കൊച്ചി: രാഹുൽ ഗാന്ധിയെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ചു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. പിണറായി കസവുകെട്ടിയ പേടിത്തൊണ്ടനാണെന്ന് സതീശൻ വിമർശിച്ചു. മോദിയെ വിമർശിക്കാതിരിക്കാനും രാഹുലിനെ അധിക്ഷേപിക്കാനും ശ്രമിക്കുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സിപിഎമ്മും അവരുടെ മുഖ്യശത്രുവായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബിജെപി ചെയ്യുന്നതിനേക്കാൾ മോശമായ രീതിയിൽ അധിക്ഷേപിക്കുകയും ചെയ്യുന്നു. 2019- ലെ തിരഞ്ഞെടുപ്പിലും ഇന്നലെ മുഖ്യമന്ത്രി പറയാതെ വച്ച വാക്ക് ഉപയോഗിച്ച് ദേശാഭിമാനി എഡിറ്റോറിയൽ എഴുതിയിരുന്നു. വ്യവസായ മന്ത്രി പി. രാജീവായിരുന്നു ദേശാഭിമാനി എഡിറ്റർ. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരിയ ആളാണ് ഇന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി ഇരുന്ന് പ്രസംഗം എഴുതിക്കൊടുക്കുന്നത്. ബിജെപി ഭയത്തിലാണ് മുഖ്യമന്ത്രി ജീവിക്കുന്നത്. ബിജെപിയെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് രാഹുൽ ഗാന്ധിക്കെതിരെ 35 ദിവസമായി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. മോദിയെ വിമർശിക്കാതിരിക്കാനുള്ള വഴികളാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്. 2022-ലെ കണ്ണൂർ പാർട്ടി കോൺഗ്രസിൽ ദേശീയ നേതാക്കളെല്ലാം ബിജെപിയെയും മോദിയെയും രൂക്ഷമായി വിമർശിച്ചിട്ടും അതിന് തയാറാകാത്ത ഏക സിപിഎം നേതാവായിരുന്നു പിണറായി വിജയൻ. കസവുകെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രി. വലിയ കൊമ്പത്തെ ആളാണെങ്കിലും മനസ് നിറയെ പേടിയണ് സതീശൻ പറവൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വടകരയിൽ നിരവധി പേർക്കെതിരെയാണ് കേസെടുക്കുന്നത്. വടകരയിലെ ഇടതു സ്ഥാനാർത്ഥിക്കെതിരെ എന്ത് ആക്ഷേപമാണ് ഉന്നയിച്ചതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു പോസ്റ്റും കാണാനില്ല. അതേസമയം മോദി ഇലക്ടറൽ ബോണ്ടിൽ അഴിമതി കാട്ടിയെന്ന് പോസ്റ്റിട്ടയാൾക്കെതിരെ കേസെടുത്തു. മോദിയുടെ സത്പേരിന് കളങ്കം ചാർത്തിയെന്നാണ് കേസ്. മോദിയെ വിമർശിച്ച കോൺഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെയും കേസെടുത്തു. മോദിയെ കേരളത്തിൽ വിമർശിക്കാൻ പാടില്ലെന്നതാണ് പിണറായി സർക്കാരിന്റെ നിലപാട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും ഇല്ലാത്ത നടപടിയാണ് ഇക്കാര്യത്തിൽ കേരള സർക്കാർ സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് നൽകിയ പത്ത് പരാതികളിലും ഇതുവരെ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ മരിച്ചു പോയ എന്റെ മാതാപിതാക്കളെ അപമാനിച്ചുള്ള കമന്റിലും ഒരു കേസും എടുത്തിട്ടില്ല. മോദിക്കെതിരെ ആരോപണം പോലും ഉന്നയിക്കാൻ സാധിക്കാത്ത സംസ്ഥാനമാക്കി പിണറായി വിജയൻ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഭയന്നാണ് പിണറായി വിജയൻ ജീവിക്കുന്നത്. - പ്രതിക്ഷ നേതാവ് കുറ്റപ്പെടുത്തി.

