തിരുവനന്തപുരം: കേരളത്തിൽ താമര വിരിയുമോ എന്ന ചോദ്യം ഇനി 2029 ചോദിച്ചാൽ മതിയെന്നും 2024ൽ അത് സംഭവിക്കാൻ സാദ്ധ്യതയില്ലെന്നും തിരുവനന്തപുരം യു.ഡി.എഫ് സ്ഥാനാർത്ഥി ശശി തരൂർ. എക്സിറ്റ് പോൾ എന്നത് പുതിയൊരു വോട്ടല്ലല്ലോ. 26ാം തീയ്യതി നടന്ന ജനങ്ങളുടെ തീരുമാനത്തിൽ ഞങ്ങൾക്ക് നല്ല പ്രതീക്ഷയുണ്ട്. എക്സിറ്റ് പോൾ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് അറിയില്ല. മലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചതുപോലെ ഇന്ത്യ മുന്നണി 295 സീറ്റുകൾ നേടുമെന്നും അദ്ദേഹം പറഞ്ഞു.

ജയിക്കാൻ വേണ്ടിയാണ് മത്സരിച്ചതെന്നും ജയിക്കുമെന്നും തരൂർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഏപ്രിൽ 26ന് വോട്ടെടുപ്പ് കഴിഞ്ഞ് പാറശാല വരെ സഞ്ചരിച്ച് എല്ലായിടത്തും എത്തി ആളുകളുടെ അഭിപ്രായം കേട്ടിരുന്നു. എക്സിറ്റ് പോളുകൾ വരുന്നത് എവിടെ നിന്നാണെന്ന് എനിക്കറിയില്ല. ഇത്രയും നാൾ കാത്തിരുന്നില്ലേ, ഇനി ഒരു ദിവസം കൂടി കാത്തിരിക്കാം.

ആരുടെ എക്സിറ്റ് പോളിലും വിശ്വാസമില്ല. ആരെ കണ്ടു, എന്തു ചോദിച്ചു എന്നൊന്നും ആർക്കും അറിയില്ല. പാർട്ടിയിൽ പ്രശ്നങ്ങളുണ്ടെന്ന് സ്ഥിരമായി കേൾക്കുന്നതാണ്. നാലു തവണ മത്സരിച്ചു. മൂന്നു തവണ ജയിച്ചു. മൂന്നു തവണയും പാർട്ടിയിലെ പ്രശ്നങ്ങളെക്കുറിച്ച് പ്രചാരണം ഉണ്ടായിരുന്നു. ചില കാര്യങ്ങൾ മെച്ചപ്പെടുത്താനുണ്ടെന്നു സമ്മതിക്കുന്നുവെന്നും തരൂർ പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദി നേതൃത്വം നൽകുന്ന സർക്കാർ വൻ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ. എല്ലാ എക്‌സിറ്റ് പോളുകളും ഈ വിജയം പ്രവചിച്ചു കഴിഞ്ഞു. ദക്ഷിണേന്ത്യയിലും ഇതുവരെയില്ലാത്ത മുന്നേറ്റം ബിജെപിയുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ജനങ്ങൾ വികസനം ആഗ്രഹിക്കുന്നു എന്നതാണ് ഇത് നൽകുന്ന സൂചന. നുണയുടേയും പ്രീണനത്തിന്റേയും രാഷ്ട്രീയം പൊള്ളയാണെന്ന് അവർക്കറിയാം. തിരുവനന്തപുരത്ത് 65 ദിവസം നീണ്ട തെരഞ്ഞെടുപ്പ് പ്രവർത്തനത്തിനിടയിൽ പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറെ അടുത്തറിയാനിട വന്നു. ഒപ്പം നരേന്ദ്ര മോദി സർക്കാർ കേരളത്തിൽ നടത്തിയ വികസന പ്രവർത്തനങ്ങളുടെ വിശദവിവരങ്ങൾ ജനങ്ങളിലെത്തിക്കാൻ കഴിഞ്ഞുവെന്നതും ചാരിതാർത്ഥ്യമേകുന്നു.

നാളെത്തെ ജനവിധിയെ പ്രതീക്ഷയോടെ തന്നെ കാണുകയാണ്. ജനവിധി എന്തായാലും ജനങ്ങളുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ തന്നാലാവും വിധം ഇടപെടുമെന്ന ഉറപ്പ് ആവർത്തിക്കുന്നു. നിങ്ങളേവരുടേയും സ്‌നേഹവും പ്രാർത്ഥനയും ഇനിയുള്ള പ്രവർത്തനങ്ങൾക്ക് കരുത്താകും- അദ്ദേഹം പറഞ്ഞു.