- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂരപ്രേമികളുടെ നിരാശ ആരെ തുണയ്ക്കും?
തൃശൂർ: തൃശൂർ പൂര അട്ടിമറിയിൽ രാഷ്ട്രീയ വിവാദം അതിശക്തം. പൂരം രാത്രിയിൽ നൂറുകണക്കിനാളുകൾ സ്വരാജ് റൗണ്ടിൽ കണ്ടാസ്വദിച്ചിരുന്ന പഞ്ചവാദ്യവും എഴുന്നള്ളിപ്പും ഇത്തവണ തടസ്സപ്പെട്ടു. രാത്രി നടക്കേണ്ട വെടിക്കെട്ട് പകലും നടന്നു. അങ്ങനെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പോരിനിടെ നടന്ന തൃശൂർ പൂരം എല്ലാ അർത്ഥത്തിലും അട്ടിമറിയുടേതായി.
രാത്രിപൂരത്തിനു സ്വരാജ് റൗണ്ട് കാലിയാക്കിയിട്ട പൊലീസ് പാറമേക്കാവു വിഭാഗത്തിൽനിന്നു കടത്തിവിട്ടത് ഇരുനൂറോളം പേരെ മാത്രം. തിരുവമ്പാടിയിൽ ആരെയും കടത്തിവിട്ടില്ല. ആസ്വാദകരില്ലാതെ ദേവസ്വംകാരെമാത്രം എണ്ണി സ്വരാജ് റൗണ്ടിലേക്കു വിടാമെന്ന പൊലീസിന്റെ വാശി അവസാനിച്ചതു പൂരം ബഹിഷ്‌കരണത്തിലാണ്. നാട്ടുകാരില്ലാതെ തങ്ങൾ പോകില്ലെന്നു തിരുവമ്പാടി വിഭാഗം ഉറച്ചുനിന്നു. ഇതോടെ സർക്കാരും ജില്ലാ ഭരണകൂടവും അടക്കം പ്രതിസന്ധിയിലായി. പിന്നെ ഒത്തുതീർപ്പ് ചർച്ചകൾ. ഒടുവിൽ പകൽ വെടിക്കെട്ടും. ഏതായാലും ഈ സംഭവം ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.
രാത്രി വെടിക്കെട്ട് നടക്കാതെ പോയതോടെ പൂരപ്രേമികൾ നിരാശരാണ്. ഈ നിരാശ തൃശൂരിനേയും ചാലക്കുടിയേയും പാലക്കാടിനേയും ആലത്തുരൂനേയും നേരിട്ട് ബാധിക്കും. സംസ്ഥാന സർക്കാരിനും പൊലീസിനും എതിരായ വികാരം ആളിക്കത്തിക്കാൻ തൃശൂർ പൂരത്തിലെ സംഭവ വികാസങ്ങൾ ഇടയാക്കുമെന്ന വിലയിരുത്തൽ സജീവമാണ്. അങ്ങനെ വന്നാൽ ആലത്തൂരിലും പാലക്കാട്ടും തൃശൂരും ഇടതു സ്ഥാനാർത്ഥികൾ വലിയ പ്രതിസന്ധിയിലാകും.
തൃശ്ശൂർ പൂരത്തിന്റെ കുടമാറ്റത്തിൽ രാംലല്ല, വില്ലുകുലച്ച ശ്രീരാമൻ എന്നിവയെല്ലാമായിരുന്നു ഇത്തവണത്തെ ഇരു ദേവസ്വങ്ങളുടേയും പ്രത്യേകത. ഇതെല്ലാം വലിയ ചർച്ചകൾക്ക് വഴി വച്ചു. ഇതെല്ലാം ബിജെപി അജണ്ടയ്ക്ക് വേണ്ടിയാണെന്ന് ചിലർ കണ്ടു. പിന്നാലെയാണ് വെടിക്കെട്ട് രാത്രി നടക്കാതെ പോയത്. തൃശൂരിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ്. വിശ്വാസം ഉയർത്തി മത്സരിക്കുന്ന സുരേഷ് ഗോപിക്കും ബിജെപിക്കും അവരുടെ വാദങ്ങൾ ശക്തമായി ഉന്നയിക്കാൻ കഴിയുന്ന സാഹചര്യമാണ് തൃശൂർ പൂരം ഉണ്ടാക്കിയത്.