പാവം പെൺകുട്ടിയെ വേട്ടയാടുന്നു എന്ന് പറഞ്ഞതിലൂടെ മാസപ്പടി വിഷയം ഒന്നുകൂടി സജീവമാക്കി നിർത്താനായിരിക്കും ജയരാജൻ ശ്രമിച്ചത്. പന്ത്രണ്ടോളം സ്ഥാപനങ്ങളാണ് ഒരു സേവനവും നൽകാതെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം നൽകിയത്. പാൽപ്പൊടി കഴിച്ചാണോ കഞ്ഞി കുടിച്ചാണോ വളർന്നതെന്നല്ല വിഷയം. അഴിമതിയാണ് നടന്നത്. പിതാവ് വലിയ സ്ഥാനത്ത് ഇരിക്കുന്നതു കൊണ്ടാണ് പണം കൈമാറിയതെന്നാണ് പറയുന്നത്. മാസപ്പടി ജയരാജൻ സജീവമാക്കുന്നതിൽ യു.ഡി.എഫിന് സന്തോഷം മാത്രമെയുള്ളൂ.

ഒരു കോടി ആളുകൾക്ക് പെൻഷൻ നൽകാതെയാണ് ഈ മാന്യൻ മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്. മാവേലി സ്റ്റോറുകളിൽ സാധാനങ്ങളും ആശുപത്രികളിൽ മരുന്നുകളും ഇല്ല. പെൻഷൻകാർക്കും ജീവനക്കാർക്കും 40000 കോടി കുടിശിക. 16000 കോടി കരാറുകാർക്ക് കുടിശിക. ഉച്ചക്കഞ്ഞി വിതരണത്തിൽ പ്രധാന അദ്ധ്യാപകർക്ക് പണം നൽാകനുണ്ട്. ഒരു രൂപ പോലും കയ്യിലില്ല. ഭരണത്തെ കുറിച്ച് മിണ്ടാട്ടമില്ല. എങ്ങനെയൊക്കെ ആളുകളെ ബുദ്ധിമൂട്ടിക്കാമോ അതൊക്കെ ചെയ്യുന്നുമുണ്ട്. ആ ഭരണ പരാജയം മറച്ചു വയ്ക്കാനാണ് നുണപ്രചരണവുമായി രാവിലെ ഇറങ്ങുന്നത്.

യു.ഡി.എഫിനെതിരെ എറിയാനിരുന്ന ബോംബ് സിപിഎം പ്രവർത്തകരുടെ കയ്യിലിരുന്ന് പൊട്ടിത്തെറിച്ചു. അതിനു പിന്നാലെ വടകരയിലെ സ്ഥാനാർത്ഥി കൊണ്ടു വന്ന നുണ ബോംബ് ചീറ്റിപ്പോയി. ഇപ്പോൾ തിരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിച്ച് വീടുകളിലെ വോട്ടിൽ ഇടപെടാൻ സിപിഎം നേതാക്കൾ ശ്രമിക്കുകയാണ്. അതിന് ഉദ്യോഗസ്ഥർ കൂട്ടു നിൽക്കുകയാണ്. ഇത് സംബന്ധിച്ച് രണ്ട് തവണ ചീഫ് ഇലക്ടറൽ ഓഫീസർക്ക് കത്തെഴുതിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. താഴെത്തട്ടിലെ വോട്ടെടുപ്പ് സുതാര്യമായല്ല നടക്കുന്നത്. സീൽഡ് ബാലറ്റ് ബോക്സിൽ സൂക്ഷിക്കേണ്ട വോട്ട് സഞ്ചികളിലാണ് കൊണ്ടു പോകുന്നത്. തിരഞ്ഞെടുപ്പ് കമ്മിഷൻ ഇക്കാര്യങ്ങളിൽ അടിയന്തിര നടപടിയെടുക്കണം.

