തിരുവനന്തപുരം: സർവകലാശാല ബിൽ രാഷ്ട്രപതിക്ക് വിടുമെന്ന സൂചന നൽകി ഗവർണർ. ചാൻസലർ ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെയെന്ന് ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു്. തന്നെ കൂടി ബാധിക്കുന്ന ബില്ലിൽ തനിക്ക് മുകളിലുള്ളവർ തീരുമാനമെടുക്കട്ടെ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നയപ്രഖ്യാപനത്തിനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമെന്ന് പറഞ്ഞ അദ്ദേഹം സർക്കാരിന്റെ നടത്തിപ്പിൽ ഒരിക്കലും ഇടപെട്ടിട്ടില്ലെന്നും പറഞ്ഞു.

ചാൻസലർ ബിൽ ഒഴികെ കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പാസ്സാക്കിയ പതിനാറ് ബില്ലുകളിലും ഗവർണർ ഒപ്പുവച്ചിരുന്നു. ചാൻസലർ ബില്ലിൽ ഗവർണർ തീരുമാനം എടുത്തില്ല. ബില്ലിൽ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെയും നീക്കം. ബില്ലിൽ രാജ്ഭവൻ നേരത്തെ നിയമപദേശം തേടിയിരുന്നു. 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ മാറ്റുന്നതാണ് ബിൽ.

സർവകലാശാലകളുടെ ചാൻസലർ സ്ഥാനത്തു നിന്നു ഗവർണറെ പുറത്താക്കാനുള്ള രണ്ടു ബില്ലുകൾ, നദീതീര സംരക്ഷണവും മണൽ വാരൽ നിയന്ത്രണവും (ഭേദഗതി) ബിൽ, ക്ലിനിക്കൽ സ്ഥാപനങ്ങൾ (രജിസ്റ്റ്രേഷനും നിയന്ത്രണവും) ഭേദഗതി ബിൽ, പ്രവാസി ഭാരതീയർ (കേരളീയർ) കമ്മിഷൻ ഭേദഗതി ബിൽ തുടങ്ങി 17 ബില്ലുകൾ ഇത്തവണ നിയമസഭ പാസാക്കിയിരുന്നു.

വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രം തീരുമാനമെടുക്കാനാകില്ല എന്നായിരുന്നു ഗവർണറുടെ നിലപാട്. ചാൻസലർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന ബില്ലിൽ അതിവേഗം തീരുമാനമില്ലെന്നും നേരത്തെ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കിയിരുന്നു.

നിയമോപദേശത്തിന് ശേഷം ഭരണഘടനാ വിദഗ്ധരുമായും കൂടിയാലോചന നടത്തിയാകും തുടർ തീരുമാനം. രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിട്ടാൽ പിന്നെ ബില്ലിൽ തീരുമാനം ഉടനൊന്നും സാധ്യതയില്ല. വിസി നിർണ്ണയ സമിതിയിൽ നിന്നും ഗവർണറുടെ അധികാരം വെട്ടിക്കുറക്കുന്ന ബിൽ മാസങ്ങളായി രാജ്ഭവനിൽ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.

ബില്ലിൽ ഗവർണർ നിയമോപദേശം തേടിയിരുന്നു. ഹൈക്കോടതിയിലെ രാജ്ഭവൻ സ്റ്റാൻഡിങ് കോൺസലിനോടാണ് ഉപദേശം തേടിയത്. നിയമസഭാ സമ്മേളനം അവസാനിച്ച് 10 ദിവസം ആയപ്പോഴാണ് സഭ പാസാക്കിയ വിവാദ സർവകലാശാലാ ബില്ലുകൾ ഗവർണറുടെ അംഗീകാരത്തിന് എത്തിയത്.

സർവകലാശാല ഭേദഗതി ബിൽ കഴിഞ്ഞ വർഷം ഡിസംബർ പതിമൂന്നിനാണ് സഭ പാസാക്കിയത്. എന്നാൽ ഇത് ഗവർണറുടെ അനുമതിക്കായി സർക്കാർ ആദ്യം നൽകിയിരുന്നില്ല. ചാൻസലർ സ്ഥാനത്ത് ഗവർണർ വേണ്ട അക്കാദമിക് വിദഗ്ദ്ധർ മതിയെന്നും, ചാൻസലറെ തിരഞ്ഞെടുക്കാൻ മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും, സ്പീക്കറും ഉൾപ്പെടുന്ന സമിതി രൂപീകരിക്കണമെന്നുമായിരുന്നു ബില്ലിൽ വ്യവസ്ഥ. ബിൽ രാജ്ഭവനിലേക്ക് അയക്കാൻ വൈകിയത്, നിയമ പരിശോധന പൂർത്തിയാക്കാൻ സമയം എടുത്തതുകൊണ്ടാണെന്നും സർക്കാർ വിശദീകരിച്ചിരുന്നു. ഗവർണറാണ് ചാൻസലറെന്ന് കണക്കാക്കിയാണ് യുജിസിയുടെ ചട്ടങ്ങൾ എന്നതിനാൽ യുജിസിയോടും അഭിപ്രായം തേടേണ്ടിവരുമെന്ന് അദ്ദേഹം സൂചിപ്പിച്ചിരുന്നു.

ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പിട്ടാൽ മാത്രമേ നിയമമാകൂ. കേരള സർവകലാശാല വിസി നിയമനത്തിലുള്ള സെർച്ച് കമ്മിറ്റി അംഗത്തെ ഒരു മാസത്തിനുള്ളിൽ നോമിനേറ്റ് ചെയ്ത് ചാൻസലറെ അറിയിക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു. ചാൻസലർക്ക് സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ അധികാരമില്ലെന്ന്, സെനറ്റ് അംഗങ്ങൾ നൽകിയ അപ്പീലിൽ പറഞ്ഞിരുന്നു. യുജിസി ചട്ടം അനുസരിച്ച് സെർച്ച് കമ്മിറ്റിയെ രൂപീകരിക്കേണ്ടത് ചാൻസലർ അല്ലെന്നാണ് സെനറ്റ് അംഗം ഹർജിയിൽ പറഞ്ഞത്.