- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആന്തൂരിലെ സാജന്റെ ഭാര്യയ്ക്കെതിരെ ദേശാഭിമാനി ഒന്നാം പേജിൽ എഴുതിയ നുണവാർത്ത; അതിജീവിതയെ അവഹേളിച്ചത് മണി അടക്കം മുതിർന്ന നേതാക്കൾ; കുഞ്ഞിനായി പോരാടിയ അനുപമയെയും വെറുതേ വിടാത്ത സൈബർ ഗുണ്ടകൾ; ജോ ജോസഫിന് വേണ്ടി കരയുന്നവർ കാണാത്ത ഒരുപാട് കണ്ണീരുണ്ട്; നീതി സഖാക്കൾക്ക് മാത്രം മതിയോ എന്ന് യുഡിഎഫുകാർ
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ഇടതു സ്ഥാനാർത്ഥി ഡോക്ടർ ജോ ജോസഫിനെ അപകീർത്തിപ്പെടുത്തും വിധം സാമൂഹ്യമാധമങ്ങളിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചുവെന്ന പരാതിയിൽ പാലക്കാട് കൊഴിഞ്ഞാംപാറ സ്വദേശിയെ പൊലീസ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു. എൽഡിഎഫ് തൃക്കാക്കര മണ്ഡലം സെക്രട്ടറി എം.സ്വരാജിന്റെ പരാതിയിലാണ് പൊലീസ് നടപടി.
ജോ ജോസഫിനെതിരെ നടക്കുന്ന വ്യാജ പ്രചരണം ക്രൂരവും എല്ലാ പരിധിയും വിടുന്നതാണെന്ന് ഭാര്യ ഡോ. ദയ പാസ്‌കൽ മാധ്യമങ്ങൾക്ക് മുൻപിൽ വേദനയോടെ പറഞ്ഞിരുന്നു. ഞങ്ങളുടേത് ചെറിയ കുടുംബമാണ്. രണ്ട് പെൺകുട്ടികളും അദ്ദേഹവും അടങ്ങുന്ന കുടുംബം. കുട്ടികൾക്ക് ഇനിയും സ്‌കൂളിൽ പോകണ്ടേ, തിരഞ്ഞെടുപ്പിൽ ഒരാൾ ജയിക്കുകയും മറ്റേയാൾ തോൽക്കുകയും ചെയ്യും. അതിന് ശേഷവും ഈ നാട്ടിൽ നമുക്കെല്ലാവർക്കും ജീവിക്കേണ്ടതല്ലേ, ഒരു വ്യാജ വീഡിയോ അദ്ദേഹത്തിന്റെ പേരിൽ പ്രചരിപ്പിക്കുന്നു. എല്ലാ പരിധികളും ലംഘിച്ചുകൊണ്ടുള്ള അവസ്ഥയാണിത്. തിരഞ്ഞെടുപ്പ് എന്നാൽ വ്യക്തികൾ തമ്മിലുള്ള ഏറ്റുമുട്ടൽ അല്ല, മറിച്ച് നയങ്ങളും രാഷ്ട്രീയവും, വികസനവും പറഞ്ഞാണ് വോട്ട് തേടേണ്ടതെന്ന് ദയ പറഞ്ഞു. സ്ഥാനാർത്ഥിയുടെ ഭാര്യ എന്നതിലുപരി ഇത്തരത്തിൽ സൈബർ ഇടങ്ങളിൽ അപമാനിക്കപ്പെടുന്ന സ്ത്രീകളുടെ പ്രതിനിധിയായിട്ടാണ് അവർ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
ദയ പാസ്‌കലിനെ പോലെ നമ്മുടെ നാട്ടിൽ നിരവധി സ്ത്രീകളാണ് ഇല്ലാകഥകളുടെ പേരിൽ സൈബർ ഇടങ്ങളിൽ പിച്ചിചീന്തലിന് വിധേയമാകുന്നത്. ഇക്കാര്യമാണ് യുഡിഎഫ് കേന്ദ്രങ്ങൾ പ്രതിരോധിക്കാനായി പറയുന്നത്. അത് ഇങ്ങനെയാണ്: ഇപ്പോൾ ഇടതുപക്ഷത്തെ ബുദ്ധിജീവികളും, സാംസ്‌കാരിക നായകരും, ജോ ജോസഫിനും അദ്ദേഹത്തിന്റെ കുടുംബത്തിന് വേണ്ടിയും കണ്ണീർ ഒഴുക്കുന്നത് നല്ല കാര്യം. എന്നാൽ, സിപിഎമ്മും അവരുടെ സൈബർ പോരാളികളും സ്ത്രീകളെ അപമാനിച്ചത്രെയും കേരളത്തിലെ മറ്റൊരു രാഷ്ട്രീയ പാർട്ടിയും അവഹേളിച്ചിട്ടില്ല.
