- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഏറ്റവും കൂടുതൽ നുണ പ്രചരണം നടത്തുന്നത് ദേശാഭിമാനി; വയോധികരായ ഈ അമ്മമാർക്കെതിരെ വരെ അപവാദ പ്രചരണം നടത്തി; ആന്തൂരിൽ ആത്മഹത്യ ചെയ്ത വ്യവസായിയുടെ കുടുംബത്തിനെതിരെ പോലും ആരോപണം ഉന്നയിച്ചു; വിമർശിച്ചു വി ഡി സതീശൻ
ആലപ്പുഴ: ദേശാഭിമാനിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഏറ്റവും കൂടുതൽ നുണ പ്രചരണം നടത്തുന്നത് ദേശാഭിമാനിയാണെന്ന് സതീശൻ കുറ്റപ്പെടുത്തി. തെറ്റായ വാർത്തകൾ നൽകുന്നതിനെതിരെ പത്രപ്രവർത്തകരുടെ സമ്മേളനത്തിൽ മുഖ്യമന്ത്രി ഇന്നലെ ശക്തമായാണ് സംസാരിച്ചത്. എവിടെ ആത്മഹത്യ ഉണ്ടായാലും അതിന്റെ യാഥാർഥ കാരണം അതല്ലെന്ന് ദേശാഭിമാനി പ്രചരിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പെൻഷൻ കിട്ടാതെ രണ്ട് വയോധികമാർ മരുന്ന് വാങ്ങാൻ ഭിക്ഷാ പാത്രവുമായി ഇറങ്ങി. 80 വയസ് കഴിഞ്ഞ അവരെയും സിപിഎമ്മിന്റെ സൈബർ സഖാക്കൾ ആക്രമിക്കുകയാണ്. അവരുടെ മക്കൾ അമേരിക്കയിലാണെന്നും രണ്ടേക്കർ സ്ഥലമുണ്ടെന്നും രണ്ട് വീടുണ്ടെന്നുമാണ് പറഞ്ഞത്. വയോധികരായ ഈ അമ്മമാർക്കെതിരെ വരെ അപവാദ പ്രചരണം നടത്തി. പക്ഷെ ദേശാഭിമാനി ഇന്ന് തിരുത്ത് നൽകി.
ആന്തൂരിൽ ആത്മഹത്യ ചെയ്ത വ്യവസായിയുടെ കുടുംബത്തിനെതിരെ പോലും ആരോപണം ഉന്നയിച്ചു. പലിശക്ക് പണമെടുത്താണ് കർഷകർ കൃഷിയിറക്കുന്നത്. അവരുടെ ഉൽപന്നത്തിനുള്ള പണം നൽകാനാകാതെ സർക്കാർ പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. എന്നിട്ടാണ് മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഒരു കോടി രൂപയുടെ ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്നത്. നവകേരളസദസിന്റെ പേരിൽ ധൂർത്ത ടിക്കുന്ന പണം പാവങ്ങൾക്ക് നൽകിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. നികുതി പിരിക്കാതെ ധൂർത്ത് നടത്തുന്ന സർക്കാർ ജനങ്ങളെ ബുദ്ധിമുട്ടിക്കുകയാണ്. കർഷകർക്കുള്ള പണവും പ്രായമായവർക്കുമുള്ള പെൻഷനും നിഷേധിക്കുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്.
കേന്ദ്രത്തിൽ നിന്നും കിട്ടാനുള്ള പണത്തിന്റെ ഓഡിറ്റ് റിപ്പോർട്ട് സപ്ലൈകോ ഇതുവരെ നൽകിയിട്ടില്ല. ഇപ്പോഴും ഓഡിറ്റ് നടന്നുകൊണ്ടിരിക്കുകയാണ്. ഓഡിറ്റ് നടത്തിയാൽ മാത്രമെ പണം ലഭിക്കൂ. ഓഡിറ്റ് റിപ്പോർട്ട് നൽകിയിട്ടും പണം ലഭിച്ചില്ലെങ്കിൽ നമുക്ക് ഒന്നിച്ച് കേന്ദ്രത്തിനെതിരെ നിൽക്കാം. സംഭരണ വില കർഷകർക്ക് നൽകാനുള്ള സംവിധാനമാണ് സംസ്ഥാന സർക്കാർ ഒരുക്കേണ്ടത്. ആറ് മാസമായി വിതരണക്കാരുടെ പണം സപ്ലൈകോ നൽകുന്നതില്ല. ആരും ടെൻഡറിൽ പങ്കെടുക്കാത്തതിനാൽ 13 അവശ്യവസ്തുക്കളിൽ ഒന്നു പോലും സപ്ലൈകോയിലില്ല. കോവിഡ് കാലത്തെ കിറ്റ് വിതരണത്തിന്റെ പണവും സപ്ലൈകോ നൽകിയിട്ടില്ല. 4000 കോടിയോളം രൂപയാണ് സർക്കാർ സപ്ലൈകോക്ക് നൽകാനുള്ളത്. ഇത് കേന്ദ്ര സർക്കാർ നൽകാനുള്ളതല്ല.
