- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വി.ജോയിക്കായി ഒന്നിച്ച് കടകംപള്ളിയും വിജയകുമാറും; ജയൻ ബാബുവിന് വേണ്ടി വാദിച്ച് ശിവൻകുട്ടിയും, കെ.എസ് സുനിൽ കുമാറിനായി ആനാവൂരും; തലസ്ഥാനത്ത് ജില്ലാ സെക്രട്ടറിയെ നിശ്ചയിക്കൽ സി പി എമ്മിന് കീറാമുട്ടിയാവുന്നു; ജില്ലാ കമ്മിറ്റിയിൽ രണ്ടിലൊന്ന് തീരുമാനിക്കാൻ ഉറച്ച് എം വി ഗോവിന്ദനും
തിരുവനന്തപുരം: തിരുവനന്തപുരത്ത് സിപിഎം ജില്ലാ സെക്രട്ടറിയെ തീരുമാനിക്കുക പാർട്ടിക്ക് കീറാമുട്ടിയാകുന്നു. വി ജോയിക്കായി കടകംപള്ളി സുരേന്ദ്രനും, എം വിജയകുമാറും വാദിക്കുമ്പോൾ, സി.ജയൻബാബുവിന് വേണ്ടി വി.ശിവൻകുട്ടിയും, കെ എസ് സുനിൽ കുമാറിന് വേണ്ടി ആനാവൂർ നാഗപ്പനും രംഗത്തെത്തിയതോടെയാണ് കാര്യങ്ങൾ അനിശ്ചിതമായി നീളുന്നത്.
സംസ്ഥാന കമ്മിറ്റി തീരുമാന പ്രകാരം തിരുവനന്തപുരം ജില്ലയിലെ സംഘടനാ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഫെബ്രുവരി ഏഴ് ,എട്ട്, തിയ്യതികളിൽ പ്രത്യേക ജില്ലാ കമ്മറ്റി ചേരുന്നുണ്ട്. എന്നിരുന്നാലും, ആനാവൂർ നാഗപ്പൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായതിന് പിന്നാലെ ജില്ലയിൽ പാർട്ടിയിലെ പ്രശ്നങ്ങൾ നീറിപ്പുകയുകയാണ്. ജില്ലാ സെക്രട്ടറി പദവിയിൽ നിന്നും ആനാവൂർ ഒഴിഞ്ഞാലെ ഈ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയുള്ളുവെന്ന നിലപാടിലാണ് സംസ്ഥാന നേതൃത്വം. ജില്ലാ സെക്രട്ടറിയേറ്റും വ്യാഴാഴ്ച ചേരുന്ന ജില്ലാ കമ്മിറ്റിയും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും.
കടകംപള്ളി സുരേന്ദ്രനും എം.വിജയകുമാറും വി. ജോയ് എം.എൽ എ ജില്ലാ സെക്രട്ടറിയാവണമെന്നാണ് വാദിക്കുന്നത്. മന്ത്രി വി.ശിവൻകുട്ടിയും ആനാവൂർ ഒഴിയണമെന്ന് താൽപര്യം പ്രകടിപ്പിച്ചു കഴിഞ്ഞു. ശിവൻകുട്ടി പിന്തുണക്കുന്നത് സി.ജയൻ ബാബുവിനെയാണ്. എന്നാൽ ഒഴിയാൻ സന്നദ്ധനായി നിൽക്കുന്ന ആനാവൂർ കെ.എസ് സുനിൽകുമാറിന്റെ പേരാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇത് ചർച്ചകളുടെ മുന്നോട്ടുള്ള പോക്കിന് തടസമാണെങ്കിലും അഭിപ്രായ സമന്വയത്തിനും സാധ്യത ഏറെയാണ്.
പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ നേരിട്ടു പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റിയിൽ പാർട്ടി സംസ്ഥാന ഘടകത്തിന്റെ താൽപര്യങ്ങളും ഉയർന്നു വന്നേക്കാം. വെള്ളാപ്പള്ളിയുടെയും ആനത്തലവട്ടം ആനന്ദന്റെയും സമ്മർദ്ദം ജോയിക്ക് വേണ്ടി പാർട്ടിക്ക് മുന്നിലുണ്ടെങ്കിലും അത്ര തന്നെ സമ്മർദ്ദം സുനിൽകുമാറിന് വേണ്ടിയും ഉയരുന്നുണ്ട്. എന്നാൽ കോർപ്പറേഷൻ കത്ത് വിവാദത്തിലും ജില്ലയിലെ എസ് എഫ് ഐ യുടെ പ്രശ്നങ്ങളിലും ആരോപണ വിധേയനായി ആനാവൂർ നിൽക്കുന്നതിനാൽ അദ്ദേഹത്തിന്റെ താൽപര്യങ്ങൾ എത്ര കണ്ട് മുഖവിലക്ക് എടുക്കമെന്ന് നിശ്ചയമില്ല.
ജില്ലയിലെ പാർട്ടി കണ്ണ് കെട്ടിയ കുതിരയെ പോലെ പായുകയാണെന്നും നേതൃത്വം ശരിയായ ദിശയിലല്ല മുന്നോട്ടു പോകുന്നതെന്നും സംസ്ഥാന കമ്മിറ്റിയിൽ ജില്ലയിൽ നിന്നുള്ളവർ തന്നെ ആഞ്ഞടിച്ചപ്പോൾ സാക്ഷാൽ ആനാവൂർ പോലും ഞെട്ടിപ്പായി. ജില്ല കമ്മിറ്റിക്കെതിരെ കടുത്ത വിമർശനം സംസ്ഥാന കമ്മിറ്റിയിൽ ഉയർന്നതിനാൽ ജില്ലാ സെക്രട്ടറിയെ ഉടൻ തന്നെ നിശ്ചയിച്ച് മുന്നോട്ടു പോകാനാവും സംസ്ഥാന നേതൃത്വം ശ്രമിക്കുക. അഥവാ ചർച്ചകൾ മുന്നോട്ടു കൊണ്ടു പോകാൻ കഴിയാത്ത സാഹചര്യമെങ്കിൽ മാത്രം വിഷയം ഫെബ്രുവരിയിലെ സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യുന്ന കമ്മിറ്റിയിലേക്ക് മാറ്റും.
നേരത്തെയുണ്ടായിരുന്ന ധാരണ അനുസരിച്ച് ഇ കെ നായനാർ പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞാൽ ജില്ലാ ചുമതലയിൽ നിന്നും ആനാവൂർ നാഗപ്പൻ ഒഴിയുമെന്നാണ് പറഞ്ഞിരുന്നത്. പാലിയേറ്റീവ് കെയ്റിന്റെ നിർമ്മാണത്തിന് ചുക്കാൻ പിടിച്ച ആളെന്ന നിലയിൽ ആനാവൂർ തന്നെ ഈ ഉദ്യമത്തിന്റെ ഉദ്ഘാടന നടത്തിപ്പ് ചുമതലയുടെ ചുക്കാനും പിടിക്കട്ടെ എന്നാണ് അന്ന് പാർട്ടി പറഞ്ഞത്. എന്നാൽ പിന്നീട് പുതിയ സെക്രട്ടറിയെ തീരുമാനിക്കാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചെങ്കിലും തിരുവനന്തപുരത്തെ കാര്യങ്ങൾ അത്ര പന്തിയല്ലന്നാണ് പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന വിവരം.
ജില്ലയിലെ പാർട്ടിയെ നയിക്കേണ്ടത് യുവ നേതൃത്വമാവണമെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കം. കഴിഞ്ഞ പാർട്ടി സമ്മേളനത്തോടെ ജില്ലാ സെക്രട്ടറിയേറ്റിലും സംസ്ഥാന കമ്മിറ്റിയിലും എത്തിയ വി. ജോയ് എം എൽ എ യ്ക്ക് വേണ്ടിയായിരുന്നു അന്നും സമ്മർദ്ദം. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസു പോലും ജോയിയെ ജില്ലാ സെക്രട്ടറിയാക്കാൻ സമ്മർദ്ദം ചെലുത്തിയിരുന്നു. ആനത്തലവട്ടത്തിന്റെ അകമഴിഞ്ഞ പിന്തുണയും ജോയിയുടെ സാധ്യത ഇരട്ടിപ്പിച്ചു. ഇപ്പോൾ വെള്ളാപ്പള്ളി നടേശൻ കൂടി ഇടപ്പെട്ടതോടെ കാര്യങ്ങൾ എളുപ്പമായി.
