തൃശൂർ: തൃശൂരിലെ കോൺഗ്രസിലെ കൂട്ടത്തല്ലിൽ നടപടിക്കൊരുങ്ങി കേന്ദ്രനേതൃത്വം. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂരിനോട് രാജിക്കത്ത് സമർപ്പിക്കാൻ കെപിസിസി നിർദ്ദേശം നൽകി. കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടത് പ്രകാരമാണ് കെപിസിസിയുടെ നിർദ്ദേശം. പാലക്കാട് എംപി വി.കെ ശ്രീകണ്ഠന് ഡി.സി.സിയുടെ പകരം ചുമതല നൽകുമെന്നും റിപ്പോർട്ടുണ്ട്.

യു.ഡി.എഫ് ജില്ലാ ചെയർമാൻ എം.വിൻസെന്റിനോടും രാജിവെക്കാൻ നിർദേശിച്ചിട്ടുണ്ട്. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ഇന്ന് തൃശൂരിലെത്തുന്നുണ്ട്. അധ്യക്ഷൻ തന്നെ നടപടി വിവരങ്ങൾ ഡി.സി.സിയെ അറിയിക്കുമെന്നാണ് സൂചന. ചർച്ചക്കായി ഇന്നലെ ഡൽഹിയിലെത്തിയ ജോസ് വള്ളൂർ, വി.ഡി.സതീശനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഏകപക്ഷീയമായി തനിക്കെതിരെ മാത്രം നടപടി എടുക്കരുതെന്നും ജോസ് വള്ളൂർ ആവശ്യപ്പെട്ടു. സംഘർഷത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളുമായാണ് ജോസ് വള്ളൂർ ഡൽഹിയിലെത്തിയത്.

തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിയെ കുറിച്ച് അന്വേഷിക്കാൻ എഐസിസി നിർദ്ദേശ പ്രകാരം കെപിസിസി നാലംഗ സമിതിയെ രൂപീകരിക്കും. ജില്ലാ കോൺഗ്രസ് കമ്മിറ്റിയെ പിരിച്ചുവിടുന്നതും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. കെ മുരളീധരന്റെ തോൽവിക്ക് പിന്നാലെ തുടങ്ങിയ പോസ്റ്റർ യുദ്ധവും കൈയാങ്കളിയും കോൺഗ്രസിന് വലിയ നാണക്കേടായിരുന്നു. ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂരും കെ. മുരളീധരൻ അനുകൂലികളും തമ്മിലാണ് പോര്. മുൻ എംഎൽഎമാരായ എംപി വിൻസന്റ്, അനിൽ അക്കര എന്നിവർക്കെതിരെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം പാർട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്നാണ് നേതൃത്വം വിലയിരുത്തിയത്.

പോര് അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് തൃശ്ശൂരിലെ നേതാക്കളോട് രാജിവെക്കാൻ ഡൽഹിയിലുള്ള നേതാക്കൾ ഒരേ സ്വരത്തിൽ പറയുന്നത്. കെ സി വേണുഗോപാലിന്റെ നേതൃത്വത്തിൽ യോഗം ചേർന്നാണ് നടപടി തീരുമാനിച്ചത്. ആശുപത്രിയിൽ ചികിത്സ തേടിയ സജീവൻ കുരിയച്ചിറയുടെ പരാതിയിൽ ഈസ്റ്റ് പൊലീസ് ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ ഉൾപ്പെടെ 20 പേർക്കെതിരെ ജാമ്യം കിട്ടാവുന്ന വകുപ്പു ചുമത്തി കേസെടുത്തിട്ടുണ്ട്. പിന്നാലെ ജോസ് പക്ഷത്തുനിന്നുള്ള യൂത്ത് കോൺഗ്രസ്, കെഎസ് യു നേതാക്കളും ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.

സംഘർഷത്തിന് പിന്നാലെ ഓഫിസ് സന്ദർശിച്ച മുൻ എംഎ‍ൽഎ പി.എ. മാധവൻ അനുനയിപ്പിച്ചാണ് ഓഫിസിൽ കുത്തിയിരുന്ന സജീവനെ ആശുപത്രിയിലേക്ക് മാറ്റിയത്.