തിരുവനന്തപുരം: നവകേരള സദസിന് തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന ഉത്തരവ് നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇക്കാര്യം കാട്ടി അഡീ. ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നവംബർ ഒന്നിന് ഇറക്കിയ ഉത്തരവ് നിയമവിരുദ്ധമാണെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പഞ്ചായത്തുകളോടും മുൻസിപ്പാലിറ്റികളോടും കോർപറേഷനുകളോടും തനത് ഫണ്ടിൽ നിന്നും പണം നൽകണമെന്ന് നിർദ്ദേശിക്കാനുള്ള അധികാരം സർക്കാരിനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കോ ഇല്ല. 1960-ലെ മുൻസിപ്പൽ ആക്ടിൽ ഇത് ഉണ്ടായിരുന്നെങ്കിലും 72, 73 ഭരണഘടന ഭേദഗതികളുടെ അടിസ്ഥാനത്തിൽ 1994 -ൽ കേരള മുൻസിപ്പൽ ആക്ട് ഉണ്ടായി. മുൻസിപ്പൽ ആക്ടിന്റെ ചാപ്റ്റർ അഞ്ചിൽ തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്നും പണം നൽകണമെന്ന് നിർദ്ദേശിക്കാനുള്ള അധികാരമില്ലെന്ന് വ്യക്തമാക്കുന്നുണ്ട്. നവകേരള സദസിന് പിന്നാലെ സരസ് മേളയ്ക്കും സർക്കാർ തദ്ദേശ സ്ഥാപനങ്ങളോട് പണം ആവശ്യപ്പെട്ടിരിക്കുകയാണ്. ക്ഷേമ പെൻഷനുകൾക്കും ശമ്പളത്തിനും പണം ഇല്ലാത്ത കാലത്താണ് മുൻസിപ്പാലിറ്റികളോട് സർക്കാർ നിയമ വിരുദ്ധമായി പണം ആവശ്യപ്പെട്ടിരിക്കുന്നത്.

പറവൂർ നഗരസഭയിൽ നവകേരള സദസിന് പണം നൽകാൻ തീരുമാനിച്ച സെക്രട്ടറിയെ പ്രതിപക്ഷ നേതാവ് ഭീഷണിപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞത്. നവകേരള സദസിന് യു.ഡി.എഫ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ പണം നൽകേണ്ടതില്ലെന്ന നിർദ്ദേശം മുന്നണി നൽകിയത്, ചില തദ്ദേശ സ്ഥാപനങ്ങൾ തുക നൽകാനുള്ള നടപടികൾ ആരംഭിച്ച ശേഷമാണ്. ഇതേത്തുടർന്ന് അടിയന്തര കൗൺസിൽ ചേർന്ന് പണം നൽകേണ്ടെന്ന് പറവൂർ നഗരസഭ തീരുമാനിച്ചത്. എന്നാൽ ഈ തീരുമാനം ലംഘിച്ചാണ് സെക്രട്ടറി പണം നൽകിയത്.

