കൊച്ചി: കർണാടകത്തിൽ ബിജെപി.യുമായി സഖ്യമുണ്ടാക്കുന്നതിൽ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ ലഭിച്ചതായി ജെ.ഡി.എസ്. ദേശീയ അധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ വെളിപ്പെടുത്തിയിരുന്നു. ദേവഗൗഡയുടെ വെളിപ്പെടുത്തൽ ഗുരുതരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. എൻഡിഎ മുന്നണിയുടെ ഭാഗമായ പാർട്ടിയുടെ പ്രതിനിധി, എൽഡിഎഫ് സർക്കാരിൽ ഇരിക്കുന്നതിനെതിരേ ഞങ്ങൾ പ്രതികരിച്ചു. എന്നിട്ടും മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. ബിജെപിയുമായി അവിഹിത ബന്ധം കേരളത്തിലെ സിപിഎമ്മിനുണ്ട് എന്ന ഞങ്ങളുടെ ആക്ഷേപത്തിന് അടവരയിടുന്ന കാര്യമാണ് ദേവഗൗഡയുടെ വെളിപ്പെടുത്തൽ. എൽഡിഎഫിന്റെ തുടർ ഭരണത്തിന് കാരണമായതും ഈ കൂട്ടുകെട്ടാണെന്നും സതീശൻ പറഞ്ഞു.

കരുവന്നൂരിലെ ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ട് സിപിഎം സർക്കാരും ബിജെപിയും തമ്മിൽ സെറ്റിൽമെന്റിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. തൃശ്ശൂർ സീറ്റിൽ ഇരു കക്ഷികളും തമ്മിൽ സെറ്റിൽമെന്റ് ഉണ്ടാകുമോയെന്ന് ആശങ്കയുണ്ടെന്നും സതീശൻ പറഞ്ഞു.

കേരളത്തിലെ സർക്കാരിനെ ബിജെപി ഭയപ്പെടുത്തി വിരൽത്തുമ്പിൽ നിർത്തിയിരിക്കുകയാണ്. തൃശ്ശൂരിൽ നടക്കുന്ന ഇ.ഡി അന്വേഷണവും ഇപ്പോൾ സെറ്റിൽമെന്റിലേക്ക് പോയ്ക്കൊണ്ടിരിക്കുകയാണ്. അവസാനം തൃശ്ശൂർ സീറ്റിൽ ഒരു സെറ്റിൽമെന്റ് ഉണ്ടാകുന്ന അവസ്ഥയിലേക്ക് പോകുമോ എന്ന് ഞങ്ങൾ ഭയപ്പെടുന്നെന്നും സതീശൻ പറഞ്ഞു.

സർക്കാരല്ല കൊള്ളക്കാരാണ് ഭരണം നടത്തുന്നത്. കോവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപറേഷൻ സാധനങ്ങൾ വാങ്ങിയതിൽ വൻ അഴിമതിനടന്നെന്ന് സി ആൻഡ് എജി റിപ്പോർട്ടിൽ വ്യക്തമാണെന്നും യഥാർഥ വിലയുടെ 300 ശതമാനത്തിലധികം വിലനൽകിയെന്ന് റിപ്പോർട്ടിൽ പറയുന്നതെന്നും സതീശൻ പറഞ്ഞു. ജനങ്ങൾ ഭയപ്പെട്ടും ദുഃഖത്തിലും ജീവിക്കുമ്പോഴാണ് ഈ കൊള്ള നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.