പി.ആർ.എസ് വായ്പയിൽ സർക്കാർ പണം അടച്ചില്ലെങ്കിൽ അത് കർഷകരുടെ സിബിൽ സ്‌കോറിനെ ബാധിക്കും. ഇക്കാര്യം നിരവധി തവണ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണ്. ബാധ്യത കർഷകന്റെ തലയിൽ കെട്ടിവെക്കില്ലെന്ന് ബാങ്കുകളുമായുള്ള കൺസോർഷ്യം എഗ്രിമെന്റിൽ എഴുതി വയ്ക്കേണ്ടതാണ്. ഇക്കാര്യം ആവശ്യപ്പെട്ടിട്ടും സർക്കാർ അതിന് തയാറായില്ല. പി.ആർ.എസ് അവസാനിപ്പിച്ച് നെല്ല് സംഭരിച്ച് പത്ത് ദിവസത്തിനുള്ളിൽ സർക്കാർ നേരിട്ട് പണം നൽകാൻ തയാറാകണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
കേന്ദ്രത്തിന്റെ തലയിൽ ചാരി എല്ലാ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. 4000 കോടി സപ്ലൈകോയ്ക്ക് നൽകാനുള്ളത് കേന്ദ്രമല്ല, സംസ്ഥാന സർക്കാരാണ്. കേന്ദ്ര സർക്കാർ പണം കൂടുതൽ നൽകിയിട്ടും സംസ്ഥാന സർക്കാർ ആ പണം നെൽ കർഷകർക്ക് നൽകിയില്ല. ഇക്കാര്യം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചിട്ടും മന്ത്രിമാർക്ക് മറുപടിയില്ല. അവ്യക്തമായ മറുപടികളാണ് മന്ത്രമാർ പറയുന്നത്.
കാര്യങ്ങൾ മനസിലായിരുന്നെങ്കിൽ സർക്കാർ ധൂർത്തിന് പിന്നാലെ പോകില്ലായിരുന്നു. 717 കോടി നൽകേണ്ട സ്ഥാനത്ത് 18 കോടി മാത്രമാണ് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയത്. ലൈഫ് മിഷൻ പദ്ധതിയിലുള്ള രണ്ടും മൂന്നും ഗഡുക്കൾ കൊടുക്കാനാകുന്നില്ല. ഭയാനകമായ സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. നെല്ല് സംഭരണത്തിന്റെ പേരിൽ ഇപ്പോൾ നടത്തുന്ന കർഷക ദ്രേഹരീതി അവസാനിപ്പിക്കാൻ സർക്കാർ തയാറാകണം.
മണ്ണ് മാഫിയക്ക് എതിരായ നൂറനാട്ടെ ജനകീയ സമരത്തിന് എതിരാണ് സർക്കാരെങ്കിൽ സമരം യു.ഡി.എഫ് ഏറ്റെടുക്കും. ജിയോളജി ഡിപ്പാർട്ട്മെന്റിലും ജി.എസ്.ടിയിലും അഴിമതിയാണ്. നികുതി വെട്ടിപ്പ് തടയേണ്ട ജി.എസ്.ടി ഇന്റലിജൻസ് അഡീ. കമ്മിഷണർക്കാണ് കേരളീയം സ്പോൺസർഷിപ്പിന്റെ ചുമതലയും. റെയ്ഡ് നടത്തുന്ന ജി.എസ്.ടി ഇന്റലിജൻസ് കേരളീയത്തിന് പണം വാങ്ങി നികുതി വെട്ടിപ്പ് കേസുകൾ അവസാനിപ്പിച്ചു. സർക്കാർ തന്നെ നേരിട്ട് ഇടപെട്ടാണ് മാഫിയകളെ സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.




