- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നേര്യമംഗലത്ത് വയോധികയുടെ മരണത്തിന് ഉത്തരവാദി കഴിവുകെട്ട സർക്കാരും വനം വകുപ്പും
കൊച്ചി: വയോധികയുടെ മരണത്തിന് ഉത്തരവാദി കഴിവുകെട്ട സർക്കാരും വനം വകുപ്പുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും ആക്രമിക്കുകയും മൃതദേഹം വലിച്ചിഴയ്ക്കുകയും ചെയ്ത പൊലീസുകാർക്കെതിരെ നടപടിയെടുക്കണം
കാട്ടാന ആക്രമണത്തിൽ രണ്ടു മാസത്തിനിടെ രണ്ട് സ്ത്രീകളടക്കം അഞ്ച് പേരാണ് ഇടുക്കിയിൽ മാത്രം കൊല്ലപ്പെട്ടത്. ചരിത്രത്തിൽ ഇന്നുവരെ ഇല്ലാത്തതരത്തിലാണ് മലയോര മേഖലകളിൽ വന്യജീവി ആക്രമണത്തിൽ മനുഷ്യ ജീവനുകൾ നഷ്ടമാകുന്നത്. വയനാട്ടിൽ ഒരാഴ്ചയ്ക്കിടെ രണ്ട് മനുഷ്യ ജീവനുകൾ പൊലിഞ്ഞിട്ടും സർക്കാർ നിസംഗരായി നോക്കി നിൽകുകയാണ്. മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷം ലഘൂകരിക്കാൻ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. കഴിവുകെട്ട ഈ സർക്കാരും വനം വകുപ്പുമാണ് നേര്യമംഗലം സ്വദേശിനി ഇന്ദിര രാമകൃഷ്ണന്റെ മരണത്തിന് ഉത്തരവാദികൾ.
ക്ഷമയുടെ നെല്ലിപ്പലക കണ്ട് നിൽക്കുന്ന ജനങ്ങൾ വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. എന്നാൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട വയോധികയുടെ സഹോദരന്റെയും ബന്ധുക്കളുടെയും പ്രതിഷേധം വകയ്ക്കാതെ മൃതദേഹം കിടത്തിയ ഫ്രീസർ റോഡിലൂടെ വലിച്ച് ആംബുലൻസിൽ കയറ്റിയ പൊലീസ് നടപടി മൃതദേഹത്തോടുള്ള അനാദരവും ജനങ്ങളോടുള്ള വെല്ലുവിളിയുമാണ്. ഇതിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണം. എംപിയും എംഎൽഎമാരും ഉൾപ്പെടെയുള്ള ജനപ്രതിനിധികൾക്കും ഡി.സി.സി അധ്യക്ഷൻ അടക്കമുള്ള പൊതുപ്രവർത്തകർക്കും എതിരെ കിരാതമായ നടപടിയാണ് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത്.
ജനങ്ങളെ അടിച്ചോടിച്ച് സമരപ്പന്തൽ പൊളിച്ചുമാറ്റിയതും ജനാധിപത്യവിരുദ്ധമാണ്. ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താമെന്ന് കരുതേണ്ട. മലയോര മേഖലയിലെ ജനങ്ങളുടെ ഭീതി ഒഴിവാക്കാൻ എന്ത് നടപടിയാണ് സർക്കാർ സ്വീകരിച്ചത്? വാചക കസർത്തുകൊണ്ട് വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാൻ കഴിയില്ലെന്ന് സർക്കാർ മനസിലാക്കണം. സ്വജനപക്ഷപാതവും അഴിമതിയും ധൂർത്തും നടത്താനുള്ളതല്ല ഭരണസംവിധാനം. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുകയെന്ന പ്രാഥമിക ചുമതല നിർവഹിക്കാൻ പോലും സർക്കാർ തയാറാകുന്നില്ലെങ്കിൽ പ്രതിപക്ഷം സമരം ശക്തമാക്കുമെന്നും വി ഡി സതീശൻ പറഞ്ഞു.