പൂരപ്രേമി കൂടിയായ സിപിഐ സ്ഥാനാർത്ഥി വി എസ് സുനിൽകുമാറിനെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്ന സംഭവ വികാസങ്ങളാണ് കഴിഞ്ഞ ദിവസം രാത്രി പൂര നഗരിയിലുണ്ടായത്. ആലത്തൂരിൽ രമ്യാ ഹരിദാസിനും പാലക്കാട്ടെ ത്രികോണ പോരിൽ ബിജെപിക്കും ഈ വിവാദം ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. തൃശൂരിൽ ജനസാഗരങ്ങൾ ഒഴുകിയെത്തി പകൽമുഴുവൻ മേളാവേശത്തിലായി. പക്ഷെ, അതിന്റെ മാറ്റുകെടുത്തിക്കൊണ്ടുള്ള പൊലീസ് നിയന്ത്രണങ്ങളിൽ തുടങ്ങിയിരുന്നു തർക്കങ്ങളും പരിഭവങ്ങളും. ഒടുവിൽ രാത്രി നടക്കേണ്ട പൂരം വെടിക്കെട്ട് ചരിത്രത്തിലാദ്യമായി ശനിയാഴ്ച രാവിലെ 7.15- ന് പകൽവെളിച്ചത്തിൽ നടത്തേണ്ടിയും വന്നു.
പാറേമക്കാവ് ദേവസ്വം വെടിക്കെട്ടിനായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം തിരുവമ്പാടി ദേവസ്വം ഒരുക്കങ്ങൾ തുടങ്ങുമ്പോഴാണ് പൊലീസ് തർക്കത്തിനെത്തിയത്. വെടിമരുന്ന് നിറക്കുന്നയിടത്തേക്ക് ഒന്നോ രണ്ടോ പ്രത്യേക ജീവനക്കാരല്ലാതെ മാറ്റാരും പോകരുതെന്ന നിലപാടെടുക്കുകയായിരുന്നു പൊലീസ്. സാധാരണ ദേവസ്വം ജീവനക്കാരും മറ്റും പോകാറുണ്ടെങ്കിലും അങ്ങനെ വേണ്ടെന്ന് പൊലീസ് നിലപാട് എടുത്തു. ഇതോടെ എല്ലാം അവതാളത്തിലായി. സംഭവത്തിൽ ഹിഡൺ അജണ്ടയുണ്ട്, പൂരം അട്ടിമറിച്ച് ബിജെപിക്ക് വോട്ടുണ്ടാക്കാൻ ശ്രമിച്ചതാണോയെന്ന് സംശയമുണ്ടെന്നും മുരളി ആരോപിച്ചു.
പൊലീസിനെ രൂക്ഷമായി വിമർശിച്ചുകൊണ്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥി വി എസ് സുനിൽകുമാറും രംഗത്തെത്തി. പൊലീസിന്റെ അനാവാശ്യ ഇടപെടലാണ് പ്രശ്‌നം വഷളാക്കിയതെന്നും പിന്നീട് പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നുമായിരുന്നു വി എസ് സുനിൽകുമാറിന്റെ പ്രതികരണം. സുരക്ഷയ്ക്ക് തൃശ്ശൂരിന്റെ പൂരാവേശം അറിയാവുന്ന ഉദ്യോഗസ്ഥർ ഇല്ലാതായതാണ് പ്രശ്‌നം വഷളാക്കിയതെന്ന് തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർ മേനോൻ ചൂണ്ടിക്കാട്ടി.