എന്നാൽ എം.എൽ എ സ്ഥാനം വഹിക്കുന്നതിനാൽ ഇരട്ടപദവി വിഷയം ഉയർത്തി ജോയിയുടെ നീക്കങ്ങൾക്ക് തടയിടാൻ ജില്ലയിലെ തന്നെ പ്രമുഖ നേതാവ് ശ്രമിക്കുന്നുണ്ട്. എം.എൽ എ പാർട്ടി സെക്രട്ടറിയാകുന്നതിന് സി പി എം ഭരണഘടന തടസമാകുന്നില്ലന്ന് ജോയിയെ അനുകൂലിക്കുന്നവർ വാദിക്കുന്നു. നിലവിലെ സെക്രട്ടറി ആനാവൂർ നാഗപ്പൻ തന്റെ പിൻഗാമിയായി കാണുന്നത് കെ.എസ്.സുനിൽ കുമാറിനെയാണ്. സുനിൽ കുമാർ നിലവിൽ കേരള അബ്കാരി വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് ചെയർമാനുമാണ്. കേരള സ്റ്റേറ്റ് ഓട്ടോ ടാക്സി ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ - സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ സുനിൽ കുമാർ കഴിഞ്ഞ ജില്ലാ സമ്മേളനത്തോടെ ജില്ലാ സെക്രട്ടറിയേറ്റിലും എത്തി.
യുവാവ് ആയതു കൊണ്ട് തന്നെ പാർട്ടിക്ക് പുതുജീവൻ നൽകാൻ സുനിൽകുമാറിന് ആകുമെന്ന് സംസ്ഥാന നേതൃത്വത്തെ ആനാവൂർ തന്നെ ധരിപ്പിച്ചിരുന്നു. അതേ സമയം കഴിഞ്ഞ സംസ്ഥാന സമിതി ആരെ സെക്രട്ടറിയാക്കണമെന്ന് നിശ്ചയിച്ചിട്ടില്ല. പുതിയ സെക്രട്ടറിയെ നിശ്ചയിക്കാൻ ജില്ലാ കമ്മിറ്റി വിളിച്ചു ചേർക്കാൻ ആനാവൂർ നാഗപ്പനോടു നിർദ്ദേശിക്കുകയായിരുന്നു. ജില്ലയിലെ ചില മുതിർന്ന നേതാക്കൾക്കു മുൻ മേയർ സി.ജയൻ ബാബുവിനെ ജില്ലാ സെക്രട്ടറിയാക്കാനാണ് താൽപര്യം. ജില്ലാ നേതൃ രംഗത്ത് തലമുറ മാറ്റത്തിന്റെ ആവശ്യം ഇപ്പോഴില്ലന്നും തഴക്കവും പഴക്കവുമാണ് പുതിയ ജില്ലാ സെക്രട്ടറിക്ക് ആവശ്യമെന്നും ഇവർ വാദിക്കുന്നു.
എന്നാൽ ജില്ലയിൽ എസ് എഫ് ഐ കുത്തഴിഞ്ഞതിന്റെ ഉത്തരവാദിത്വം ചുമതലക്കാരനായ ജയൻ ബാബുവിനായതിനാൽ അദ്ദേഹത്തിന്റെ സാധ്യതയ്ക്ക് മങ്ങലേറ്റിരിക്കുകയാണ്. തർക്കം രൂക്ഷമായാൽ ഒത്തുതീർപ്പ് ഫോർമുല രൂപപ്പെടാനും സാധ്യതയുണ്ട്. പാർലമെന്റ് തെരഞ്ഞടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ ജില്ലയിലെ പാർട്ടിയിൽ അപസ്വരങ്ങൾ ഉണ്ടാക്കാൻ സി പി എം സംസ്ഥാന നേതൃത്വം തുനിയുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകരും ഉറ്റുനോക്കുന്നത്. ജില്ലയിലെ മുതിർന്ന നേതാക്കളുടെ കോർട്ടിൽ പന്ത് എത്തുമെന്നാണ് അവരുടെ പ്രതീക്ഷ. കെ എസ് സുനിൽകുമാറിനെ സെക്രട്ടറിയാക്കാനുള്ള ആനാവൂരിന്റെ താൽപര്യത്തിന് തടയിട്ട മുതിർന്ന നേതാക്കൾ ഒത്തു തീർപ്പെന്ന നിലയിലും മുന്നോട്ടു വെച്ചിരുന്നപേര് സി ജയൻ ബാബുവിന്റേത് ആയിരുന്നു. അത് നടക്കാൻ സാധ്യതയില്ലാത്തതിനാൽ അവരും ജോയിയെ പിന്തുണച്ചേക്കും.
