കോഴിക്കോട്: രാഹുൽ ഗാന്ധി ഇക്കുറിയും വയനാട്ടിൽ മത്സരിക്കുമോ? അതോ അമ്മയുടെ സീറ്റായ റായ് ബറേലിയിലേക്ക് കളം മാറ്റുമോ? കോൺഗ്രസ് നേതാക്കൾക്ക് ആർക്കും തന്നെ ഇതേക്കുറിച്ച് യാതൊരു എത്തുംപിടിയും ഇല്ലാത്ത അവസ്ഥയിലാണ. യുഡിഎഫിലെ സീറ്റ് വിഭജന ചർച്ച മുന്നോട്ടു പോകാതിരിക്കുന്നതും രാഹുലിൽ തട്ടിയാണ്. രാഹുൽ വയനാട് മണ്ഡലത്തിൽ നിന്നും മാറിയാൽ ആ സീറ്റ് തങ്ങൾക്ക് വേണമന്ന ആവശ്യം ലീഗ് ശക്തമാക്കും. മൂന്നാം സീറ്റ് കിട്ടിയേ തീരൂ എന്ന് കടുംപിടുത്തം പിടിക്കുന്നത് ഈ സീറ്റിലെ സാധ്യതകൾ കൂടി മുന്നിൽ കണ്ടാണ്. അതേസമയം കോൺഗ്രസ് വഴങ്ങാതെ വന്നാൽ രാജ്യസഭാ സീറ്റ് ഉറപ്പിക്കുകയും ചെയ്യുക എന്നതാണ് ലീഗിന്റെ തന്ത്രം.

പലവട്ടം അനൗപചാരിക ചർച്ചകൾ നടന്നെങ്കിലും നിർബന്ധപൂർവമുള്ള ലീഗിന്റെ ആവശ്യത്തോട് അനുകൂലമായോ പ്രതികൂലമായോ കോൺഗ്രസ് പ്രതികരിക്കാത്തതാണ് തീരുമാനം അനിശ്ചിതത്വത്തിലാക്കിയത്. കോൺഗ്രസ് നേതാക്കൾ പറഞ്ഞ പ്രായോഗിക പ്രയാസങ്ങൾ ലീഗിന് ബോധ്യപ്പെട്ടിട്ടില്ല. മൂന്നാം സീറ്റിനുള്ള പിടിവാശി ലീഗിനുണ്ടായിരുന്നില്ല. പല കോണുകളിൽനിന്നുള്ള സമ്മർദമാണ് ആവശ്യം ശക്തമായി ഉന്നയിക്കാൻ നേതൃത്വത്തെ പ്രേരിപ്പിച്ചത്.

മുമ്പൊന്നും ഉന്നയിച്ചതുപോലെയല്ലെന്നും ഇത് കിട്ടാനുള്ള ആവശ്യമാണെന്നും ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ ഒരുറപ്പും ലഭിക്കാതെയുള്ള പിന്മാറ്റം ലീഗിന് സാധ്യമല്ല. ഇ.ടി. മുഹമ്മദ് ബഷീർ, കെ.പി.എ. മജീദ്, ഡോ. എം.കെ. മുനീർ തുടങ്ങിയവർ ഇക്കാര്യത്തിൽ ഉറച്ച നിലപാടിലാണ്. സിറ്റിങ് എംപിമാർ തന്നെ മത്സരിക്കുന്ന കാര്യമാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടിയത്. മറിച്ചൊരു സാധ്യതയുള്ളത് കണ്ണൂരിലും ആലപ്പുഴയിലുമാണ്.

ലീഗിന് മത്സരിക്കാവുന്ന കണ്ണൂരിലാകട്ടെ, കെ. സുധാകരനെ തന്നെ രംഗത്തിറക്കി തടയിടാനുള്ള ശ്രമവുമുണ്ട്. വയനാട്ടിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ ഹൈകമാൻഡിന്റെ അന്തിമ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ അവിടെയും ലീഗിന് നോട്ടമുണ്ട്. സംഘടനാപ്രശ്‌നങ്ങൾ ഉയർത്തി കോൺഗ്രസ് ശക്തമായി പ്രതിരോധിച്ചാൽ അടുത്ത് ഒഴിവുവരുന്ന രാജ്യസഭ സീറ്റിലാണ് ലീഗിന്റെ കണ്ണ്. എന്നാൽ, അക്കാര്യം ചർച്ചയിൽ ലീഗ് നേതാക്കൾ മുന്നോട്ടുവെച്ചിട്ടില്ല.

