കണ്ണൂർ: ഉമ്മൻ ചാണ്ടിയെ കുടുക്കാൻ എഴുതിയ വ്യാജ കത്തിൽ തട്ടി ഗണേശ്‌കുമാറിന്റെ മന്ത്രിസ്ഥാനവും തുലാസിലാകുമോ? ഗണേശ് വിചാരണ നേരിടണം എന്ന ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷവും ഗണേശിനെതിരെ തിരിയുകയാണ്. ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്നകേസിൽ വിചാരണ നേരിടുന്ന കെ.ബി. ഗണേശ് കുമാറിനെ ഒരു കാരണവശാലും എൽ ഡി.എഫ് മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോടാണ് നിലപാട് വ്യക്തമാക്കിയത്.

കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണ ഗണേശ് കുമാർ നേരിടണം എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. ഉമ്മൻ ചാണ്ടിയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ച ഗണേശ് കുമാറിനെ ഒരു കാരണവശാലും മന്ത്രിസഭയിൽ ഉൾപ്പെടുത്തരുതെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുന്നു.- സതീശൻ പറഞ്ഞു. നേരത്തെ സോളർ കേസിലെ പരാതിക്കാരിയുടെ കത്തിൽ കൂട്ടിച്ചേർക്കലുകളുണ്ടായെന്നും ഗൂഢാലോചന നടത്തിയെന്നും ആരോപിച്ചു തനിക്കെതിരെയുള്ള കൊട്ടാരക്കര ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു മുൻ മന്ത്രി കെ.ബി.ഗണേശ് കുമാർ നൽകിയ ഹർജി ഹൈക്കോടതി തള്ളിയത് നിർണായക പരാമർശങ്ങളോടെ ആയിരുന്നു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മാവിനു നീതി ലഭിക്കണമെങ്കിൽ ഈ കേസ് മുന്നോട്ടുപോകണമെന്നും നിയമപരമായ തീരുമാനത്തിലെത്തണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ ഉത്തരവിൽ വിശദീകരിച്ചു. മറിച്ച്, ഹർജിക്കാരനെതിരെയുള്ള ആരോപണങ്ങൾ തെറ്റാണെങ്കിൽ എംഎൽഎയായ ഗണേശ് കുമാറിന്റെ സത്യസന്ധത തെളിയിക്കപ്പെടുമെന്നും കോടതി കൂട്ടിച്ചേർത്തു. കെ.ബി. ഗണേശ് കുമാറിനെയും സോളർ കേസിലെ പരാതിക്കാരിയെയും എതിർകക്ഷികളാക്കി അഡ്വ. സുധീർ ജേക്കബാണ് പരാതി നൽകിയത്. ഗൂഢാലോചന ആരോപണമായി നിലനിൽക്കുന്നിടത്തോളം കാലം ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ലെന്നും ഹൈക്കോടതി പറഞ്ഞു.

മുൻ മുഖ്യമന്ത്രി കൂടിയായ ഉമ്മൻ ചാണ്ടി അന്തരിച്ചു. അതുകൊണ്ട് തന്നെ ആരോപണങ്ങൾ അന്തരീക്ഷത്തിൽ നിൽക്കുന്നത് ശരിയല്ല. അത് ഉമ്മൻ ചാണ്ടിയുടെ ആത്മാവ് പൊറുക്കില്ല. കേസ് തുടരേണ്ടത് ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനും അനിവാര്യതയാണ്. അദ്ദേഹത്തിന്റെ ആത്മാവ് നിത്യശാന്തി കിട്ടട്ടേ. ഈ ഹർജി കളവാണെന്ന് തെളിഞ്ഞാൽ ഗണേശ് കുമാറിന് പരാതിക്കാരനെതിരെ നിയമ നടപടികളും എടുക്കാം. ഹൈക്കോടതി നിരീക്ഷണങ്ങളെ വിചാരണ കോടതി മുൻവിധിയോടെ എടുക്കരുതെന്നും ഹൈക്കോടതി വിധിയിൽ പറയുന്നു.