സംസ്ഥാന ഭരണം നിയന്ത്രിക്കാൻ ചുമതലപ്പെട്ട 18 അംഗ സെക്രട്ടറിയേറ്റിൽ അംഗമായിട്ടും ആനാവൂർ നാഗപ്പനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാത്തത് പാർട്ടി അണികൾക്കിടയിൽ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. കൂടാതെ ജില്ലയിലെ പാർട്ടി സംവിധാനങ്ങളിലെ പാളിച്ചകൾ വിവാദത്തിനും പരാതികൾക്കും ഇടവെച്ചിരുന്നു. അതുകൊണ്ട് തന്നെ മാറ്റം അല്ലാതെ മറ്റൊരു കാര്യം പാർട്ടിക്ക് മുന്നിലില്ലായെന്നാണ് അറിയുന്നത്. അണികളെ ബോധ്യപ്പെടുത്താൻ സി പി എം പറഞ്ഞ ആദ്യ ന്യായം പാർട്ടി കോൺഗ്രസ് കഴിഞ്ഞാലുടൻ തിരുവനന്തപുരത്തെ സി പി എമ്മിൽ പുതിയ സെക്രട്ടറി ഉണ്ടാവുമെന്നാണ്. പാർട്ടി കോൺഗ്രസ് കഴിഞ്ഞപ്പോൾ പറഞ്ഞു മുഖ്യമന്ത്രി പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും അമേരിക്കയിൽ നിന്നും ചികിത്സ കഴിഞ്ഞ് എത്തിയ ശേഷം മാറ്റം ഉണ്ടാകുമെന്നാണ്. ഇരുവരും അമേരിക്കയിൽ നിന്നും എത്തിയെങ്കിലും തിരുവനന്തപുരത്ത് സെക്രട്ടറിയായി ആനാവൂർ തന്നെ തുടരട്ടെ എന്ന് നിശ്ചയിക്കുകയായിരുന്നു. ഇതിനിടെ കോടിയേരിയുടെ അപ്രതീക്ഷിത വിയോഗം കഴിഞ്ഞും ചർച്ചകൾ സജീവമായി.
ഇതിനിടെ ജില്ലാ സെക്രട്ടറി പദത്തിൽ താല്പര്യമുള്ള ചില നേതാക്കൾ മാധ്യമങ്ങളിൽ തുടർച്ചയായി വാർത്തകളും വരുത്തി. ഇത് സംസ്ഥാന നേതൃത്വത്തിന്റെ നീരസത്തിനും ഇടവെച്ചു. ആനാവൂർ നാഗപ്പന് അപ്രതീക്ഷിതമായി ലഭിച്ചസംസ്ഥാന സെക്രട്ടറിയേറ്റ് അംഗത്വം തലസ്ഥാനത്തെ ജില്ലാ സെക്രട്ടറി മോഹികളുടെ എണ്ണം കൂട്ടി. സംഘടനാ സംവിധാനത്തെ ചലിപ്പിക്കാൻ ശേഷിയുള്ള നിരവധി നേതാക്കൾ ജില്ലയിൽ തന്നെ ഉണ്ടെങ്കിലും എല്ലാ പേർക്കും നേതൃത്വത്തിന്റെ ആശിർവാദമില്ല. സ്ഥാനമോഹികൾ കൂടിയതോടെ സംസ്ഥാന നേതൃത്വവും വെട്ടിലായി. അതാണ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണെങ്കിൽ കൂടി ആനാവൂർ നാഗപ്പനോട് തൽക്കാലം ജില്ലാ സെക്രട്ടറി പദവിയിൽ തുടരാൻ അന്നത്തെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നിർദ്ദേശിച്ചത് .
മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്