അധിക രാജ്യസഭ സീറ്റ് ലീഗിന് നൽകിയ ചരിത്രമുണ്ടെങ്കിലും ഇപ്പോൾ ജെബി മേത്തർ മാത്രമാണ് കോൺഗ്രസിന്റെ രാജ്യസഭാംഗം. ജോസ് കെ. മാണി, ബിനോയ് വിശ്വം, എളമരം കരീം എന്നിവരുടെ കാലാവധി അടുത്ത ജൂണിൽ അവസാനിക്കും. നിയമസഭ സീറ്റുകൾ കണക്കാക്കിയാൽ ഒരു രാജ്യസഭസീറ്റ് യു.ഡി.എഫിനുണ്ടാകും. അത് ലീഗിന് നൽകി പരിഹാരം കാണുക എന്നതാണ് കോൺഗ്രസിന് മുന്നിലുള്ള വഴി.

നിരവധി പേർ കുപ്പായമിട്ടു നിൽക്കുന്നതിനാൽ ഇക്കാര്യത്തിലും തീരുമാനം പറയാനാകാതെ കുഴങ്ങുകയാണ് പാർട്ടി. ദേശീയ ആസ്ഥാന രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട് ഡൽഹിയിൽ പോയ ലീഗ് നേതാക്കൾ തിരിച്ചെത്തിയാൽ കോൺഗ്രസുമായുള്ള അന്തിമ ചർച്ച നടക്കും. അതിനിടെ യു.ഡി.എഫി ൽ സീറ്റ് വിഭജനം വൈകുന്നതിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിനും അതൃപ്തിയുണ്ട്. ചർച്ചകൾ നീണ്ടുപോകുന്നതിനാൽ കോട്ടയത്ത് ജോസഫ് വിഭാഗത്തിന് ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ കഴിയാത്തതാണ് പ്രതിസന്ധി. ജോസ് കെ മാണി വിഭാഗം അഞ്ചു ദിവസം മുമ്പ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രവർത്തനം തുടങ്ങിയതും ജോസഫ് ഗ്രൂപ്പിനെ സമ്മർദത്തിലാക്കിയിട്ടുണ്ട്.

നാലു പതിറ്റാണ്ടുകൾക്ക് ശേഷം കേരളാ കോൺഗ്രസുകളുടെ നേരിട്ടുള്ള മത്സരമാണ് കോട്ടയത്ത് നടക്കുക. എൽ.ഡി.എഫ് സിറ്റിങ് എം പി യായ തോമസ് ചാഴികാടനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് ചുവരെഴുത്തും പോസ്റ്റർ പ്രചാരണവും തുടങ്ങി മാനസിക മുൻതുക്കം നേടി. ഇതേ തുടർന്ന് വേഗത്തിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ ജോസഫ് വിഭാഗം നീക്കം ശക്തമാക്കിയെങ്കിലും യു ഡി എഫിലെ സീറ്റ് വിഭജന ചർച്ചകളിൽ അന്തിമ തിരുമാനം വൈകി. ഇതാണ് ജോസഫ് വിഭാഗത്തിന്റ അതൃപ്തിക്ക് കാരണം.

കോട്ടയത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുന്നതിനായി ജില്ലാ നേതൃത്വം കഴിഞ്ഞ ദിവസം ക്രമീകരണം നടത്തിയിരുന്നു. എന്നാൽ യു.ഡി.എഫ് സംസ്ഥാന നേതൃത്വത്തെ മറികടന്ന് പ്രഖ്യാപനം നടത്തുന്നത്. മുന്നണി ബന്ധം വഷളാക്കുമെന്നും കേരളാ കോൺഗ്രസ് കരുതുന്നു.എൽ.ഡി.എഫ് ൽ കേരളാ കോൺഗ്രസ് എമ്മിന് സ്വന്തം നിലയിൽ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാൻ സിപിഎം നേതൃത്വം അനുമതി നൽകിയപ്പോൾ യു.ഡി.എഫി ൽ കോൺഗ്രസ് അത്രയും വിശാല സമീപനം കാണിക്കാത്തതും പ്രശ്‌നം വഷളാക്കുന്നു.

കോൺഗ്രസ് കോട്ടയം സീറ്റിൽ മത്സരിക്കുമെന്ന കെപിസിസി അധ്യക്ഷൻ നേരത്തെ നടത്തിയ പ്രസ്താവനയും കല്ലുകടിയായി. പ്രസ്താവന പിന്നീട് തിരുത്തിയെങ്കും കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ ആശങ്ക ഒഴിയുന്നില്ല. ഇന്നോ നാളോ കോട്ടയത്തു വെച്ചു തന്നെ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയേക്കും. ഫ്രാൻസിസ് ജോർജിന്ന മത്സരിപ്പിക്കുന്നതിന് പാർട്ടിയിൽ ധാരണയായിട്ടുണ്ട്.