ഒരു പാർലമെന്റ് മണ്ഡലത്തിൽ തന്നെ 165000 ഡബിൽ വോട്ടുകൾ കണ്ടെത്തി. ഇതു പരിഹരിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മിഷന്റെ പണിയാണ്. എന്നാൽ അതിന് തയാറാകാതെ കള്ള വോട്ട് ചെയ്യാനുള്ള അന്തരീക്ഷമുണ്ടാക്കുകയാണ്. യു.ഡി.എഫ് നൽകിയ പരാതികളിലൊന്നും യുക്തമായ നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷനും ചീഫ് ഇലക്ടറൽ ഓഫീസറും തയാറാകുന്നില്ല. എവിടെയാണ് വോട്ട് ചെയ്യേണ്ടതെന്ന് ബ്രാഞ്ച് സെക്രട്ടറി കാട്ടിക്കൊടുക്കുകയാണ്. സഞ്ചിയിൽ കൊണ്ടു പോകുന്ന ബാലറ്റ് പേപ്പർ വേണമെങ്കിൽ ഉദ്യോഗസ്ഥർക്ക് അസാധുവാക്കുകയോ എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്കാക്കുകയോ ചെയ്യാം. ശ്രദ്ധയിൽപ്പെടുത്തിയ കാര്യങ്ങളിൽ പോലും ചീഫ് ഇലക്ടറൽ ഓഫീസർ ഒന്നും ചെയ്യുന്നില്ല.

കരുവന്നൂർ കേസുമായി ബന്ധപ്പെട്ട് മുഴുവൻ സിപിഎം നേതാക്കളെയും ഇ.ഡിയെ ഉപയോഗിച്ച് സിപിഎം വിരട്ടി നിർത്തിയിരിക്കുകയാണ്. വോട്ട് മറിക്കാനുള്ള കച്ചവടം നടത്തിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിൽ ബിജെപിയും സിപിഎമ്മും ഒന്നല്ലെന്ന് കാണിക്കാനുള്ള നാടകം ഉണ്ടാകുമോയെന്ന് അറിയില്ല. അല്ലാതെ തിരഞ്ഞെടുപ്പിന്റെ അവസാനമല്ല അറസ്റ്റുണ്ടാകേണ്ടത്. അറസ്റ്റു ചെയ്യുമെന്ന് പ്രധാനമന്ത്രി ഇപ്പോൾ പറയുന്നത് ഇലക്ഷൻ ഗിമ്മിക്കാണ്. അന്വേഷണം തുടങ്ങിയിട്ട് എത്രയോ കാലമായി. കരുവന്നൂരിൽ പാവങ്ങളുടെ പണമാണ് സിപിഎം നേതാക്കൾ അടിച്ചെടുത്തത്. 2017 മുതൽ സിപിഎം സംസ്ഥാന ജില്ലാ കമ്മിറ്റികൾക്ക് ഇതേക്കുറിച്ച് വിവരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൊള്ളക്കാരെ സംരക്ഷിച്ചത്.

ബിജെപി കേന്ദ്രത്തിൽ ഭരിക്കുമ്പോഴാണ് ക്രൈസ്തവർക്കെതിരെ ആക്രമണങ്ങൾ നടക്കുന്നത്. ഹൈദരാബാദ് രൂപതയുടെ കീഴിലുള്ള സ്‌കൂൾ ആക്രമിച്ച് മദർ തെരേസ പ്രതിമ മറിച്ചിടുകയും വൈദികനെ മർദ്ദിക്കുകയും ചെയ്തത് സംഘപരിവാറുകാരാണ്. ഇക്കാര്യത്തിൽ തെലങ്കാന മുഖ്യമന്ത്രി ശക്തമായ നടപടി സ്വീകരിച്ചു. മണിപ്പൂരിൽ മൂന്നൂറോളം പള്ളികൾ കത്തിക്കുകയും നൂറു കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും ചെയ്തു. എന്നിട്ടും തൃശൂരിൽ കല്യാണത്തിന് വന്ന മോദി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ല. അവരെ ചേർത്ത് പിടിച്ച് ആശ്വസിപ്പിച്ചത് രാഹുൽ ഗാന്ധി മാത്രമാണ്. ക്രൈസ്തവർക്കെതിരെ രാജ്യവ്യാപകമായി ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. തെലുങ്കാന സർക്കാർ നടപടി സ്വീകരിച്ചില്ലെന്ന് എഡിറ്റോറിയൽ എഴുതിയ ദേശാഭിമാനി തന്നെ 12 പേരെ അറസ്റ്റ് ചെയ്തുതെന്ന് പതിനൊന്നാം പേജിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവിടേക്ക് റിപ്പോർട്ടറെ വിട്ടത് എഡിറ്റോറിയൽ എഴുതിയ ആൾ അറിഞ്ഞുകാണില്ല.

