് ഇന്ത്യൻ മണി മാർക്കറ്റിൽ വലിയ വിശ്വാസ്യതയും അംഗീകാരവും ലഭിച്ചു. ഇതൊക്കെ കണക്കിലെടുത്താണ് കിഫ്ബി മസാല ബോണ്ട് ഇറക്കാൻ തീരുമാനിച്ചത്.
മന്ത്രി അല്ലാതായപ്പോൾ കിഫ്ബിയിലെ സ്ഥാനമാനങ്ങളും ഇല്ലാതായി. അതുകൊണ്ട് മസാലബോണ്ട് സംബന്ധിച്ചിട്ടുള്ള ഒരു രേഖയും എന്റെ പക്കൽ ഇല്ല. ഇഡിയുടെ കൈവശമുള്ള രേഖകൾ പ്രകാരം എന്തെങ്കിലും നിയമലംഘനം നടന്നിട്ടുണ്ടെങ്കിൽ അത് ചൂണ്ടിക്കാണിക്കട്ടെ. നിശ്ചയമായും അത്തരം അന്വേഷണത്തോടു സഹകരിക്കും. പക്ഷേ, കോടതി പാടില്ലായെന്നു പറഞ്ഞ രീതിയിലുള്ള അന്വേഷണങ്ങളോടു സഹകരിക്കാൻ നിർവ്വാഹമില്ല.
കിഫ്ബിക്ക് എതിരെ ഹൈക്കോടതി വിമർശനം
കിഫ്ബി സമൻസ് അനുസരിക്കാത്തത് എന്തുകൊണ്ടാണെന്നും സമൻസിന് മറുപടി കൊടുക്കൂ എന്നും ഹൈക്കോടതി.സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ആവർത്തിച്ച് ഇ.ഡി. തങ്ങളോട് ഒരേ കാര്യം ആവശ്യപ്പെടുന്നു. നേരത്തെ നൽകിയ രേഖകൾ വീണ്ടും നൽകാനാണ് ആവശ്യപ്പെടുന്നതെന്നും കിഫ്ബി കോടതിയെ അറിയിച്ചിരുന്നു. തങ്ങളെ ബുദ്ധിമുട്ടിക്കാനും ഉദ്യോഗസ്ഥരെ ഉപദ്രവിക്കാനും വേണ്ടിയുള്ള നീക്കമാണ് ഇ.ഡി. നടത്തുന്നതെന്നും കിഫ്ബി ആരോപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഇതിനോട് യോജിച്ചില്ല. സമൻസിനോട് പ്രതികരിക്കൂ എന്നായിരുന്നു ഹൈക്കോടതി കിഫ്ബിയോട് പറഞ്ഞത്.
സമൻസ് കിട്ടിയാൽ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. നേരത്തെ തന്നെ കിഫ്ബിയുടെ ഹർജിയിൽ ഉചിതമായ ഒരു തീരുമാനം എടുത്തിട്ടുള്ളതാണ്. അന്വേഷണം തടയാൻ കഴിയില്ല. അന്വേഷണത്തിനായി നിങ്ങളോട് ആവശ്യപ്പെടുന്ന രേഖകൾ നൽകാൻ നിങ്ങൾ ബാധ്യസ്ഥരാണ്. നേരത്തെ നൽകിയ രേഖകളാണ് വീണ്ടും ചോദിച്ചതെങ്കിൽ അക്കാര്യം ചൂണ്ടിക്കാട്ടി ഇ.ഡിക്ക് മറുപടി നൽകൂ എന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.
ഫെമ ലംഘനമാണ് പരിശോധിക്കുന്നത്. ഇതുവരെ ഫെമ ലംഘനം കണ്ടെത്തിയിട്ടില്ല. അതുകൊണ്ടുതന്നെ അറസ്റ്റോ മറ്റുനടപടികളോ ഭയക്കേണ്ടതില്ല. ഇതൊരു സിവിൽ പ്രൊസീജ്യറാണ്. കള്ളപ്പണ ഇടപാട് പോലെയല്ല. ഏതെങ്കിലും തരത്തിൽ ഫെമ ലംഘനമുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കോടതി പറഞ്ഞു. കേസ് ഫെബ്രുവരി ഒന്നിലേക്ക് മാറ്റി.