കണ്ണൂർ: സ്വതന്ത്ര ഫലസ്തീൻ എന്നതാണ് കോൺഗ്രസ് നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹംകോഴിക്കോട് മുസ്ലിം ലീഗ് നടത്തിയ ഫലസ്തീൻ ഐക്യദാർഡ്യ റാലിയിൽ ശശി തരൂർ നടത്തിയ ഹമാസ് ഇസ്രയേലിൽ തീവ്രവാദ ആക്രമണം നടത്തിയെന്ന പ്രസംഗത്തെ കുറിച്ചു പ്രതികരിക്കുയായിരുന്നു അദ്ദേഹം ഫലസ്തീൻ ഒരു സ്വതന്ത്ര രാഷ്ട്രമാണെന്നതാണ് കോൺഗ്രസിന്റെ നിലപാട്.

ഈ കാര്യത്തിൽ മാറ്റമില്ല. കോൺഗ്രസ് വർക്കിങ് കമ്മിറ്റിയുട സംഘടനാ കാര്യ ചുമതലയുള്ള കെ.സി വേണുഗോപാൽ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. വർക്കിങ് കമ്മിറ്റിയുടെതാണ് പാർട്ടി നിലപാട്. വർക്കിങ് കമ്മിറ്റി പ്രഖ്യാപിച്ച നിലപാടിൽ മാറ്റമില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. മുസ്ലിം ലീഗ് റാലിയിലെ പ്രസംഗം സംബന്ധിച്ച് ശശി തരൂർ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന അക്രമം അപലപനീയമാണ് നെഹ്രുവിന്റെ കാലത്തു തന്നെ ഇന്ത്യ ഫലസ്തീനൊടപ്പമാണെന്നും വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. ഇതിനിടെ കോഴിക്കോട് മുസ്ലിം ലീഗ് വേദിയിലെ പ്രസംഗത്തിൽ വിശദീകരണവുമായി ശശി തരൂർ വീണ്ടും രംഗത്തെത്തി.

ഇസ്രയേയിലേക്ക് ഹമാസ് ഭീകരാക്രമണം നടത്തി 1400 പേരെ കൊലപ്പെടുത്തിയെന്നായിരുന്നു തരൂരിന്റെ പ്രസംഗത്തിലെ വാചകം. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടത്തിയ പരിപാടിയിൽ കോൺഗ്രസ് നേതാവ് ഹമാസിനെ തള്ളി പറഞ്ഞു കൊണ്ടുഅഭിപ്രായം പറഞ്ഞത് ലീഗിനെ വെട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് തരൂർ ന്യായീകരണവുമായി എത്തിയത്. താൻ എന്നും ഫലസ്തീൻ ജനതക്കൊപ്പമാണെന്ന് തരൂർ പറഞ്ഞു. തന്റെ പ്രസംഗം ഇസ്രയേലിന് അനുകൂലമാക്കി ആരും വ്യാഖ്യാനിക്കേണ്ടെന്നും പ്രസംഗത്തിലെ ഒരു വാചകം മാത്രം അടർത്തിയെടുത്ത് പ്രചരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്നും ശശി തരൂർ പറഞ്ഞു.

വേദിയിൽ വച്ചുതന്നെ തരൂരിന്റെ അഭിപ്രായത്തിനോട് വിയോജിച്ചു എം കെ മുനീർ അടക്കമുള്ള നേതാക്കൾ രംഗത്തെത്തിയിരുന്നു. എം സ്വരാജും കെ ടി ജലീലും തരൂരിന്റെ പരാമർശത്തെ സോഷ്യൽ മീഡിയിൽ വിമർശിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരമായ ആക്രമണം അപലപനീയമാണെന്നും കോൺഗ്രസ് നിലപാട് വർക്കിങ് കമ്മിറ്റി പ്രഖ്യാപിച്ച നിലപാടിൽ മാറ്റമില്ലെന്നും വി.ഡി സതീശൻ കണ്ണൂരിൽ പ്രതികരിച്ചത്.

അതേസമയം ഫലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുസ്ലിം ലീഗ് നടത്തിയ ഐക്യദാർഢ്യ റാലിയെ ചെറുതായി കാണിക്കാൻ ശ്രമം നടക്കുന്നുവെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. രാജ്യാന്തര തലത്തിൽ മുസ്ലിം ലീഗ് റാലി ശ്രദ്ധിക്കപ്പെട്ടു. റാലിയിൽ ശശി തരൂർ നടത്തിയ പ്രസംഗത്തിലെ ഒരുവരി വിവാദമാക്കാൻ ശ്രമിക്കുന്നവർ ഫലസ്തീൻ ജനതയെ തോൽപ്പിക്കാൻ ശ്രമിക്കുകയാണ്. ഫലസ്തീൻ ജനതയ്ക്കുള്ള പിന്തുണയാണ് എല്ലാവരും പ്രസംഗിച്ചത്. റാലിയിൽ തരൂർ ഫലസ്തീൻ ജനതയ്ക്ക് പിന്തുണയാണ് പ്രഖ്യാപിച്ചത്. കൂടുതൽ അറിയേണ്ടവർ തരൂരിനോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

മുസ്ലിം ലീഗിനോടുള്ള വിരോധം തീർക്കാൻ ഫലസ്തീൻ ഐക്യദാർഢ്യമെന്ന ലക്ഷ്യം ഇല്ലാതാക്കരുത്. രാജ്യാന്തര തലത്തിൽ ശ്രദ്ധ കൊണ്ടുവരാനാണ് തരൂരിനെ റാലിയിലേക്ക് ക്ഷണിച്ചത്. ഫലസ്തീൻ ജനതയ്ക്ക് ഒപ്പമാണെന്ന് തരൂർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഫലസ്തീന് പിന്തുണയുമായി കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സിലാണ് തരൂർ പ്രസംഗിച്ചത്. ആദ്യം ഇസ്രയേലിലും പിന്നെ ഗസ്സയിലുമായി ആയിരങ്ങൾ പിടഞ്ഞുമരിക്കുമ്പോൾ രാജ്യാന്തര ഉടമ്പടികൾ നോക്കുകുത്തിയാകുന്നുവെന്നായിരുന്നു ചടങ്ങിൽ മുഖ്യാതിഥിയായ തരൂരിന്റെ പ്രസംഗം.