കൊട്ടാരക്കര കോടതിയിൽ കുറ്റം ആരോപിക്കപ്പെട്ടാൽ അതിനെതിരെ ഗണേശ് കുമാറിന് നിയമപരമായി തന്നെ വിടുതൽ ഹർജി നൽകാം. അങ്ങനെ ഗണേശിന് നിരപരാധിത്വം തെളിയിക്കാൻ അവസരമൊരുങ്ങുമെന്ന നിരീക്ഷണങ്ങളും ജസ്റ്റീസ് പി വി കുഞ്ഞികൃഷ്ണന്റെ വിധിയിലുണ്ട്. അഡ്വക്കേറ്റ് ബി രാമൻപിള്ളയുടെ വാദങ്ങളെല്ലാം കേട്ട ശേഷമാണ് ഇത്തരത്തിലൊരു വിധിയിലേക്ക് കോടതി എത്തുന്നത്. ഗണേശ് കുമാറിന് വേണ്ടിയാണ് വിവിധ കേസുകളടക്കം പരാമർശിച്ച് രാമൻപിള്ള വാദമുയർത്തിയത്. എന്നാൽ നിയമവും ധാർമികതയും എല്ലാം ചർച്ചയാക്കി കേസ് തുടരണമെന്ന് ഹൈക്കോടതിയും പറയുന്നു.

സോളർ കമ്മിഷന് മുന്നിൽ പരാതിക്കാരി ഹാജരാക്കിയ കത്തിൽ കൃത്രിമത്വം നടത്തിയെന്ന ഹർജിയിൽ കെ.ബി.ഗണേശ് കുമാർ എംഎൽഎ നേരിട്ട് ഹാജരാകണമെന്ന് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കൊട്ടാരക്കര കോടതി 624- 2021 നമ്പറായി കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസ് റദ്ദാക്കണമെന്നതായിരുന്നു ഗണേശിന്റെ ആവശ്യം. ഹർജി ഹൈക്കോടതി തള്ളിയതോടെ കൊട്ടാരക്കര കോടതി നിയമ നടപടികളിലേക്ക് കടക്കും. ഗണേശ് കുമാറിനെ മന്ത്രിയാക്കുന്നത് ഇടതുപക്ഷത്തിന്റെ പരിഗണനയിലാണ്. അതിനിടെയാണ് സോളാർ കേസ് ചർച്ചയാകുന്നതും.

സോളാർ പീഡനക്കേസിലെ പരാതിക്കാരിയുടെ കത്തിൽ ഗൂഢാലോചന നടത്തിയെന്നായിരുന്നു ഗണേശ് കുമാറിനെതിരെയുള്ള പരാതി. കത്തിൽ പേജുകൾ എഴുതിച്ചേർത്തെന്നും മുന്മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് എഴുതിച്ചേർക്കാനുമായി ഗൂഢാലോചന നടത്തിയെന്നായിരുന്നു പരാതി. തുടർന്ന് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ഈ വിഷയത്തിൽ കേസ് എടുക്കുകയും ഗണേശ് കുമാറിനോടും പരാതിക്കാരിയോടും നേരിട്ട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ഗണേശ് കുമാർ ഹാജരായിരുന്നില്ലെന്ന് മാത്രമല്ല കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

കേസിന്റെ തുടർ നടപടികൾക്കുള്ള സ്റ്റേ ഹൈക്കോടതി കഴിഞ്ഞതവണ നീക്കിയിരുന്നു. സോളർ കേസിൽ പരാതിക്കാരിയുടെ കത്തിൽ തിരുത്തൽ വരുത്താൻ ഗൂഢാലോചന നടത്തിയെന്നും, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് പിന്നീട് എഴുതിച്ചേർത്തതാണെന്നുമാണ് പരാതി. കേസിൽ ഗണേശ് കുമാറിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തി നേരിട്ട് ഹാജരാകാൻ കൊട്ടാരക്കര കോടതി സമൻസ് അയച്ചിരുന്നു.

സോളാർ കേസിലെ പരാതിക്കാരിയായ സ്ത്രീ 21 പേജുള്ള കത്ത് പത്തനംതിട്ട ജില്ലയിൽ കഴിയുമ്പോൾ എഴുതുകയുണ്ടായി. അതിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്നതായിരുന്നു സിബഐയുടെ കണ്ടെത്തൽ. ഉമ്മൻ ചാണ്ടിക്കെതിരേയുള്ള ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും സിബിഐ റിപ്പോർട്ടിൽ പറയുന്നു. ഈ റിപ്പോർട്ട് കൊട്ടാരക്കര കോടതിയിലെ കേസിൽ നിർണ്ണായകമായി മാറും.