- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലീഗിനെ പ്രകീർത്തിച്ച് യുഡിഎഫിൽ ഭിന്നത ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമം; അത് ബൂമറാങ്ങായി; ഇതേ ചൊല്ലി എൽഡിഎഫിൽ പ്രശ്നമായി; ക്ഷണിച്ച് ക്ഷണിച്ച് ഇപ്പോൾ എൽഡിഎഫും ഉഭയകക്ഷി ചർച്ച വിളിച്ച് പ്രശ്നം പരിഹരിക്കേണ്ട അവസ്ഥയിൽ; സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തിരുവനന്തപുരം: ലീഗ് വിഷയത്തിൽ സിപിഎമ്മിനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ലീഗിനെ പ്രകീർത്തിച്ച് യുഡിഎഫിൽ ഭിന്നത ഉണ്ടാക്കാനായിരുന്നു സിപിഎം ശ്രമമെന്നും എന്നാൽ, അത് ബൂമറാങ്ങായെന്നും സതീശൻ പരിഹസിച്ചു. എന്നാൽ ഈ വിഷയത്തെ ചൊല്ലി എൽഡിഎഫിൽ പ്രശ്നമായെന്നും സതീശൻ കളിയാക്കി. ഗവർണർ വിരുന്നിന് ക്ഷണിച്ചപ്പോൾ തന്നെ സ്ഥലത്ത് ഉണ്ടാകില്ലെന്ന് മറുപടി നൽകിയിരുന്നുവെന്നും ക്ഷണിച്ച് ക്ഷണിച്ച് ഇപ്പോൾ എൽഡിഎഫും ഉഭയകക്ഷി ചർച്ച വിളിച്ച് പ്രശ്നം പരിഹരിക്കേണ്ട അവസ്ഥയിലായെന്നും സതീശൻ പറഞ്ഞു.
ഗവർണർ വിഷയത്തിൽ കോൺഗ്രസും മുസ് ലിം ലീഗും തമ്മിൽ ഭിന്നതയുണ്ടെന്ന് വരുത്തിതീർക്കാൻ ഇടതുപക്ഷം ശ്രമിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടിയാലോചിച്ച് ചർച്ച നടത്തിയാണ് തീരുമാനമെടുത്തത്. വൈസ് ചാൻസലർ സംബന്ധിച്ച് പ്രതിപക്ഷം മുന്നോട്ടുവെച്ചത് ഫലപ്രദമായ നിർദേശമാണെന്ന് സതീശൻ വ്യക്തമാക്കി. യു.ഡി.എഫിന് ഒരേ നിലപാടാണ്. കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്നുവന്ന നിർദ്ദേശം യു.ഡി.എഫ് നേതാക്കളുമായി ചർച്ച ചെയ്താണ് അന്തിമ തീരുമാനമെടുത്തതെന്നും വി.ഡി സതീശൻ പറഞ്ഞു.
ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റി പുതിയ സംവിധാനം ഏർപ്പെടുത്താനുള്ള ബില്ലിനെ എതിർക്കുമെന്നാണ് പ്രതിപക്ഷം ആദ്യം മുതൽ പറഞ്ഞത്. യു.ഡി.എഫ് ഒരിക്കലും ഗവർണറോടൊപ്പം നിന്നിട്ടില്ല. ഗവർണറും മുഖ്യമന്ത്രിയും ഒരുമിച്ച് നിന്നാണ് തെറ്റായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുള്ളതെന്നും സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.
ചാൻസിലർമാരെ സർക്കാരിന് തന്നിഷ്ടം പോലെ നിയോഗിക്കാവുന്ന വ്യവസ്ഥകളാണ് നിയമത്തിൽ ഉള്ളതെന്നും സതീശൻ പറഞ്ഞു. അനധികൃത നിയമനങ്ങളെ അടക്കം വെള്ളപൂശാനാണ് നീക്കം. സർവകലാശാല ഭേദഗതിയിൽ ഫലപ്രദമായ നിർദ്ദേശമാണ് പ്രതിപക്ഷം വച്ചത്. മാർക്സിസ്റ്റ് വത്കരണഭയം പ്രതിപക്ഷത്തിനുണ്ടെന്നും നിയമസഭാ സമ്മേളനം ബഹിഷ്കരിച്ച ശേഷം മാധ്യമങ്ങളെ കണ്ട സതീശൻ പറഞ്ഞു.
ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്ന് നീക്കുന്ന ബില്ല് നിയമസഭ പാസാക്കി. കഴിഞ്ഞ ദിവസം ചർച്ചയ്ക്ക് ശേഷം സബ്ജക്ട് കമ്മിറ്റിക്ക് വിട്ട ബില്ല് ഇന്ന് നിയമസഭയിൽ ചർച്ചയ്ക്ക് എടുത്തപ്പോൾ പ്രതിപക്ഷം വീണ്ടും മാറ്റം നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് നിർദ്ദേശിച്ച മാറ്റങ്ങളോടെയാണ് ബില്ല് ഇന്ന് സഭയിൽ എത്തിയത്. എന്നാൽ പ്രതിപക്ഷ നേതാവ് ഇന്ന് നിർദ്ദേശിച്ച മാറ്റങ്ങൾ ഭാഗികമായി സർക്കാർ അംഗീകരിച്ചു. പക്ഷെ വിരമിച്ച ജഡ്ജി ചാൻസലറാകണമെന്ന പ്രതിപക്ഷ നേതാവിന്റെ നിർദ്ദേശം സർക്കാർ നിരാകരിച്ചതോടെ സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. പിന്നീട് ഭരണപക്ഷ അംഗങ്ങളുടെ പിന്തുണയോടെ ബില്ല് പാസാക്കി. തുടർന്ന് സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.
സംസ്ഥാനത്തെ 14 സർവകലാശാലകൾക്കുമായി ഒരൊറ്റ ചാൻസലർ മതിയെന്നായിരുന്നു ഇന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടത്. സുപ്രീം കോടതിയിലെയോ ഹൈക്കോടതിയിലെയോ വിരമിച്ച ജഡ്ജ് ചാൻസലറാകണം. ചാൻസലറെ നിയമിക്കാൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഹൈക്കോടതി ചീഫ് ജസ്റ്റിസും ഉൾപ്പെട്ട സമിതി വേണമെന്നുമായിരുന്നു വിഡി സതീശൻ ആവശ്യപ്പെട്ടത്.
മറുനാടന് മലയാളി ബ്യൂറോ