കൊച്ചി: കോതമംഗലത്തെ പ്രതിഷേധത്തിന്റെ പേരിൽ കോൺഗ്രസ് നേതാക്കൾക്കെതിരായ നടപടിയിൽ പൊലീസിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോതമംഗലത്ത് കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച ഇന്ദിരയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസ് ആണെന്ന് സതീശൻ കുറ്റപ്പെടുത്തി. പൊലീസാണ് ബന്ധുക്കളുടെ പക്കൽ നിന്നും മൃതശരീരം റോഡിലൂടെ വലിച്ചിഴച്ച് ആംബുലൻസിൽ കയറ്റിക്കൊണ്ടു പോയത്. കോതമംഗലം ടൗണിൽ നടന്നത് സ്വാഭാവിക പ്രതിഷേധം മാത്രമാണ്.

പ്രതിഷേധിച്ച എറണാകുളം ഡിസിസി പ്രസിഡന്റിനെ അറസ്റ്റ് ചെയ്ത രീതിയെന്താണ്. കൊലപാതകക്കേസിലെയും ക്രിമിനൽ കേസുകളിലെയും പ്രതികളെ അറസ്റ്റ് ചെയ്യുന്ന രീതിയിലല്ലേ, സമരസ്ഥലത്തു നിന്നും പിടിച്ചുകൊണ്ടു പോയത്. എന്തു കുറ്റമാണ് ചെയ്തത്. എന്തിനാണ്, സിനിമയിൽ കാണുന്നതുപോലെ ഡിസിസി പ്രസിഡന്റ് ഷിയാസിനെ ഒന്നര മണിക്കൂർ ജീപ്പിൽ കറക്കിയത്.

ടൂറു പോയതാണോ, അതോ അറസ്റ്റ് ചെയ്തതാണോ?. അറസ്റ്റ് ചെയ്ത് മെഡിക്കൽ ചെക്കപ്പ് ചെയ്ത് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കുക എന്ന നടപടിക്രമം ലംഘിച്ചത് പൊലീസാണ്. ഡിസിസി പ്രസിഡന്റിനെ ഒന്നര മണിക്കൂർ വാഹനത്തിൽ പല സ്ഥലങ്ങളിലൂടെ കറക്കിയത് എന്തിനാണെന്ന് പൊലീസ് വ്യക്തമാക്കണം.

എന്തിനാണ് മാത്യു കുഴൽനാടനെ അറസ്റ്റ് ചെയ്തത്. അവർ എന്തു ക്രൈം ആണ് ചെയ്തത്. മനപ്പൂർവം പൊലീസ് ഇതൊക്കെ ചെയ്യുന്നതാണ്. ഇതേ അവസരത്തിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി തിരുവനന്തപുരത്ത് സിദ്ധാർത്ഥന്റെ പേരിൽ സമരം നടത്തുകയാണ്. എറണാകുളം ലോ കോളജ് ഹോസ്റ്റലിൽ കെഎസ് യു നേതാവിനെ തട്ടിക്കൊണ്ടുപോയി കട്ടിലിന്റെ കാലിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച, ജാമ്യമില്ലാത്ത കേസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെ പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

എസ്എഫ്ഐ സെക്രട്ടറി ഇഷ്ടം പോലെ നടക്കുകയാണ്. ഒരു ക്രിമിനലിനെ അറസ്റ്റു ചെയ്യാത്ത പൊലീസാണ്, ഡിസിസി പ്രസിഡന്റിനെ സമരത്തിനിടയിൽ നിന്നും പിടിച്ചു കൊണ്ടു പോകുന്നത്. ഇത് കിരാത നടപടിയാണ്. കാമ്പസുകളിൽ ക്രിമിനലുകളെ അഴിഞ്ഞാടാൻ വിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയാണ് ക്രിമിനലുകൾക്ക് തളം വെച്ചുകൊടുക്കുന്നത്. അവർക്ക് കുടപിടിച്ചു കൊടുക്കുന്നത്. എന്ത് ക്രിമിനൽ ആക്റ്റിവിറ്റിയും ചെയ്യാൻ മടിയില്ലാത്ത ഒരാളെ എസ്എഫ്ഐയുടെ സംസ്ഥാന സെക്രട്ടറിയാക്കി വെച്ച് സംസ്ഥാനത്തെ കാമ്പസുകളിൽ ഇടിമുറികൾ ആരംഭിച്ച് കുട്ടികളെ ക്രൂരമായി പീഡിപ്പിക്കുന്ന സംഘടനയായി എസ്എഫ്ഐയെ മാറ്റി.

കേരളത്തിൽ ക്രിമിനലുകളെ അഴിഞ്ഞാടാൻ മുഖ്യമന്ത്രി വിട്ടിരിക്കുകയാണ്. എന്നിട്ട് പൊലീസിനെ ഉപയോഗിച്ച് പ്രതിപക്ഷ സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണ്. ഇന്നലെ രാത്രി 12 മണി കഴിഞ്ഞാണ് മഹാളാ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും കെ എസ് യുവിന്റെയും പ്രസിഡന്റുമാർ നിരാഹാരമിരിക്കുന്ന പന്തലിലേക്ക് ചെന്ന് അതിക്രമം കാണിച്ചത്. പൊലീസിനെ വിട്ട് സമരത്തെ ഒതുക്കികളയാമെന്നാണ് ഇവർ വിചാരിക്കുന്നത്.

മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു ഉപജാപക സംഘവും പൊലീസിനെ എന്തു ചെയ്യാനുള്ള അധികാരം നൽകി വിട്ടിരിക്കുകയാണ്. രാജാവിനേക്കാൾ വലിയ രാജഭക്തിയാണ്, ഇന്നലെ ഡിസിസി പ്രസിഡന്റിനോട് പൊലീസ് കാണിച്ചത്. രാജാവും പരിവാരങ്ങളുമെല്ലാം എല്ലാക്കാലത്തും ഉണ്ടാവില്ല എന്ന് പൊലീസ് ഉദ്യോഗസ്ഥന്മാർ ഓർത്തുവച്ചാൽ നല്ലതാണ്. കോൺഗ്രസ് സമരം തുടരുമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.