കൊച്ചി: കെ ബി ഗണേശ് കുമാറിനെ മന്ത്രിയാക്കാനുള്ള തീരുമാനം എൽഡിഎഫ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ പ്രതിയാണ് ഗണേശ് കുമാർ. കോടതിയിൽ കേസ് നടക്കുന്ന ഗണേശിനെ മന്ത്രിയാക്കുന്നത് അംഗീകരിക്കാനാകില്ല.

അതിനാൽ പുതിയ മന്ത്രിമാരുടെ സത്യപ്രതിജ്ഞ യുഡിഎഫ് ബഹിഷ്‌കരിക്കുമെന്ന് വിഡി സതീശൻ പറഞ്ഞു. ഞങ്ങൾ കേസ് കൊടുത്ത കേസിലെ പ്രതിയായ ഒരാളുടെ സത്യപ്രതിജ്ഞയിൽ ഞങ്ങൾ എങ്ങനെ പങ്കെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഗണേശിനെ വീണ്ടും മന്ത്രിയാക്കുന്നതിൽ പ്രതിഷേധിച്ചാണ് യുഡിഎഫിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരണം.

ഇടതുമുന്നണിയിലെ ധാരണ പ്രകാരമാണ് മന്ത്രിസഭയിൽ പുനഃസംഘടന വരുന്നത്. കെബി ഗണേശ്‌കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും ഡിസംബർ 29 ന് വൈകീട്ട് സത്യപ്രതിജ്ഞ ചെയ്യാനാണ് എൽഡിഎഫ് യോഗത്തിൽ തീരുമാനിച്ചത്. ഇതിന് മുന്നോടിയായി മന്ത്രിമാരായിരുന്ന ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈമാറിയിട്ടുണ്ട്.

അതേസമയം മന്ത്രിയാക്കാൻ എൽഡിഎഫ് തീരുമാനിച്ചതിൽ സന്തോഷമുണ്ടെന്ന് കെ ബി ഗണേശ് കുമാർ പ്രതികരിച്ചു. ഗതാഗത വകുപ്പാണോ ലഭിക്കുക എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടില്ല. ഗതാഗത വകുപ്പ് ലഭിച്ചാൽ ഇന്നത്തെ നിലയിൽ നിന്നും കൂടുതൽ മെച്ചപ്പെടുത്താൻ ചില പ്ലാനുകൾ മനസ്സിലുണ്ട്. അസാധ്യമായി ഒന്നുമില്ല എന്നും ഗണേശ് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഇപ്പോഴത്തെ സ്ഥിതിയേക്കുറിച്ച് പഠിക്കേണ്ടതുണ്ട്. തൊഴിലാളികളുടെ സഹകരണവും ആവശ്യമുണ്ട്. കെഎസ്ആർടിസിയെ പക്കാ നന്നാക്കി ലാഭത്തിലാക്കാം എന്ന മണ്ടത്തരമൊന്നും പറയുന്നില്ല. എന്നാൽ അതിനെ ഇടതുമുന്നണിക്ക് അഭിമാനിക്കാവുന്ന തരത്തിൽ ഇംപ്രൂവ് ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗണേശ് കുമാർ പറഞ്ഞു.

കെഎസ്ആർടിസിയിൽ ശമ്പളവും പെൻഷനുമെല്ലാം സർക്കാർ സഹായത്തോടെയാണ് വിതരണം ചെയ്യുന്നത്. അത് കുറേയെങ്കിലും മാറ്റാൻ കഴിയുമെന്ന് വിചാരിക്കുന്നുവെന്നും ഗണേശ് കുമാർ പറഞ്ഞു. പൊതുഗതാഗത സംവിധാനം ഇടതു സർക്കാരിന്റെ അഭിമാന പദ്ധതിയായി മാറ്റാനുള്ള ചില പദ്ധതികളുണ്ട്. അതിന് ജനങ്ങളുടെ അടക്കം സഹകരണം വേണ്ടതുണ്ട്.