പാർട്ടിക്ക് ഇഷ്ടമില്ലാത്ത വാർത്തകൾ പ്രസിദ്ധീകരിച്ച വനിതാ മാധ്യമപ്രവർത്തകരെ അവഹേളിച്ച പാർട്ടി അണികളെ പൂമാലയിട്ട് സ്വീകരിച്ച പാരമ്പര്യമാണ് സിപിഎമ്മിന്റേത്. ഏറ്റവുമൊടുവിൽ അതിജീവിതയ്ക്കെതിരെ സിപിഎം നേതാക്കളായ എം.എം മണി, ഇ.പി ജയരാജൻ, കടകംപള്ളി സുരേന്ദ്രൻ, ആന്റണി രാജു തുടങ്ങിയവർ അവഹേളിച്ചതിനെതിരെ എവിടെയാണ് കേസെടുത്തത്, ആരെയാണ് അറസ്റ്റ് ചെയ്തത്. ഇടത് നേതാക്കൾക്കും,അനുഭാവികൾക്കും പൊതുഇടങ്ങളിൽ ആരെയും എന്തും പറയാം എന്നൊരവസ്ഥ സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്.
പ്രവാസി വ്യവസായിയായ ആന്തൂർ സാജന്റെ ആത്മഹത്യയെ തുടർന്ന് സിപിഎമ്മിനെതിരെയുണ്ടായ വിമർശനങ്ങൾ ശക്തിപ്രാപിച്ചപ്പോൾ അതിന് തടയിടാനെന്ന വണ്ണം പാർട്ടിമുഖപത്രമായ ദേശാഭിമാനിയുടെ ഒന്നാം പേജിൽ അന്തരിച്ച സാജന്റെ ഭാര്യയെയും, ഡ്രൈവറെയും ചേർത്ത് നിറംപിടിപ്പിച്ച കഥകൾ പ്രസിദ്ധീകരിക്കാൻ പാർട്ടി പത്രത്തിന് ഒട്ടും ലജ്ജയുണ്ടായിരുന്നില്ല. ഇന്നിപ്പോൾ, ജോ ജോസഫിനും കുടുംബത്തിനും വേണ്ടി കണ്ണീർ വാർക്കുന്നവരാരും സാജന്റെ കുടുംബത്തിനും ഭാര്യയ്ക്കും വേണ്ടി കരഞ്ഞതായി കണ്ടില്ല.
കാരണം അവർ സിപിഎം വിരുദ്ധരാണല്ലോ?, അവരെ എന്തും പറയാം. 'ആന്തൂരിലെ സത്യം ഫോണിൽ തെളിയുന്നു; കേസിൽ വഴിതിരിവായി നിർണായക തെളിവുകൾ; ' കെ.ടി ശശി എന്ന ലേഖകൻ പേരുവച്ചാണ് ഈ മഞ്ഞവാർത്ത 2019 ജൂലൈ 13-ന് ഒന്നാം പേജിൽ പ്രസിദ്ധീകരിച്ചത്. ഡ്രൈവറും ഭാര്യയും തമ്മിലുള്ള അവിഹിതം കാരണമാണ് സാജൻ ആത്മഹത്യ ചെയ്തുവെന്നതാണ് പാർട്ടി പത്രം കണ്ടുപിടിച്ചത്.
