കണ്ണൂർ: പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം അവകാശപ്പെട്ട് യു.ഡി. എസ്. എഫ് മുന്നണി നേതാക്കൾ. കഴിഞ്ഞ 28 വർഷത്തിനിടയിൽ ആദ്യമായാണ് യുഡിഎസ്എഫ് 12 സീറ്റിൽ വിജയിച്ചത്. പത്ത് മേജർ സീറ്റിൽ ഒൻപതും യുഡിഎസ്.എഫ് നേടി.

ചെയർമാനായി ഹിഷാം മുനിറിനെയും വൈസ് ചെയർമാന്മാരായി ഇ. അമീൻ എസ്. സജിത എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി ഹുസ്നുൽ മുനീർ, ജോ സെക്രട്ടറിമാർ ഫറാസ് ഷരീഫ്, ഷിബിൻ ഫവാസ്, ഫൈൻ ആട്സ് സെക്രട്ടറി മുഹമ്മദ് ജാമിം, യു.യു.സി കെ.വാജിദ്, മുഹമ്മദ് റൈസൽ എന്നിവരാണ് വിജയിച്ചത്. സ്പോട്‌സ് സെക്രട്ടറി എസ്.എഫ് ഐ വിജയിച്ചു. 2020 ബാച്ച്, പിജി റെപ്, എന്നിവയും എസ്.എഫ് ഐ ജയിച്ചു.

2021 റെപ്, 22 റെപ്, 23 റെപ് എന്നിവ യുഡിഎസ്.എഫിന് ലഭിച്ചു. പിണറായി സർക്കാരിനെതിരായി കലാലയ ക്യാമ്പസുകളിൽ ഉയർന്നുവരുന്ന അതിശക്തമായ വിദ്യാർത്ഥി രോഷത്തിന്റെ പ്രതിഫലനമാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ഇന്ന് നടന്ന കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ യു ഡി എസ്എഫിന്റെ അഭൂതപൂർവ്വമായ വിജയമെന്ന് മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുൽ കരീം ചേലേരി പറഞ്ഞു.

ലോകസഭാതിരഞ്ഞെടുപ്പോടു കൂടി കേരളത്തിലെ പിണറായി വിജയന് ലഭ്യമായിട്ടുള്ള മാൻഡേറ്റ് തകർന്നിരിക്കുന്നു. ഏതാനും ആഴ്ചകൾക്കു മുൻപേ നടന്ന കോഴിക്കോട് സർവ്വകലാശാല യൂണിയൻ തെരഞ്ഞെടുപ്പിലും യുഡിഎസ്എഫ് അതിശക്തമായ വിജയമാണ് കാഴ്ചവച്ചത്. കഴിഞ്ഞ 28 വർഷമായി എസ്എഫ്‌ഐ തനിച്ച് ജയിക്കുന്നുവെന്ന് അഹങ്കരിച്ചു നടന്ന ഒരു കോളേജാണ് പരിയാരം മെഡിക്കൽ കോളേജ്.

എതിർ സ്ഥാനാർത്ഥികളെയും എതിർ മുന്നണിക്കാരെയും നോമിനേഷൻ പോലും കൊടുക്കാൻ അനുവദിക്കാതെ ഇവിടെ നടത്തിയിട്ടുള്ള ഏകപക്ഷീയമായ പ്രവർത്തനങ്ങളുടെ ഫലമായാണ് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊന്നിലും മുന്നണി സ്ഥാനാർത്ഥികൾ എന്ന നിലയിൽ ഇവിടെ യുഡി എസ്എഫ് സ്ഥാനാർത്ഥികൾക്ക് വിജയിച്ചു വരാൻ സാധിക്കാതിരുന്നത്.

എന്നാൽ അങ്ങയറ്റത്തെ നിശ്ചയദാർഢ്യത്തോടും ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനങ്ങളുടെയും ഫലമാണ് ഈ വിജയം. എല്ലാപ്രതിസന്ധികളെയും, എല്ലാഭീഷണികളെയും അതിജീവിച്ച് ഞങ്ങൾ വിദ്യാർത്ഥി പക്ഷത്ത് ഉറച്ച്‌നിൽക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇവിടത്തെ എം എസ് എഫിന്റെയും കെ.എസ് യു വിന്റെയും സാരഥികൾ മുന്നോട്ടു വന്നപ്പോൾ അവർക്ക് എല്ലാവിധ പിന്തുണയും നൽകി കണ്ണൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾ കഴിഞ്ഞ 28 വർഷത്തിനുശേഷം ചരിത്രം സൃഷ്ടിച്ചിരിക്കുന്നു

സ്വർണ്ണക്കടത്തുകാരുടെയും ക്വട്ടേഷൻ സംഘത്തിന്റെയും പിടിയിലമർന്ന സിപിഎമ്മിന് കൂടി വിദ്യാർത്ഥികൾ നൽകിയിട്ടുള്ള കടുത്ത തിരിച്ചടി കൂടിയാണിത്. ഈ ചരിത്രനിമിഷത്തിൽ കണ്ണൂർ ജില്ലയിലെ ജനങ്ങൾ ആകമാനം അഭിമാനിക്കുന്നു. എസ്എഫ്‌ഐ കുത്തക തകർത്തു കണ്ണൂർ മെഡിക്കൽ കോളേജിൽ വിജയിച്ചു വന്ന മുഴുവൻ യുഡിഎസ്എഫ് സാരഥികളെയും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റിക്ക് വേണ്ടിയും യുഡിഎഫ് ജില്ലാ കമ്മിറ്റിക്ക് വേണ്ടി അഭിനന്ദിക്കുന്നതായി അബ്ദുൾ കരീം ചേലേരി പറഞ്ഞു.