1994 ലെ കേരള മുൻസിപ്പൽ ആക്ട് 15 (ഡി ) പ്രകാരം, മുനിസിപ്പാലിറ്റിയെ സംബന്ധിക്കുന്ന പണം കൊടുക്കുവാനുള്ള അധികാരം മുനിസിപ്പാലിറ്റിയുടെ ചെയർപേഴ്സണിൽ നിക്ഷിപ്തമാണ്. കേരള മുൻസിപ്പൽ ആക്ട് സെക്ഷൻ 49 (എഫ്), 49(ജി ), പ്രകാരം, കൗൺസിലോ ചെയർപേഴ്സനോ അധികാരപ്പെടുത്തുന്ന ചെലവുകൾക്കുള്ള തുക മാത്രമേ പണമായോ ചെക്കായോ സെക്രട്ടറി നൽകുവാൻ പാടുള്ളൂ. മുൻസിപ്പൽ കമ്മിറ്റിയുടെ തീരുമാനം ചെയർപേഴ്സൺ സെക്രട്ടറിയെ അറിയിച്ചാൽ അത് നടപ്പാക്കാൻ സെക്രട്ടറിക്ക് ബാധ്യതയുണ്ട്. 15 (3, ഡി) അനുസരിച്ച് നഗരസഭ പണം നൽകണമെങ്കിൽ ചെയർപേഴ്സൺ സെക്രട്ടറിയെ ഓതറൈസ് ചെയ്യണം. ചെയർപേഴ്സൺ ഒതറൈസ് ചെയ്യാതെ കൗൺസിൽ തീരുമാനത്തിന് വിരുദ്ധമായി പണം നൽകാനുള്ള അധികാരം സെക്രട്ടറിക്ക് ഇല്ല. 49, 50 വകുപ്പുകളിൽ സെക്രട്ടറിയുടെ അധികാരത്തെ കുറിച്ച് വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 49 (1, ബി) അനുസരിച്ച് കൗൺസിലിന്റെ തീരുമാനം നടപ്പാക്കണം.

പണം നൽകുന്നത് നിയമവിരുദ്ധമായാണ് നൽകുന്നതെന്ന് ചെയർപേഴ്സൺ ഉൾപ്പെടെയുള്ളപ്പോൾ ചൂണ്ടിക്കാട്ടിയപ്പോൾ പ്രതിപക്ഷ നേതാവുമായി സംസാരിക്കണമെന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും സെക്രട്ടറി പറഞ്ഞു. പിന്നീട് വിളിച്ചപ്പോൾ, പണം അനുവദിച്ചില്ലെങ്കിൽ പ്രൊബേഷൻ ക്ലിയർ ചെയ്ത തരില്ലെന്ന് മന്ത്രിയുടെ ഓഫീസും ഉന്നത ഉദ്യോഗസ്ഥരും ഭീഷണിപ്പെടുത്തിയെന്നാണ് സെക്രട്ടറി പറഞ്ഞത്. സെക്രട്ടറിയെ ഭീഷണിപ്പെടുത്തിയത് മന്ത്രിയുടെ ഓഫീസിലെ സ്റ്റാഫുകളും ഉദ്യോഗസ്ഥരുമാണ്.

തദ്ദേശ സ്ഥാപനങ്ങൾ പണം നൽകണമെന്ന അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവ് തന്നെ നിയമവിരുദ്ധമാണ്. നിയമം ലംഘിച്ചാണ് തദ്ദേശ സ്ഥാപനങ്ങളിൽ സർക്കാർ പണപ്പിരിവ് നടത്തുന്നത്. ഏറാമല പഞ്ചായത്തിലും ഭരണസമിതി തീരുമാനത്തെ മറികടന്നാണ് സെക്രട്ടറി പണം നൽകിയത്. പന്തൽ ഇടുന്നതിന് മുൻപ് പന്തലുകാരനാണ് പറവൂർ മുൻസിപ്പൽ സെക്രട്ടറി പണം നൽകിയത്. ടെൻഡർ നടപടികൾ പോലും ആരംഭിച്ചിട്ടില്ല. മുൻസിപ്പാലിറ്റികളുടെ ടെൻഡർ നടപടികളിൽ ഇളവ് നൽകാൻ സർക്കാരിന് അധികാരമില്ല. അഡീഷൺ ചീഫ് സെക്രട്ടറിയുടെയും പറവൂർ നഗരസഭ സെക്രട്ടറിയുടെയും നിയമവിരുദ്ധ നടപടിയെ നിയമപരമായി യു.ഡി.എഫ് ചോദ്യം ചെയ്യും.