ബിജെപിയും കോൺഗ്രസും ഒരു പോലെ ഇലക്ടറൽ ബോണ്ട് വാങ്ങിയെന്നാണ് സിപിഎം പറയുന്നത്. പ്രതിപക്ഷത്ത് ഇരിക്കുന്ന കോൺഗ്രസ് ആരെയും ഭീഷണിപ്പെടുത്തി ബോണ്ട് വാങ്ങിയിട്ടില്ല. ഇ.ഡിയെയും സിബിഐയെയും ഉപോഗിച്ച് റെയ്ഡ് നടത്തി ഭീഷണിപ്പെടുത്തി കോടികൾ വാങ്ങുന്നു എന്നതാണ് ബിജെപിക്ക് എതിരായ പരാതി. ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളെല്ലാം സിപിഎമ്മിന് പണം നൽകിയിട്ടുണ്ട്. സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി 2017 ൽ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ റിപ്പോർട്ടിൽ ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനികളായ നവയുഗ എഞ്ചിനീയറിംഗിൽ നിന്നും 30 ലക്ഷവും ഹെറ്ററോ ഡ്രഗ്‌സിൽ നിന്നും 5 ലക്ഷം രൂപയും സംഭാവന സ്വീകരിച്ചതായി വ്യക്തമാക്കുന്നു.

2019 ലെ റിപ്പോർട്ടിൽ ഇലക്ടറൽ ബോണ്ടിൽ ഉൾപ്പെട്ട നാറ്റ്‌കോ ഫാർമ ലിമിറ്റഡിൽ നിന്ന് 20 ലക്ഷം രൂപ സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്. 2021 ൽ നൽകിയ റിപ്പോർട്ടിൽ നവയുഗ എഞ്ചിനീയറിങ് കമ്പനിയിൽ നിന്ന് 2 തവണയായി 50 ലക്ഷം രൂപ കൈപ്പറ്റി. 2022 ൽ മേഘ ഇൻഫ്രാസ്ട്രക്ചറിൽ നിന്നും 25 ലക്ഷം രൂപ, ഡോ. റെഡ്ഡിസ് ലബോറട്ടറിയിൽ നിന്നും അഞ്ച് ലക്ഷം, നാറ്റ്‌കോ ഫാർമിയിൽ നിന്ന 25 ലക്ഷം, ഒറബിന്തോ ഫാർമയിൽ നിന്നും 15 ലക്ഷവും വാങ്ങിയിട്ടുണ്ടെന്ന് രേഖകൾ പറയുന്നു. അക്കൗണ്ടിലൂടെ അല്ലാതെ നേരിട്ട് വാങ്ങിയ സിപിഎമ്മിന് ഇലക്ടറൽ ബോണ്ടിനെ വിമർശിക്കാൻ അർഹതയില്ല. ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനെയാണ് കോൺഗ്രസ് എതിർത്തത്. ബിജെപിയെ സഹായിക്കുന്നതിന് വേണ്ടിയാണ് കോൺഗ്രസും ബിജെപിയും ഒരു പോലെയാണെന്ന് സിപിഎം പറഞ്ഞത്. ഇലക്ടറൽ ബോണ്ട് നൽകിയ കമ്പനിയിൽ നിന്നു തന്നെ പണം വാങ്ങിയ സിപിഎമ്മിന് ഇലക്ടറൽ ബോണ്ടിനെ കുറിച്ച് പറയാൻ അർഹതയില്ല.-സതീശൻ വ്യക്തമാക്കി.