ആന്തൂരിൽ വ്യവ്യസായി സാജൻ പാറയിൽ ആത്മഹത്യചെയ്ത കേസിൽ സുപ്രധാന വഴിത്തിരിവ്. മാധ്യമങ്ങൾ ഏറ്റുപാടിയപോലെ കൺവൻഷൻ സെന്ററിന് അനുമതി ലഭിക്കാത്തതിന്റെ പേരിലല്ല സാജൻ ജീവനൊടുക്കിയതെന്ന് വ്യക്തമാക്കുന്ന നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. സാജന്റെ പേരിലുള്ള മൂന്ന് സിംകാർഡുകളിൽ ഒരെണ്ണം അദ്ദേഹമല്ല ഉപയോഗിച്ചിരുന്നത്. ഇതിലേക്ക് വന്ന ഫോൺകോളുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് മറച്ചുവയ്ക്കപ്പെട്ട സത്യത്തിലേക്ക് വെളിച്ചം വീശിയത്.
അഞ്ചര മാസത്തിനിടെ 2400ഓളം തവണ വിളിച്ച മൻസൂറിനെ അന്വേഷണസംഘം വിശദമായി ചോദ്യംചെയ്തു. ഇയാൾ എല്ലാ കാര്യങ്ങളും സമ്മതിച്ചതായാണ് വിവരം. ഫോണും കസ്റ്റഡിയിലെടുത്തു. എന്നൊക്കെയായിരുന്നു ദേശാഭിമാനി ലേഖകൻ എഴുതിവിട്ടത്. ഈ വാർത്തയുടെ പേരിൽ ലേഖകനെതിരെയോ, പത്രാധിപർക്കെതിരെയോ, പൊലീസ് കേസോ,അറസ്റ്റോ ഒന്നുമുണ്ടായില്ല, കാരണം ഇര സിപിഎമ്മിന്റെയോ, ഇടതുമുന്നണിയുടെയോ അനുഭാവിയോ പ്രവർത്തകയോ ആയിരുന്നില്ല.
തന്റെ കുഞ്ഞിനെ അനധികൃതമായി ദത്തുനൽകിയെന്ന പേരൂർക്കട സ്വദേശിനി അനുപമ ചന്ദ്രനെതിരെ സിപിഎം നേതാക്കളും,അണികളും സൈബർ ലിഞ്ചിങ് നടത്തിയത് ഈ അടുത്ത കാലത്തായിരുന്നു. എല്ലാ സീമകളും ലംഘിക്കുന്ന തരത്തിലായിരുന്നു ആ പെൺകുട്ടിക്കും ഭർത്താവിനും നേരെ സൈബർ സഖാക്കൾ ആക്രമണം അഴിച്ചുവിട്ടത്. ഈ ദമ്പതികൾക്ക് കുടുംബമോ, മനുഷ്യാവകാശങ്ങളോ ഉണ്ടെന്ന് ജോ ജോസഫിന് വേണ്ടി വാദിക്കുന്നവരാരും ഓർത്തുമില്ല, പറഞ്ഞതുമില്ല.
സെലക്ടീവായ സദാചാരം പറച്ചിൽ മാത്രമാണ് ഇടതുകേന്ദ്രങ്ങളിൽ നിന്ന് എപ്പോഴും ഉണ്ടാവുന്നത്. എല്ലാതരം സൈബർ ലിഞ്ചിംഗിനോടും പൊതുസമൂഹം പാർട്ടിഭേദമന്യേ പ്രതികരിക്കുകയും പൊലീസ് നടപടികളുണ്ടാവകയും ചെയ്താലേ സൈബർ വെട്ടുകിളികളുടെ ആക്രമണത്തിന് അന്ത്യമുണ്ടാവുകയുള്ളൂ.