നവകേരള സദസിന്റെയും കേരളീയത്തിന്റെയും പേരിൽ നടന്ന പിരിവുകൾ ഭീഷണിപ്പെടുത്തി നടത്തിയതാണ്. നികുതി വെട്ടിപ്പ് തടയാൻ ചുമതലയുള്ള ഉദ്യോഗസ്ഥനെക്കൊണ്ട് പണപ്പിരിവ് നടത്തിയ ശേഷമാണ് ഒരു ഉളുപ്പുമില്ലാതെ മുഖ്യമന്ത്രി അയാൾക്ക് ഏറ്റവും കൂടുതൽ സ്പോൺസർഷിപ്പ് സംഘടിപ്പിച്ചതിനുള്ള അവാർഡ് നൽകിയത്.

നവകേരള സദസ് എൽ.ഡി.എഫിന്റെ ജനകീയ അടിത്തറ വിപുലമാക്കാനുള്ള രാഷ്ട്രീയ പരിപാടിയാക്കി മാറ്റണമെന്നാണ് ഇ.പി ജയരാജൻ പുറത്തിറക്കിയ സർക്കുലറിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നികുതിപ്പണം ഉപയോഗിച്ച് നവകേരള സദസ് സംഘടിപ്പിച്ചിട്ട് മുഖ്യമന്ത്രി രാഷ്ട്രീയ പ്രസംഗമാണ് നടത്തുന്നത്. എല്ലാ ദിവസവും പ്രതിപക്ഷത്തെ വിമർശിക്കും. സർക്കാരിന്റെ കാര്യങ്ങളല്ല, രാഷ്ട്രീയ കാര്യങ്ങളാണ് മുഖ്യമന്ത്രി പറയുന്നത്.

നവകേരള സദസിൽ അഞ്ച് ദിവസമായി ലഭിച്ച പരാതിയെ കുറിച്ചല്ല ഞാൻ പറഞ്ഞത്. മെയ് രണ്ട് മുതൽ കരുതലും താങ്ങലും എന്ന പേരിൽ എല്ലാ മന്ത്രിമാരും താലൂക്കുകളിൽ നടത്തിയ അദാലത്തുകളിൽ ലഭിച്ച പതിനായിരക്കണക്കിന് പരാതികൾ കെട്ടി പരണത്ത് വച്ചിട്ടാണ് ഇപ്പോൾ നവകേരള സദസുമായി ഇറങ്ങി പരാതി ശേഖരിക്കുന്നത്. അദാലത്തിൽ ലഭിച്ച ഒരു പരാതി പോലും പരിഹരിക്കാതെയാണ് അതേ പരാതികൽ തന്നെ ഇപ്പോഴും വാങ്ങുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് മുഖ്യമന്ത്രിയും മന്ത്രിമാരും 44 ദിവസം തിരുവനന്തപുരത്തെ ഓഫീസിൽ നിന്നും മാറി നിൽക്കുന്നത്. ബ്രേക്ക് ഫാസ്റ്റ് കഴിക്കലും മ്യൂസിയത്തിൽ വയ്ക്കാൻ പോകുന്ന ബസിൽ യാത്ര ചെയ്യലും മാത്രമാണ് മന്ത്രമാരുടെ ജോലി. മന്ത്രിമാരുടെ ജേലി എന്താണെന്നും അവരെ എന്തിനാണ് കൊണ്ടു പോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. ഒറ്റ മഴ പെയ്തപ്പോൾ തിരുവനന്തപുരത്ത് വെള്ളക്കെട്ടായി. ഒരു വകുപ്പിലും ഒരു നടപടിയും സ്വീകരിക്കുന്നില്ല.

നിയമവിരുദ്ധമായി തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും പണം പിരിക്കാനുള്ള നടപടിക്കെതിരെ നിയമ നടപടി സ്വീകരിക്കും. യൂത്ത് കോൺഗ്രസുകാരെ കൊലപ്പെടുത്താനുള്ള ശ്രമം ജീവൻരക്ഷാ പ്രവർത്തനമെന്നാണ് മുഖ്യമന്ത്രി ഇപ്പോഴും ന്യായീകരിക്കുന്നത്. ഒരു നിമിഷം പോലും ആ കസേരയിൽ ഇരിക്കാൻ മുഖ്യമന്ത്രിക്ക് യോഗ്യതയില്ല. അണികളോട് കലാപ ആഹ്വാനം നടത്തിയ മുഖ്യമന്ത്രിക്കെതിരെ പരാതി നൽകിയിട്ടുണ്ട്. പൊലീസ് നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കും.