ഗതാഗത വകുപ്പാണോ കിട്ടുക എന്നറിഞ്ഞശേഷം ഇക്കാര്യത്തിൽ കൂടുതൽ പറയാം. എന്തായാലും മനസ്സിൽ നല്ല പ്ലാനുകളുണ്ട്. ആധുനിക യുഗത്തിന് പറ്റിയ പ്ലാനുകളുണ്ട്. അത് മുഖ്യമന്ത്രിയുടെ മുന്നിൽ അവതരിപ്പിക്കും. അതിന് മുഖ്യമന്ത്രിയുടേയും എൽഡിഎഫിന്റേയും അനുമതി കിട്ടേണ്ടതുണ്ട്. കെഎസ്ആർടിസിയിൽ സാമ്പത്തിക അച്ചടക്കം പാലിക്കും. ചെലവ് കുറയ്ക്കുക, വരുമാനം കൂട്ടുക എന്നതാണ് നയം. അഴിമതി ഒരു കാരണവശാലും അനുവദിക്കില്ല.

തൊഴിലാളികളെ ഒപ്പം നിർത്തിയാകും മുന്നോട്ടു പോകുക. തൊഴിലാളികളുടെ ക്ഷേമകാര്യത്തിൽ യൂണിയനുകൾക്ക് ഇടപെടാം. മുമ്പ് മന്ത്രിയായിരുന്നപ്പോഴും സിഐടിയു, എഐടിയുസി, ഐഎൻടിയുസി തുടങ്ങിയ തൊഴിലാളി സംഘടനകളുമായി സഹകരിച്ചാണ് പോയത്. അന്ന് അവർ പോലും ആവശ്യപ്പെടാത്ത ക്ഷേമ പ്രവർത്തനങ്ങൾ ചെയ്തിട്ടുണ്ട്. തൊഴിലാളികൾക്ക് ബുദ്ധിമുട്ട് ഇല്ലാത്ത രീതിയിൽ കാര്യങ്ങൾ ചെയ്യും.

ഇനി രണ്ടര വർഷം സിനിമാ അഭിനയത്തിന് ഇടവേള ആയിരിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, മുമ്പ് മന്ത്രിയായിരുന്നപ്പോൾ അഭിനയിച്ചിരുന്നു. ഇനി മുഖ്യമന്ത്രി അനുവദിച്ചാൽ മാത്രം അഭിനയിക്കും. ഗതാഗത വകുപ്പാണ് ലഭിക്കുന്നതെങ്കിൽ കൂടുതൽ നേരം ഓഫീസിൽ ഇരുന്ന് പ്രവർത്തിക്കേണ്ട വകുപ്പാണ്. ഇപ്പോൾ വിജയിച്ച നേര് വലിയ വിജയമായതിൽ സന്തോഷമുണ്ട്. ഇപ്പോൾ മന്ത്രിസ്ഥാനത്തേക്ക് വരുന്നതും നേരിന്റെ വിജയമായിക്കാണാം.

എംഎൽഎയായിരുന്നപ്പോൾ സർക്കാരിനെതിരെ പലപ്പോഴും വെട്ടിത്തുറന്ന് അഭിപ്രായം പറഞ്ഞിരുന്നുവല്ലോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഇനി അങ്ങനെ പറയാൻ പറ്റില്ലല്ലോ എന്നായിരുന്നു പ്രതികരണം. ഇനി മൗനം എന്നും ഗണേശ് കൂട്ടിച്ചേർത്തു. പൊതുവായ കാര്യങ്ങളെപ്പറ്റിയാണ് താൻ അഭിപ്രായം പറഞ്ഞിട്ടുള്ളത്. ആരെയും വ്യക്തിപരമായി കുറ്റം പറഞ്ഞിട്ടില്ല. ഇനി വെറുതെവിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും ഗണേശ് കുമാർ അഭ്യർത്ഥിച്ചു.