- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രവിരുദ്ധ സമരത്തിന് സർക്കാരിന് ഒപ്പമില്ലെന്ന സൂചന നൽകി യുഡിഎഫ്
തിരുവനന്തപുരം: കേന്ദ്ര അവഗണനയ്‌ക്കെതിരായ പ്രക്ഷോഭത്തിൽ പ്രതിപക്ഷവും ഒപ്പം ചേരണമെന്ന് മുഖ്യമന്ത്രി. പിണറായി വിജയൻ വിളിച്ച യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഉപ നേതാവ് കുഞ്ഞാലിക്കുട്ടിയും പങ്കെടുത്തു. ഓൺലൈൻ യോഗത്തിൽ മുഖ്യമന്ത്രി ക്ലിഫ് ഹൗസിലും പ്രതിപക്ഷനേതാവ് ആലുവ ഗസ്റ്റ് ഹൗസിലും കുഞ്ഞാലിക്കുട്ടി ദുബായിലും ആയാണ് പങ്കെടുത്തത്.
കന്ദ്ര സർക്കാർ കാട്ടുന്ന അവഗണനക്കെതിരെ ഡൽഹിയിൽ സമരം ചെയ്യാൻ പ്രതിപക്ഷത്തെ മുഖ്യമന്ത്രി സ്വാഗതം ചെയ്തു. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കേന്ദ്ര സർക്കാരാണെന്ന് മുഖ്യമന്ത്രി വാദിച്ചു. കേരളത്തിലെ വികസന പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോവാൻ കഴിയാത്ത രീതിയിൽ കേന്ദ്രം വലിയ രീതിയിൽ സാമ്പത്തികമായി ഞെരുക്കുകയാണ്. ക്ഷേമപെൻഷനുകൾ മുടങ്ങുകയാണ്.
എന്നാൽ കേരളത്തിന്റെ എല്ലാ പ്രശ്‌നങ്ങൾക്കും കാരണം കേന്ദ്ര സർക്കാരല്ലെന്നും ചില പ്രശ്‌നങ്ങൾക്ക് മാത്രമാണ് കേന്ദ്ര സർക്കാർ കാരണക്കാരെന്നും വി ഡി സതീശൻ മറുപടി പറഞ്ഞു. ഡൽഹിയിൽ സമരം ചെയ്യാൻ വരണോയെന്നത് മുന്നണിയിൽ ആലോചിച്ച് പറയേണ്ട കാര്യമാണെന്നും അദ്ദേഹം യോഗത്തിൽ നിലപാട് സ്വീകരിച്ചു. സംസ്ഥാന സർക്കാരിന്റെ ധൂർത്തും കൃത്യമായി നികുതി പിരിച്ചെടുക്കാത്തതും സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാണെന്ന് പ്രതിപക്ഷ നേതാവ് വിമർശിച്ചു.
പാർലമെന്റിന് മുന്നിലാണ് സർക്കാരും സിപിഎമ്മും സമരം പ്രഖ്യാപിച്ചത്. ഭരണ-പ്രതിപക്ഷ സമരം കൂടുതൽ ഫലപ്രദമാകുമെന്ന് മുഖ്യമന്ത്രി ഇന്ന് യോഗത്തിൽ പറഞ്ഞു. എന്നാൽ മുന്നണിയിൽ ആലോചിച്ച് മറുപടി പറയാമെന്ന നിലപാടാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സ്വീകരിച്ചത്. സർക്കാറുമായി വലിയ രാഷ്ട്രീയ ഏറ്റുമുട്ടൽ നടക്കുമ്പോൾ കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് യുഡിഎഫ് തയ്യാറാവില്ലെന്നാണ് സൂചന.
സംസ്ഥാനത്തെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കുള്ള ഒരേയൊരു കാരണം കേന്ദ്ര സർക്കാരിന്റെ നിലപാടെന്നായിരുന്നു മുഖ്യമന്ത്രിയും ധനമന്ത്രിയും പറഞ്ഞത്. പദ്ധതി വിഹിതം വെട്ടിക്കുറച്ചും കടമെടുപ്പ് പരിധി കുറച്ചതുമെല്ലാം അവഗണനയുടെ തെളിവായി സർക്കാർ ഉന്നയിക്കുന്നു. കേന്ദ്ര സർക്കാരിന്റെ നിലപാട് തെറ്റാണെങ്കിലും സംസ്ഥാന സർക്കാരിനും ഉത്തരവാദിത്തം ഉണ്ടെന്ന് വിഡി സതീശൻ തന്റെ മറുപടിയിൽ പറഞ്ഞു. പ്രതിസന്ധി കാലത്ത് സർക്കാരിന്റെ മുൻഗണന മാറി, ധൂർത്ത് വ്യാപകമാണ്, വൻകിടക്കാരിൽ നിന്ന് നികുതി കുടിശിക പിരിക്കാത്തതും കാരണമാണെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. കേന്ദ്രത്തിനെതിരെ സൂപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് രാഷ്ട്രീയ നീക്കത്തിന് സർക്കാർ പ്രതിപക്ഷത്തിന്റെ സഹകരണം സംസ്ഥാന സർക്കാർ തേടിയത്.
നേരത്തെ, ഈ വിഷയത്തിൽ പാർലമെന്റ് സമ്മേളനത്തിന് മുമ്പ് വിളിച്ച യോഗത്തിൽ സംസ്ഥാനത്തെ എംപിമാരെല്ലാവരുംകൂടി സംയുക്തമായി കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ യുഡിഎഫ് എംപിമാർ അന്നതിനോട് സഹകരിച്ചിരുന്നില്ല.