കുട്ടികളെയും തൊഴിലുറപ്പ് തൊഴിലാളികളെയും ആശാ വർക്കർമാരെയും കുടുംബശ്രീ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും നിർബന്ധപൂർവം നവകേരള സദസിലേക്ക് എത്തിച്ചതും പോരാഞ്ഞാണ് പക്വതയുള്ള കുട്ടികളെ കൂടി പങ്കെടുപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി നിയമസഭയിൽ കാട്ടിയ പക്വതയാണോ കുട്ടികൾക്ക് വേണ്ടത്? കുട്ടികളെ ഇറക്കി മുഖ്യമന്ത്രിക്ക് മുദ്രാവാക്യം വിളിപ്പിക്കുന്ന നവകേരള സദസ് അശ്ലീലമാണ്. അക്രമം തുടരണമെന്ന് പറയുന്ന മുഖ്യമന്ത്രിക്ക് ക്രിമിനൽ മനസാണെന്ന് പറയുന്നതിൽ എന്താണ് തെറ്റ്? യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച് ജയിലിൽ ആയവരെ നവകേരള സദസിന്റെ ഭാഗമായി ആദരിക്കുക കൂടി ചെയ്താൽ എല്ലാം പൂർത്തിയാകും. ഏത് ഭാഷയിൽ ഇങ്ങോട്ട് പറഞ്ഞാലും പറ്റാവുന്നത്ര കട്ടിയായ ഭാഷയിൽ അങ്ങോട്ട് പ്രതികരിക്കുക തന്നെ ചെയ്യും.

യു.ഡി.എഫോ യു.ഡി.എഫോ കരിങ്കൊടി പ്രചരണമല്ല വിചാരണ സദസാണ് തീരുമാനിച്ചിരുന്നത്. എന്നാൽ കണ്ണൂരിൽ ഒരു പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കാതെ തന്നെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കരുതൽ തടങ്കലിലാക്കി. അതിനെതിരെയാണ് യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയത്. ഗുണ്ടകളെ വിട്ട് തല്ലിക്കാനാണ് തീരുമാനമെങ്കിൽ കരിങ്കൊടിയുമായി നേതാക്കളെല്ലാം റോഡിൽ ഇറങ്ങും.

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊലീസ് ഒരു തെളിവും ഹാജരാക്കിയില്ലെന്നാണ് കോടതി പറഞ്ഞത്. കെ സുരേന്ദ്രന്റെ പരാതിയിൽ മണിക്കൂറുകൾക്കകമാണ് അന്വേഷണം ആരംഭിച്ചത്. കുഴപ്പണ കേസ് ഒഴിവാക്കിയവരാണ് ഈ ആവേശം കാട്ടുന്നത്. വ്യാജ ഐ.ഡി കാർഡിന്റെ പേരിലാണെങ്കിൽ പതിനായിരക്കണക്കിന് സിപിഎമ്മുകാർ ജയിലിൽ പോകും. ഏറ്റവും കൂടുതൽ വ്യാജ ഐ.ഡി കാർഡുകൾ ഉണ്ടാക്കുന്നത് സിപിഎമ്മുകാരാണ്. ബോംബെയിൽ നിന്നുള്ളത് ഉൾപ്പെടെയുള്ള പി.ആർ ഏജൻസികളുമായി എല്ലാ ആഴ്ചയിലും യോഗം നടത്തുന്ന മുഖ്യമന്ത്രിയാണ് കനഗോലു എന്ന് പറയുന്നത്. സുനിൽ കനഗോലും കോൺഗ്രസുകാരനാണ് അദ്ദേഹത്തിൽ നിന്നും എല്ലാ സഹായങ്ങളും കേരളത്തിലെ കോൺഗ്രസ് സ്വീകരിക്കും.